വർക്കല: വർക്കല ടൗൺ ഹാളിന് പുനർജ്ജനി. നവീകരണം അവസാനഘട്ടത്തിലായ ഹാൾ ഒരു മാസത്തിനകം തുറക്കാനാവുമെന്നാണ് പ്രതീക്ഷ. അമ്പതുവർഷത്തോളം പഴക്കമുള്ള ടൗൺ ഹാൾ ജീർണിച്ച് നിലംപൊത്തുമെന്ന അവസ്ഥയിലായപ്പോൾ, 2018ൽ നഗരസഭ പുനർനിർമാണം പ്രഖ്യാപിച്ചു.
എന്നാൽ റെയിൽവേയുടെ ഭൂപരിധിയിൽ വരുന്നതിനാൽ നിലവിലെ ഹാൾ പൊളിച്ചുമാറ്റിയ ശേഷം പകരം നിർമാണത്തിന് റെയിൽവേ തടസ്സവാദം ഉയർത്തി. ആദ്യഘട്ടത്തിലെ കരാറുകാർക്ക് പണം നൽകുന്നതിലെ കാലതാമസവും പണികൾ ഇഴയാൻ കാരണമായി. മഴക്കാലത്ത് ഹാളിനകത്തേക്ക് കുത്തിയൊലിച്ചുവരുന്ന മലിനജല പ്രശ്നത്തിന് പരിഹാരം ഇപ്പോഴുമില്ല.
അകത്തേക്ക് ഒഴുകുന്ന മലിനജല പ്രശ്നം ടൗൺ ഹാളിന്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുമെന്ന ആശങ്ക പതിവായി ഹാൾ ഉപയോഗിച്ചുവന്ന സാംസ്കാരിക സംഘടനകളുടെ ഭാരവാഹികൾ ഉയർത്തുന്നുണ്ട്. ഈ പ്രശ്നം കൂടി പരിഹരിക്കണമെന്നാണ് സാംസ്കാരിക സംഘടനകൾ ആവശ്യപ്പെടുന്നത്.
ടൗൺ ഹാളിന്റെ അകത്ത് സ്റ്റേജിലും ഹാളിലുമുള്ള ഇന്റീരിയർ വർക്കുകളാണ് ഇപ്പോൾ നടക്കുന്നത്. എ.സി നിലവാരത്തിലേക്ക് ഉയരുന്ന ടൗൺ ഹാൾ നവീകരണം ഒരു മാസത്തിനകം പൂർണമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് നഗരസഭ ചെയർമാൻ കെ.എം. ലാജി പറഞ്ഞു.
അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് ടൗൺ ഹാൾ നവീകരണം തട്ടിക്കൂട്ടി പൂർത്തിയാക്കി ഉദ്ഘാടനം ചെയ്യാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷത്തെ കോൺഗ്രസ് കൗൺസിലർ പി.എം. ബഷീർ പറഞ്ഞു.
കോടികൾ ചെലവിട്ട് പുനർനിർമാണം പൂർത്തിയായി വരുന്ന ടൗൺ ഹാളിന്റെ എല്ലാ പണികളും തീർത്തേ ഉദ്ഘാടനം നടത്താവൂ എന്ന് ബി.ജെ.പി കൗൺസിലർ അഡ്വ.ആർ. അനിൽകുമാർ പറഞ്ഞു. ടൗൺ ഹാൾ നവീകരണം പൂർത്തിയാക്കി തുറക്കുേമ്പാൾ, രജിസ്ട്രേഡ് സാംസ്കാരിക സംഘടകൾക്ക് പഴയ നിരക്ക് തന്നെ അനുവദിക്കണമെന്ന് മലയാള സാംസ്കാരിക വേദി ജനറൽ സെക്രട്ടറി ബിജു ഗോപാലൻ ആവശ്യപ്പെട്ടു.
ഹാളിനകത്ത് ആധുനിക രീതിയിലുള്ള സൗണ്ട് സിസ്റ്റം കൂടി സ്ഥാപിക്കണമെന്നും കാക്കനാടൻ സാഹിത്യപഠന ഗവേഷണ കേന്ദ്രം ജനറൽ സെക്രട്ടറി സീലി സാബു ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.