വർക്കല: പാപനാശം ബീച്ചിൽ ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത് ബന്ധപ്പെട്ട സർക്കാർ ഏജൻസികളുടെ അനുമതിയൊന്നുമില്ലാതെയായിരുന്നെന്ന സംശയം ബലപ്പെടുന്നു. ദുരന്ത നിവാരണ അതോറിറ്റിയുടെ അനുമതിയോ അംഗീകാരമോ ടൂറിസം വകുപ്പ് വാങ്ങിയിട്ടില്ലെന്ന വസ്തുത ഇതിനകം പുറത്തുവന്നിട്ടുണ്ട്. തീരദേശ പരിപാലന അതോറിറ്റിയുടെ അനുമതി വാങ്ങിയിട്ടില്ലെന്ന് മാത്രമല്ല, തീരപരിപാലന നിയമത്തിന്റെ ലംഘനം കൂടിയായി ഫ്ലോട്ടിങ് ബ്രിഡ്ജ്. നഗരസഭയുടെ അനുമതിയും ലൈസൻസും ഇതിനില്ല. ഈ കടമ്പ ഒഴിവാക്കാനായി ടൂറിസം വകുപ്പ് പുതിയ ചട്ടം കൊണ്ടുവരികയും ചെയ്തു. ടൂറിസം വകുപ്പ് മുൻകൈയെടുത്ത് നടപ്പാക്കുന്ന പദ്ധതിക്ക് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതിയോ ലൈസൻസോ വേണ്ട എന്നതായിരുന്നു പുതിയ നിർദേശം. ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിക്കൽ ജോലികൾ പുരോഗമിക്കുമ്പോൾ തന്നെ വർക്കല നഗരസഭ കൗൺസിൽ യോഗത്തിൽ കോൺഗ്രസ്, ബി.ജെ.പി കൗൺസിലർമാർ ഇക്കാര്യം ഉയർത്തിയിരുന്നു. ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ ചെയർമാൻ വകുപ്പ് നേരിട്ട് നടത്തുന്ന പദ്ധതിക്ക് നഗരസഭയുടെ അനുമതി വേണ്ട എന്ന മറുപടിയാണ് നൽകിയത്.
പാപനാശം ബീച്ച് കാഴ്ചയിൽ പൊതുവെ ശാന്തമെന്ന് തോന്നുമെങ്കിലും താരതമ്യേന ഉയർന്നതും ശക്തിയേറിയതുമായ തിരമാലകൾ അടിച്ചുകയറുന്ന ബീച്ചാണ്. കടൽ എപ്പോഴാണ് കോളെടുക്കുന്നതെന്ന് ആർക്കുമറിയില്ല. അത്തരം സാഹചര്യത്തിലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്. പ്രത്യേകിച്ച്, അടുത്ത കുറെ കാലങ്ങളായി തീരക്കടലിൽ കുളിക്കാനിറങ്ങുന്നവർ തന്നെ നിരന്തരം തിരമാലയിൽപെട്ട് അപകടപ്പെടുന്നതും പതിവായിരുന്നു. ഇത്തരം അപകടങ്ങളിൽ മരണങ്ങളും സംഭവിച്ചിട്ടുണ്ട്. തിരയിലകപ്പെട്ട് ഒഴുകിപ്പോയ വിനോദസഞ്ചാരികളെ സാഹസികമായി രക്ഷപ്പെടുത്തുന്ന വാർത്തകൾ അടുത്ത കാലത്തായി ദിനംപ്രതിയുള്ള സംഭവങ്ങളാണ്. ഫ്ലോട്ടിങ് ബ്രിഡ്ജ് പാപനാശം കടലിന്റെ സ്വഭാവമനുസരിച്ച് ഇവിടെ ഒട്ടും അനുയോജ്യമല്ലെന്നും ലൈഫ് ഗാർഡുകളും മുന്നറിയിപ്പ് നൽകിയിരുന്നു. ഇവയെല്ലാം അവഗണിച്ചാണ് ബ്രിഡ്ജ് സ്ഥാപിച്ചത്. തിരുവനന്തപുരം അടിമലത്തുറയിൽ സ്ഥാപിക്കേണ്ടിയിരുന്നതാണ് ഫ്ലോട്ടിങ് ബ്രിഡ്ജ്. അവിടെ മത്സ്യത്തൊഴിലാളികൾ കർശനമായി എതിർത്തതിനെ തുടർന്നാണ് ബ്രിഡ്ജ് വർക്കലയിലേക്ക് കൊണ്ടുവന്നത്. പാപനാശത്ത് സ്ഥാപിക്കുന്നതിൽ സംശയങ്ങളും ആശങ്കകളും ഉയർന്നെങ്കിലും അതെല്ലാം സർക്കാറും ടൂറിസം വകുപ്പും അവഗണിച്ചതിന്റെ ദുരന്തഫലമാണ് ശനിയാഴ്ചയുണ്ടായ അപകടം. ഭാഗ്യം കൊണ്ടുമാത്രമാണ് അപകടം പരിക്കുകളിൽ. ബ്രിഡ്ജ് തകരാൻ പാകത്തിൽ ഉയർന്നുവീശിയടിച്ചതുപോലെ തുടർ തിരമാലകൾ വന്നിരുന്നെങ്കിൽ വലിയ ദുരന്തമാകുമായിരുന്നു.
വർക്കല: ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അടൂർ പ്രകാശ് എം.പി. പാപനാശത്തെ ഫ്ലോട്ടിങ് ബ്രിഡ്ജ് സന്ദർശിച്ച ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്രിഡ്ജ് സ്ഥാപിക്കുന്നതിനുമുമ്പ് ശാസ്ത്രീയമായി പഠനം നടത്തിയിരുന്നോ? എത്ര പണം ചെലവഴിച്ചു? ആരാണ് നടത്തിപ്പുകാർ? ഇതൊക്കെ സർക്കാർ ജനങ്ങളോട് പറയണം. സ്വകാര്യ ഏജൻസിയെ സഹായിക്കാനാണോ ഇത്തരമൊരു ബ്രിഡ്ജ് നടപ്പാക്കിയതെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വർക്കല: പാപനാശം ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വർക്കല നിയോജകമണ്ഡലം കമ്മിറ്റി സമരത്തിലേക്ക്. തിങ്കളാഴ്ച മൈതാനം മുനിസിപ്പൽ പാർക്കിൽ ഏകദിന ഉപവാസം നടക്കും. സുരക്ഷ നടപടികളും ചട്ടങ്ങളും പാലിക്കാതെ ഫ്ലോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചതിൽ അഴിമതിയുണ്ടെന്ന സംശയമാണ് പൊതുജനത്തിനുള്ളതെന്നും അന്വേഷണം വേണമെന്നും യൂത്ത് കോൺഗ്രസ് വർക്കല നിയോജകമണ്ഡലം പ്രസിഡന്റ് അജാസ് പള്ളിക്കൽ ആവശ്യപ്പെട്ടു.
വർക്കല: വലിയ കുപ്രചാരണങ്ങളാണ് സംസ്ഥാനത്തിന്റെ വാട്ടർ സ്പോർട്സ് ബീച്ച് ടൂറിസം സാധ്യതകളെ തകർക്കാൻ നടക്കുന്നത്. തൃശൂർ ചാവക്കാട്ടും ഇത് കണ്ടതാണ്. കാലാവസ്ഥ പ്രതികൂലമായതിനെ തുടർന്ന് അഴിച്ചുമാറ്റിയ പാലം തകർന്നെന്ന് പ്രചരിപ്പിച്ചു. സുരക്ഷാ പ്രശ്നങ്ങളുണ്ടെന്ന് പ്രചരിപ്പിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നുപോലും കേരളത്തിലെക്ക് വിനോദ സഞ്ചാരികൾ എത്തുന്നതിനെതിരെ പ്രവർത്തിക്കുന്ന ലോബിയാണ് ഇതിന്റെ പിന്നിലുള്ളത്. അതിന് മാധ്യമങ്ങൾ കൂട്ടുനിൽക്കുന്നു.
വർക്കല: സാധ്യതാ പഠനമോ, സുരക്ഷാ മുൻകരുതലോ ഇല്ലാതെ സ്ഥാപിച്ചതിനാലാണ് ഫ്ലോട്ടിങ് ബ്രിഡ്ജ് അപകടത്തിൽപെട്ടതെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് വർക്ക നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി.
വർക്കല: ഉയർന്ന തിരമാലകളുണ്ടാകുന്ന സാഹചര്യത്തിൽ ഫ്ലോട്ടിങ് ബ്രിഡ്ജിലേക്ക് സന്ദർശകരെ അനുവദിക്കുന്നതിൽ കൂടുതൽ ജാഗ്രത ആവശ്യമായിരുന്നെന്ന് നഗരസഭ ചെയർമാൻ കെ.എം. ലാജി പറഞ്ഞു. സ്ഥാപിക്കുമ്പോൾ തന്നെ നടത്തിപ്പിന്റെയും സുരക്ഷയുടെയും ചുമതല നഗരസഭ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, അഡ്വഞ്ചർ ടൂറിസം പദ്ധതികൾക്ക് നഗരസഭയുടെ അനുമതിയോ ലൈസൻസോ ആവശ്യമായിരുന്നില്ല. ഉയർന്ന തിരമാലയിൽപെട്ടാണ് ബ്രിഡ്ജ് ചരിഞ്ഞ് അപകടമുണ്ടായത്. ബ്രിഡ്ജിന്റെ കൈവരി തകർന്നത് എങ്ങനെയെന്ന് അന്വേഷിക്കാൻ ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഭാവി കാര്യങ്ങൾ അതിനു ശേഷമേ ആലോചിക്കുകയുള്ളൂ. നിലവിൽ ബ്രിഡ്ജിന്റെ പ്രവർത്തനം നിർത്തിവെച്ചിരിക്കുകയാണെന്നും ചെയർമാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.