വർക്കല: മൂന്നുവർഷത്തിനകം കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തലസ്ഥാന ജില്ലയിലേക്ക് കടന്ന ജാഥക്ക് ആദ്യ സ്വീകരണ സ്ഥലമായ വർക്കലയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്രം അദാനിയെയും അംബാനിയെയും ദത്തെടുത്തപ്പോൾ സംസ്ഥാനത്തെ ഇടതുസർക്കാർ പാവങ്ങളെയാണ് ദത്തെടുത്തത്. ഒടുവിലത്തെ കണക്കെടുപ്പിൽ കിടപ്പാടമില്ലാത്ത 64,006 കുടുംബങ്ങളുണ്ട്. അതിദരിദ്രരായ ഇവർക്ക് വരുന്ന മൂന്ന് വർഷത്തിനകം ഭൂമിയും വീടും നൽകി മെച്ചപ്പെട്ട ജീവിത സാഹചര്യം ഒരുക്കും. അതോടെ അതിദരിദ്രരില്ലാത്ത ഇന്ത്യയിലെ ഏക സംസ്ഥാനമായി കേരളം മാറും.
ഇവിടെ എല്ലാവർക്കും ഭൂമിയും വീടും വിദ്യാഭ്യാസ, ആരോഗ്യസംവിധാനങ്ങളുമുണ്ട്. ഇനി വേണ്ടത് സമാധാനമാണ്. അതിന് വർഗീയ ശക്തികളെ ഒറ്റപ്പെടുത്തണം. അതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ജനകീയ പ്രതിരോധ ജാഥ സംഘടിപ്പിച്ചത്. എന്നാൽ ഈ ജാഥ സി.പി.എമ്മിനകത്തെ പ്രശ്നങ്ങൾ തീർക്കാനാണെന്നാണ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. പാർട്ടിയിൽ യാതൊരു പ്രശ്നങ്ങളുമില്ല. അവിടെയുമിവിടെയുമുള്ള ചില്ലറ പ്രശ്നങ്ങൾ പെരുപ്പിച്ചുകാണിച്ചാണ് മാധ്യമങ്ങളുടെ പ്രചാരണം.
സി.പി.എമ്മിനെ ആശ്രയിക്കാത്ത ആരും കേരളത്തിലില്ല. കുത്തകകളല്ലാത്ത എല്ലാ മനുഷ്യരുമായും പാർട്ടി സഹകരിക്കും. എല്ലാ വിഭാഗത്തിന്റെയും പിന്തുണയൊടെ സി.പി.എം കേരളത്തിലെ ഏറ്റവും വലിയ ഒറ്റപ്പാർട്ടിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ജില്ല സെക്രട്ടറി അഡ്വ. വി. ജോയി എം.എൽ.എ അധ്യക്ഷത വഹിച്ചു. കെ.ടി. ജലീൽ എം.എൽ.എ, എം. സ്വരാജ് എന്നിവർ സംസാരിച്ചു. മന്ത്രി വി.ശിവൻകുട്ടി, ജെയ്ക് സി. തോമസ്, എ.എ. റഹീം എം.പി, ആനത്തലവട്ടം ആനന്ദൻ, എം. വിജയകുമാർ, എം.കെ.യൂസുഫ്, അഡ്വ. ഷാജഹാൻ, മടവൂർ അനിൽ, അഡ്വ. ബി.എസ്. ജോസ്, നഗരസഭ ചെയർമാൻ കെ.എം. ലാജി, ബി.പി. മുരളി എന്നിവരും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.