തിരുവനന്തപുരം: ഓലകൊണ്ട് പീപ്പിയും കണ്ണാടിയും മോതിരവും ഒക്കെ ഉണ്ടാക്കിയിരുന്ന കുട്ടിക്കാല സന്തോഷങ്ങളൊന്നും മൊബൈലിന്റെയും യുട്യൂബിന്റെയും ലോകത്തിലെ കുട്ടികൾക്ക് ലഭിക്കില്ലെന്നത് വെറും തോന്നൽ മാത്രം. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമായിരുന്നു തിങ്കളാഴ്ച സംസ്ഥാന ശിശുക്ഷേമ സമിതിയിൽ വർണോത്സവത്തിന്റെ ഭാഗമായി നടന്ന ഓല കളിപ്പാട്ട നിർമാണ മത്സരം.
എൽ.പി, യു.പി, ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗങ്ങളിലായി നടന്ന മത്സരത്തിൽ 25ലധികം കുട്ടികൾ പങ്കെടുത്തു. രാവിലെ 9.30ന് തുടങ്ങിയ മത്സരത്തിൽ ഓലയും കുരുത്തോലയും കത്രികയുമായി ഇരുന്ന കുരുന്നുകൾ രണ്ട് മണിക്കൂറിൽ ഒരുക്കിയത് ഓർമകളുടെ ഓളം തീർക്കുന്ന കളിപ്പാട്ടങ്ങളിലേക്കും കൗതുക വസ്തുക്കളിലേക്കുമായിരുന്നു. ഓലയും കണ്ണാടിയും പീപ്പിയും പാമ്പും മാത്രമല്ല, സ്റ്റാറും കൊതുമ്പുവള്ളവും ഓലപ്പന്തും ഓല തടുക്കയും കാറ്റാടിയും പക്ഷിയും ഒച്ചും റോസാപ്പൂവും വരെ കുഞ്ഞു കരവിരുതിൽ വിരിഞ്ഞു. ഒരു മണിക്കൂർ നീണ്ട മത്സരത്തിൽ ആറ് കളിപ്പാട്ടങ്ങളുണ്ടാക്കിയ മിടുക്കരുമുണ്ടായിരുന്നു. ഓല കളിപ്പാട്ട നിർമാണ മത്സരത്തിൽ എൽ.പി വിഭാഗത്തിൽ ഹോളി ഏഞ്ചൽസിലെ ഹെൻട്രി മാർട്ടിനും യു.പി വിഭാഗത്തിൽ നിർമല ഭവൻ സ്കൂളിലെ എസ്.എസ് അനന്യയും ഹൈസ്കൂൾ വിഭാഗത്തിൽ പട്ടം സെന്റ് മേരീസിലെ സി.എസ് തീർത്ഥയും ഹയർ സെക്കൻഡറി വിഭാഗത്തിൽ പട്ടം സെന്റ് മേരീസിലെ ദീപക് കുമാറും ഒന്നാം സ്ഥാനം നേടി.
ശിശുദിനാഘോഷത്തിന്റെ ഭാഗമായി 9-ാം തീയതി വരെ നീളുന്ന വർണോത്സവത്തിന്റെ ഭാഗമായാണ് ശിശുക്ഷേമ സമിതി കുട്ടികളുടെ കലാ സാംസ്കാരിക മേള ഒരുക്കിയത്. തിങ്കളാഴ്ച സംഘനൃത്ത മത്സരവും മോഹിനിയാട്ട മത്സരവും ഇതോടൊപ്പം നടന്നു. ചൊവ്വാഴ്ച ചലച്ചിത്ര ഗാനാലാപനം, നാടൻപാട്ട് ആലാപനം, സംഘഗാന മത്സരങ്ങൾ അരങ്ങേറും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.