വെള്ളറട: മലയോര പ്രദേശത്തിന്റെ സ്വപ്നസാഫല്യമായി അമ്പൂരി കുമ്പിച്ചല്‍കടവില്‍ പാലമൊരുങ്ങുന്നു. അമ്പൂരി പഞ്ചായത്തിലെ കുമ്പിച്ചല്‍ കടവില്‍ നെയ്യാറിന്റെ കരിപ്പയാറിന് കുറുകെ കിഫ്ബിയുടെ ധനസഹായത്തോടെ 19 കോടിരൂപ അടങ്കലില്‍ നിര്‍മിക്കുന്ന പാലത്തിന്റെ നിർമാണ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. കരിപ്പയാറിന്റെ മറുകരയില്‍ നെയ്യാര്‍ഡാം റിസര്‍വോയറിന്റെ തുരുത്തിലകപ്പെട്ടുപോയ 12 ആദിവാസി ഊരുകളില്‍ താമസിക്കുന്ന ആയിരത്തിലധികം കുടുംബങ്ങളുടെയും അമ്പൂരി നിവാസികളുടെയും ഏറെക്കാലത്തെ ആവശ്യമാണ് കുമ്പിച്ചല്‍ കടവത്തെ പാലം.
36.25 മീറ്റര്‍ വീതം അകലത്തിലുള്ള ഏഴ് സ്പാനുകളിലായി 253.4 മീറ്റര്‍ നീളത്തിലാണ് പാലം നിർമിക്കുന്നത്. ഇതില്‍ രണ്ട് സ്പാനുകള്‍ കരയിലും അഞ്ച് സ്പാനുകള്‍ ജലാശയത്തിലുമാണ് നിര്‍മിക്കുന്നത്. ഡയറക്ട് മഡ് സര്‍ക്കുലേഷന്‍ (ഡി.എം.സി) എന്ന സാങ്കേതികത്വത്തിലൂടെ പൈലിങ് പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി വരുന്നു. ജലാശയത്തില്‍ 15 മീറ്ററിലധികം ഉയരത്തില്‍ വെള്ളമുള്ളതിനാല്‍ ബാര്‍ജിന്റെ സഹായത്തോടുകൂടിയാണ് ജലാശയത്തിലെ പൈലിങ് നടത്തുന്നത്. അപ്രോച് റോഡിന് പുറമേ ഇരുവശങ്ങളിലും കടവിലേക്ക് ഇറങ്ങാനായി നാല് മീറ്റര്‍ വീതിയില്‍ സര്‍വിസ് റോഡും നിർമിക്കും.
11 മീറ്റര്‍ വീതിയുള്ള പാലത്തില്‍ എട്ട് മീറ്റര്‍ വീതിയില്‍ റോഡും ഇരുവശത്തും ഫുട്പാത്തും ഉള്‍പ്പെടുത്തിയിട്ടുണ്ട്. 2023ല്‍ പാലം നിര്‍മാണം പൂര്‍ത്തിയാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിസ്ഥിതി മന്ത്രാലയത്തിന്റെയും കേന്ദ്ര വനം വകുപ്പിന്റെയും അനുവാദമുള്‍പ്പെടെയുള്ള നിരവധി കടമ്പകള്‍ കടന്ന് നിർമാണ ഘട്ടത്തിലെത്താന്‍ നാലുവര്‍ഷത്തോളം വേണ്ടിവന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.