വെള്ളറട: വടകര ജോസ് കൊലക്കേസ് പ്രതി രഞ്ജിത്ത് ആര് രാജനെ ടിപ്പറിടിച്ച് കൊലപ്പെടുത്തിയ പ്രതി കോടതിയില്‍ കീഴടങ്ങി. ടിപ്പര്‍ ഡ്രൈവറായ കീഴാറൂര്‍ കൊല്ലങ്കാല ശ്യാം നിവാസില്‍ ശരത്താണ് (28) തിങ്കളാഴ്ച വൈകീട്ട് മൂന്നോടെ നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റിന് മുന്നില്‍ കീഴടങ്ങിയത്.
കൊല്ലപ്പെട്ട രഞ്ജിത്തുമായി ഈസ്റ്റര്‍ ദിനത്തില്‍ പ്രശ്നമുണ്ടായതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. അപകടസമയത്ത് ടിപ്പറിലുണ്ടായിരുന്ന രണ്ടുപേര്‍ ഇപ്പോഴും ഒളിവിലാണ്. ഇവരെക്കുറിച്ച് അന്വേഷണം നടത്തിവരുന്നതായി മാരായമുട്ടം പൊലീസ് പറഞ്ഞു.
ഈസ്റ്റര്‍ ദിനത്തില്‍ രഞ്ജിത്തിന്റെ സഹോദരി രമണിയുടെ പേരെക്കോടത്തെ വീട്ടില്‍പോയി തിരികെ വരുമ്പോള്‍ പുന്നക്കോണം വളവില്‍ ബൈക്കില്‍ ടിപ്പറിച്ചു കയറ്റുകയായിരുന്നു. ടിപ്പറിന്റെ ഉടമയായ ശരത്തിന്റെ ജ്യേഷ്ഠന് ശ്യാംലാലിനെ പൊലീസ് സംഭവം നടന്ന് മണിക്കൂറുകള്‍ക്കകം അറസ്റ്റുചെയ്തിരുന്നു. കോടതിയില്‍ കീഴടങ്ങിയ ശരത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. അപകടസ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി.
2015ല്‍ മാരായമുട്ടത്ത് ബിവറേജിന് മുന്നിൽ ആറുപേര്‍ ചേര്‍ന്ന് ജോസിനെ വെട്ടി കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതിയാണ് പെരുങ്കടവിള തോട്ടവാരം കുഴിവിള മേലെ പുത്തന്‍വീട്ടിൽ രഞ്ജിത്. വടകര ജോസ് കൊലക്കേസില്‍ പ്രതികളായ രണ്ട് പ്രതികള്‍ മാസങ്ങള്‍ക്കുമുമ്പ് കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.