വെള്ളറട: പെരുങ്കടവിള പഞ്ചായത്തിലെ അരുവിക്കര തത്തിയൂര് ഗവ. യു.പി സ്കൂളില്‍ കുട്ടികളെ കഞ്ഞിപ്പുരയിലിരുത്തിയെന്ന് പരാതി. തൊഴിലുറപ്പിന്റെ വാര്‍ഡുതല സോഷ്യല്‍ ഓഡിറ്റിങ് യോഗത്തിനായി ഫാനുള്ള മുറി ഉപയോഗിക്കാനാണ് മൂന്നും നാലും ക്ലാസുകളിലെ കുട്ടികളെ കഞ്ഞിപ്പുരയിലേക്ക് മാറ്റിയത്.
ഉഷ്ണതരംഗമുണ്ടാകുമെന്നും അതിനാൽ കൂടുതൽ ജാഗ്രത പാലിക്കണമെന്നും സർക്കാറും ജില്ല ഭരണകൂടങ്ങളും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും നിർദേശം പുറപ്പെടുവിച്ച സമയത്താണ് യോഗത്തിനായി കുട്ടികളെ താരതമ്യേന ചൂടുകൂടിയതും ഫാനില്ലാത്തതുമായ കഞ്ഞിപ്പുരയിലേക്ക് മാറ്റിയത്. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, മറ്റു രോഗങ്ങൾമൂലം അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾക്ക് കൂടുതൽ കരുതൽ നൽകണമെന്ന നിർദേശം ഇതോടെ കാറ്റിൽ പറന്നു. ക്ലാസ് സമയത്ത് മറ്റൊരു പരിപാടിയോ യോഗമോ സ്കൂളില്‍ നടത്താന്‍ പാടില്ലെന്ന നിർദേശം കാറ്റില്‍ പറത്തിയാണ് തൊഴിലുറപ്പ് യോഗം നടത്തിയത്.
ചൂടുമൂലം കുട്ടികള്‍ കരയാന്‍ തുടങ്ങിയതോടെ നാട്ടുകാരുടെ ശ്രദ്ധയില്‍പെടുകയും അവര്‍ വിദ്യാഭ്യാസമന്ത്രിയുടെ ഓഫിസില്‍ പരാതിപ്പെടുകയും ചെയ്തു. രംഗം വഷളാകുന്നെന്ന് കണ്ടതോടെ അധ്യാപകര്‍ കുട്ടികളെ മറ്റൊരു ക്ലാസ്മുറിയിലേക്ക് മാറ്റി. തൊട്ടുപിന്നാലെ, മന്ത്രിയുടെ ഓഫിസ് ഇടപെട്ടതിനെതുടര്‍ന്ന് എ.ഇ.ഒ സ്കൂളിലെത്തി. ഇതോടെയാണ് സോഷ്യല്‍ ഓഡിറ്റിങ് യോഗം അവസാനിപ്പിച്ചത്. സ്കൂള്‍ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണെന്നും അവര്‍ പറയുന്നത് അനുസരിക്കുകയായിരുന്നെന്നും അധ്യാപകര്‍ വിശദീകരിച്ചു.
പ്രധാനാധ്യാപിക കോഴ്സിന് പോയിരുന്നതിനാല്‍ പകരം മറ്റൊരു ടീച്ചര്‍ക്കായിരുന്നു ചാര്‍ജ്. പിന്നീട് സ്കൂളിലെത്തിയ പ്രധാനാധ്യാപികയോട് ഇത്തരത്തില്‍ സ്കൂള്‍ മറ്റു യോഗങ്ങള്‍ക്ക് നല്‍കരുതെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. സ്കൂളിലെത്തിയപ്പോള്‍ അസ്വാഭാവികമായി ഒന്നും കണ്ടില്ലെന്നും സ്കൂള്‍ പ്രവര്‍ത്തനം സാധാരണനിലയിലായിരുന്നെന്നും കുട്ടികള്‍ ക്ലാസ് മുറികളിലായിരുന്നെന്നും എ.ഇ.ഒ പിന്നീട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.