കലിതുള്ളി കടൽ....: ശക്തമായ കടൽക്ഷോഭത്തെ തുടർന്ന് വിഴിഞ്ഞം പോർട്ട് ഓഫിസി​​െൻറ മുകളിലൂടെ കൂറ്റൻ തിരമാലകൾ അടിച്ചുകയറിയപ്പോൾ. ശക്തമായ കാറ്റിൽ വിഴിഞ്ഞത്ത് മത്സ്യബന്ധനത്തിന് പോയ നിരവധി വള്ളങ്ങൾ തകർന്നു.           ചിത്രം -ബിമൽ തമ്പി

വിഴിഞ്ഞം: ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് സംവിധാനം പാളി​യെന്ന്​

വിഴിഞ്ഞം: വീണ്ടും ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ് സംവിധാനം പാളിയെന്ന്​ ആക്ഷേപം. വിഴിഞ്ഞത്ത് ശക്തമായ കാറ്റിലും പ്രക്ഷുബ്​ധമായ കടലിലുംപെട്ട് മത്സ്യബന്ധന വള്ളങ്ങൾ അപകടത്തിൽപെട്ടപ്പോഴും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വെബ്‌സൈറ്റിലും ഫേസ്‌ബുക്ക് പേജുകളിൽ ഉൾ​െപ്പടെ സാമൂഹിക മാധ്യമങ്ങളിലും കേരള തീരത്ത് മത്സ്യബന്ധനത്തിന് 'വിലക്ക് ഇല്ല'എന്ന സന്ദേശമാണ് നൽകിക്കൊണ്ടിരുന്നത്.

മുന്നറിയിപ്പില്ലാത്തതിനാൽ അന്നം തേടി കടലിലേക്ക് പോയവർ അവരുടെ അനുഭവപാടവം കൊണ്ട് കാറ്റി​െൻറ ശക്തി തിരിച്ചറിഞ്ഞ് തിരികെ കരയിലേക്ക് വരികയായിരുന്നു. ഓഖിക്കുശേഷം വരെ ജാഗ്രതയോടെയാണ് തീരം സംസ്ഥാന സർക്കാറി​െൻറ മുന്നറിയിപ്പുകൾ കണ്ടിരുന്നത്. എന്നാൽ, കഴിഞ്ഞ ദിവസത്തെ സംഭവം ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകളുടെ കാര്യക്ഷമത ചോദ്യം ചെയ്യുന്നവയായി മാറി. ഒാഖി സമയത്ത്​ കൃത്യമായ മുന്നറിയിപ്പ്​ നൽകാത്തതിനെ തുടർന്നാണ്​ ഇത്രയും ജീവനുകൾ പൊലിഞ്ഞതെന്ന ആക്ഷേപം ഉയർന്നിരുന്നു. ഇതിനെ തുടർന്ന്​ പിൽക്കാലങ്ങളിൽ ആവശ്യത്തിനും അനാവശ്യത്തിനും മുന്നറിയിപ്പുകൾ നൽകിവന്നതായും നിരവധി തൊഴിൽ ദിനങ്ങൾ അകാരണമായി നഷ്​ടപ്പെടുത്തിയതായും മത്സ്യത്തൊഴ​ിലാളികൾ ചൂണ്ടിക്കാട്ടിയിരുന്നു.

ചൊവ്വാഴ്ച വൈകീട്ട് നാലരയോടെയാണ് വിഴിഞ്ഞം ഹാർബറിൽനിന്ന് 18 വള്ളങ്ങളിലായി 20 തൊഴിലാളികൾ മത്സ്യബന്ധനത്തിന് തിരിച്ചത്. ഉൾക്കടലിലേക്ക് പോകുംതോറും കാറ്റി​െൻറ ശക്തി കൂടി വരുന്നത് ശ്രദ്ധയിൽപെട്ട മത്സ്യത്തൊഴിലാളികൾ മത്സ്യബന്ധനം അവസാനിപ്പിച്ച് തിരികെ തീരത്തോടടുക്കാൻ തീരുമാനിച്ചു. 7.30 വരെ വിഴിഞ്ഞം ഹാർബറിലേക്ക് കയറിയ വള്ളങ്ങൾ സുരക്ഷിതമായി നങ്കൂരമിട്ടു.ഹാർബറി​െൻറ വായ ഭാഗം എന്ന് അറിയപ്പെടുന്ന സ്ഥലത്ത് കൂറ്റൻ തിരമാലകൾ ഉയരാൻ തുടങ്ങിയതും ശക്തമായ കാറ്റിൽ വള്ളങ്ങളുടെ നിയന്ത്രണം നഷ്​ടമായതുമാണ് അപകട കാരണമായത്.

നിയന്ത്രണം നഷ്​ടപ്പെട്ട വള്ളങ്ങൾ പുലിമുട്ടുകളിൽ ഇടിച്ചുതകരുകയും തുടർന്ന് തിരയടിച്ചു മറിയുകയുമായിരുന്നു. പിന്നാലെ വന്ന മറ്റു വള്ളങ്ങൾ ഉടൻ തന്നെ ഹർബറിലേക്ക് വരാതെ പുറത്ത് നങ്കൂരമിട്ടത്തിനാൽ വൻ അപകടമാണ് ഒഴിവായത്. വിഴിഞ്ഞം തുറമുഖത്തി​െൻറ നിർമാണം ആരംഭിച്ചതു മുതൽ ഹർബറിനുള്ളിലും ശക്തമായ തിരയടി ഉണ്ടാകുന്നുണ്ട്.

ഹർബറിലേക്ക് കയറുന്ന ഭാഗത്ത് തുറമുഖ നിർമാണത്തിന് ഉപയോഗിക്കുന്ന ടഗ്ഗ് നങ്കൂരമിട്ടിരുന്നതും മാർഗതടസ്സമായി പറയുന്നു. വിവരം അറിഞ്ഞെത്തിയ സിറ്റി പൊലീസ് ഡെപ്യൂട്ടി കമീഷണർ ഡോ.വൈഭവ് സക്സേനയുടെ നേതൃത്വത്തിലാണ് ആദ്യം രക്ഷാപ്രവർത്തനങ്ങൾ നടന്നത്.

ബുധനാഴ്ച രാവിലെയോടെ മന്ത്രിമാരായ സജിചെറിയാൻ, ആൻറണി രാജു എന്നിവർ വിഴിഞ്ഞം ഫിഷ്‌ലാൻഡിലെത്തി കാണാതായ മത്സ്യത്തൊഴിലാളികളുടെ ബന്ധുക്കളുമായി സംസാരിച്ചു. തുടർന്ന്, വിഴിഞ്ഞം ഇടവക വികാരി മൈക്കിൾ തോമസ്, സെക്രട്ടറി സഹായം ലൂയീസ് എന്നിവരെക്കണ്ട് രക്ഷാപ്രവർത്തനം ഊർജിതമാക്കുമെന്ന് അറിയിച്ചു. തീരസംരക്ഷണ സേന വിഴിഞ്ഞം സ്‌റ്റേഷൻ കമാൻഡർ വി.കെ. വർഗീസ്, എക്‌സിക്യൂട്ടിവ് ഓഫിസർ വിനോദ് കുമാർ എന്നിവരുമായി സംസാരിച്ച് വീണ്ടും തിരച്ചിൽ തുടരാൻ മന്ത്രിമാർ നിർദേശം നൽകി. ജില്ല കലക്ടറുടെ നേതൃത്വത്തിൽ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബീനാസുകുമാർ, കോസ്​റ്റൽ പൊലീസ് ഇൻസ്‌പെക്ടർ ഏലിയാസ് പി. ജോർജ് എന്നിവർ ക്യാമ്പ് ചെയ്യുന്നുണ്ട്. കൂടുതൽ തൊഴിലാളികൾ കടലിൽ കുടുങ്ങിയിട്ടില്ലെന്ന് സ്ഥലത്തെത്തിയ മന്ത്രിമാരായ കെ. രാജൻ, ജി.ആർ. അനിൽകുമാർ എന്നിവർ പറഞ്ഞു.

വിഴിഞ്ഞത്തെ രക്ഷാപ്രവർത്തനത്തിന്​ മുഖ്യമന്ത്രിയുടെ അഭിനന്ദനം

തിരുവനന്തപു​രം: വിഴിഞ്ഞം തീരത്ത്​ രക്ഷാപ്രവർത്തനം നടത്തിയവരെ മുഖ്യമന്ത്രി പിണറായി വിജയൻ അനുമോദിച്ചു. എട്ട് ജീവനുകള്‍ രക്ഷിക്കാനും കോസ്​റ്റല്‍ ഗാര്‍ഡിനും കോസ്​റ്റൽ പൊലീസിനും തിരുവനന്തപുരം സിറ്റി പൊലീസിനും സാധിച്ചു.

ഈ ഏജന്‍സികള്‍ക്കാവശ്യമായ പിന്തുണ നല്‍കാന്‍ ഫാദര്‍ മൈക്കിള്‍ തോമസി‍െൻറ നേതൃത്വത്തിലുളള നാട്ടുകാരും മുന്നിലുണ്ടായിരുന്നു. അവരെയെല്ലാം അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി വാർത്തസമ്മേളനത്തിൽ പറഞ്ഞു.

Tags:    
News Summary - Vizhinjam: alleges that The warning system of the Disaster Management Authority is mistaken

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.