തിരുവനന്തപുരം: ചീഞ്ഞളിഞ്ഞ ടൺകണക്കിന് മാലിന്യം ആമയിഴഞ്ചാൻ തോട്ടിൽനിന്ന് റോഡിലേക്ക് കോരിയിട്ടിട്ട് ദിവസങ്ങൾ കഴിഞ്ഞു. ഈച്ചകളാർക്കുന്നു, തെരുവ് നായ്ക്കൾ കടിച്ചുവലിക്കുന്നു. മനുഷ്യർക്ക് മൂക്ക് പൊത്താതെ ഈ വഴി നടന്നുപോകാൻ കഴിയില്ല. തകരപ്പറമ്പ് നാലുമുക്കിൽനിന്ന് പഴവങ്ങാടിയിലേക്ക് പോകുന്ന റോഡിലെ വ്യാപാരികൾക്ക് കടകളിൽ അൽപനേരം പോലും ഇരിക്കാൻ കഴിയുന്നില്ല.
അത്രയധികം ദുർഗന്ധവും പ്രാണികളുമാണ് ഇവിടെ. കൂട്ടത്തിൽ, വാഹനങ്ങൾ കടന്നു പോകുമ്പോൾ മലിനജലം തെറിക്കുന്നു. വാഹനങ്ങൾക്ക് കടന്നുപോകാനും ബുദ്ധിമുട്ടുണ്ട്. ജൂൺ 29 നാണ് തോട്ടിൽനിന്ന് എസ്കവേറ്റർ ഉപയോഗിച്ച് മാലിന്യം കോരാൻ തുടങ്ങിയത്. തലേന്ന് ശ്രീചിത്ര പുവർ ഹോമിന് പിറകിലുള്ള ഭാഗത്ത് മാലിന്യം കോരി. ഇത് എവിടേക്ക് മാറ്റണമെന്ന് മേജർ ഇറിഗേഷൻ വകുപ്പിന് അറിവില്ല.
നേരത്തെ, മാലിന്യം കൂടിക്കിടന്ന് വെള്ളത്തിന്റെ ഒഴുക്ക് തടസപ്പെട്ടതോടെ കൊതുകുവളർത്തൽ കേന്ദ്രമായി മാറിയ ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പരിസരവാസികൾ പ്രതിഷേധിച്ചിരുന്നു. കലക്ടർ നേരിട്ടെത്തി തോടിന്റെ ദുരവസ്ഥ കണ്ടു. മേജർ ഇറിഗേഷൻ വകുപ്പിനോട് മാലിന്യം ഉടൻ നീക്കം ചെയ്യണമെന്ന് നിർദ്ദേശിച്ചു. ഇനി, ഈ മാലിന്യം ഇവിടെ നിന്ന് നീക്കാൻ വീണ്ടും പ്രതിഷേധിക്കേണ്ടി വരുമോ എന്ന ആശങ്കയിലാണ് ജനം.
വലിച്ചെറിയാൻ തോന്നുന്നവരെ അതിൽനിന്ന് തടയാനാണ് സർക്കാർ ‘വലിച്ചെറിയൽ മുക്ത കേരളം’പദ്ധതി അവതരിപ്പിച്ചത്. വലിച്ചെറിയുന്നവരുടെ ചിത്രമോ വീഡിയോയോ എടുത്തയച്ചാൽ 2500 രൂപയാണ് സമ്മാനം. എന്നാൽ, തലസ്ഥാനത്തടക്കം സംസ്ഥാനത്ത് മാലിന്യം വലിച്ചെറിയാതിരിക്കാൻ തക്കവിധം എന്തെങ്കിലും മികച്ച സംവിധാനമുണ്ടോയെന്നു നോക്കിയാൽ സർക്കാർ സംവിധാനങ്ങൾക്ക് തലകുനിക്കേണ്ടി വരും.
ഉറവിട മാലിന്യ സംസ്കരണ സംവിധാനമില്ല എന്നതാണ് തിരുവനന്തപുരം നഗരം നേരിടുന്ന പ്രധാന വെല്ലുവിളി. പല പദ്ധതികളും കടലാസിൽ ഉറങ്ങുന്നു. റെസിഡൻഷ്യൽ അസോസിയേഷനുകളുടെ സഹകരണത്തോടെ മാലിന്യം ഉറവിടത്തിൽ തന്നെ സംസ്കരിക്കുകയോ തരം തിരിക്കുകയോ ചെയ്യുന്ന പദ്ധതികൾ വിഭാവനം ചെയ്തെങ്കിലും അവ ഫലവത്തായില്ല. വി.കെ. പ്രശാന്ത് കോർപറേഷൻ ചെയർമാനായിരുന്ന കാലത്ത് പലയിടങ്ങളിൽ നഗരമാലിന്യ കലക്ഷൻ പോയിന്റുകൾ സ്ഥാപിച്ചിരുന്നു. അവയിൽ പലതും ഇപ്പോഴില്ല.
നഗരത്തിലെ മാലിന്യപ്രശ്നം ചർച്ച ചെയ്യാൻ മേയറും ഭരണ സമിതിയംഗങ്ങളും ഒരുമിച്ച യോഗത്തിൽ കോർപറേഷനെ കണക്കിന് ശാസിച്ച് മന്ത്രി എം.ബി. രാജേഷ്. 1278 പേരാണ് കോർപറേഷനിലെ ആരോഗ്യവിഭാഗത്തിലുണ്ട്. ഇപ്പോഴുള്ള പദ്ധതികളൊന്നും പര്യാപ്തമല്ലന്ന് ആഞ്ഞടിച്ച മന്ത്രി പോരായ്മകൾ പരിഹരിക്കാൻ ഒരുമാസമാണ് അന്തിമ സമയപരിധി അനുവദിച്ചത്. വീഴ്ച വരുത്തിയാൽ ഉദ്യോഗസ്ഥർക്കാണ് ഇനി പിഴ.
നേരത്തെ, യോഗത്തിൽ മാലിന്യസംസ്കരണത്തിനായി കോർപറേഷൻ നടത്തുന്ന പദ്ധതികൾ സെക്രട്ടറി വിശദീകരിച്ചിരുന്നു. എന്നാൽ, മാലിന്യം കുന്നുകൂടിക്കിടക്കുന്ന നഗരത്തിലെ 25 സ്ഥലങ്ങളുടെ ചിത്രങ്ങൾ കൊണ്ടാണ് ശുചിത്വ മിഷൻ ഈ വാദത്തിന്റെ മുനയൊടിച്ചത്. മേയർ ആര്യ രാജേന്ദ്രൻ നിശബ്ദത പാലിച്ചെന്നത് ശ്രദ്ധേയമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.