തിരുവനന്തപുരം: വെള്ളനാട്ട് സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കരടി മുങ്ങിച്ചത്ത സംഭവത്തിൽ വനംവകുപ്പിന് സംഭവിച്ചത് ഗുരുതരവീഴ്ച. കരടിയെ രക്ഷിക്കാൻ ആദ്യം തേടേണ്ടിയിരുന്നത് അഗ്നിരക്ഷാസേനയുടെ സഹായമായിരുന്നു. സ്വന്തംനിലക്ക് രക്ഷാപ്രവർത്തനത്തിന് വനംവകുപ്പ് മുതിർന്നതാണ് വലിയ വീഴ്ചയിലേക്ക് കാര്യങ്ങൾ എത്തിച്ചത്. കരടിയെ മയക്കുവെടിവെച്ച ഡോക്ടർക്ക് ഇത്തരം ദൗത്യങ്ങളിൽ വേണ്ടത്ര മുൻപരിചയമില്ലെന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. സംഭവത്തിൽ ഡി.എഫ്.ഒയോട് അടിയന്തര റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.
കരടി വെള്ളത്തിൽ മുങ്ങിച്ചത്തെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടെങ്കിൽ ഡോക്ടർക്കും വനംവകുപ്പ് ഉദ്യോഗസ്ഥർക്കുമെതിരെ നടപടി ഉറപ്പാണ്. വെള്ളത്തിൽ വീണ് എട്ട് മണിക്കൂറോളം ജീവനുവേണ്ടി പിടഞ്ഞ കരടിയെ വേണ്ടത്ര മുന്നൊരുക്കം നടത്താതെയാണ് മയക്കുവെടിവെച്ചത്.
ഒരു മണിക്കൂറിലേറെ വെള്ളത്തില്‍ മുങ്ങിത്താണുകിടന്ന കരടിയെ പിന്നീട് അഗ്നിരക്ഷാസേന എത്തിയാണ് കരക്കെടുത്തത്.
കിണറ്റിൽ കരടി വീണതറിഞ്ഞ് പരുത്തിപ്പള്ളി റേഞ്ചിലെ റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്തെത്തി പരിശോധിച്ച ശേഷമാണ് മയക്കുവെടിവെക്കാൻ തീരുമാനമെടുത്തത്. പേക്ഷ, കിണറിന്റെ ആഴവും വെള്ളത്തിന്റെ അളവും അവർ കണക്കുകൂട്ടാതിരുന്നത് ദൗത്യം പരാജയപ്പെടാൻ കാരണമായി. മറ്റൊന്നും നോക്കാതെ മൃഗശാലയിലെ ഡോക്ടർ ജേക്കബ് അലക്സാണ്ടറെ വനംവകുപ്പിന്റെ വാഹനം വിട്ടുനൽകി സംഭവസ്ഥലത്ത് എത്തിക്കുകയായിരുന്നു.
ഏറെ ശ്രമകരമായിരുന്നെങ്കിലും പിഴക്കാതെ തന്നെ മയക്കുവെടി വെക്കാൻ കഴിഞ്ഞുവെന്ന് ജേക്കബ് അലക്സാണ്ടർ പറഞ്ഞു. കരടിയെ പുറത്തേക്കെത്തിക്കാൻ കിണറ്റിൽ വലവിരിച്ചിരുന്നെങ്കിലും മയങ്ങിയ കരടി ഊർന്ന് വെള്ളത്തിൽ വീഴുകയും താണുപോവുകയുമായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു. അത് സംഭവിക്കാൻ പാടില്ലാത്തതായിരുന്നു. മൃഗശാലയിൽ ഡോക്ടറായി ഏഴുവർഷത്തോളമായി ജോലിചെയ്യുന്ന തനിക്ക് മയക്കുവെടിവെക്കുന്നതിലടക്കം പരിചയമില്ലെന്ന് പറയുന്നവരോട് മറ്റൊന്നും പറയാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, മയക്കുവെടിവെക്കാൻ പ്രാഗല്ഭ്യമുള്ളവർ വനംവകുപ്പിൽ തന്നെ ഉള്ളപ്പോൾ എന്തിനാണ് മൃഗശാല ഡോക്ടറെ ഇതിനായി വിളിച്ചതെന്ന ചോദ്യം അവശേഷിക്കുകയാണ്. സംഭവം ദൗർഭാഗ്യകരമായെന്ന് ഡി.എഫ്.ഒ പ്രദീപ് കുമാറും പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.