നെടുമങ്ങാട്: ആനാട് ഗ്രാമപഞ്ചായത്ത് 2020 -21 വാർഷിക പദ്ധതി പ്രകാരം ലക്ഷങ്ങൾ ചെലവിട്ട് നിർമാണം പൂർത്തിയാക്കിയ ടേക്ക് എ ബ്രേക്ക് ശുചിമുറി വർഷങ്ങൾ കഴിഞ്ഞിട്ടും തുറക്കാതെ കാടുകയറി നശിക്കുന്നു.
മൂഴിയിലാണ് ആനാട് ഗ്രാമപഞ്ചായത്ത് ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരമുള്ള ശുചിമുറി സമുച്ചയം പണിത് പൂട്ടിയിട്ടിരിക്കുന്നത്. 25ൽപരം ചെറുകിട വ്യാപാര സ്ഥാപനങ്ങളും ദിവസേന നൂറുകണക്കിന് വഴിയാത്രക്കാരും വന്നുപോകുന്ന പ്രധാന പാതയോരമാണ് മൂഴി ജങ്ഷൻ.
ഇവിടെ നിലവിലുണ്ടായിരുന്ന പഞ്ചായത്ത് ശുചിമുറി, ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം കെട്ടിടം നിർമിക്കുന്നതിന്റെ ഭാഗമായി പൊളിച്ചുമാറ്റിയാണ് പുതിയത് പണിതത്.
പല ആവശ്യങ്ങൾക്കും മറ്റുമായി മൂഴി ജങ്ഷനിലെത്തുന്ന വഴിയാത്രക്കാർക്കും വിദ്യാർഥികൾക്കും ചെറുകിട കച്ചവടക്കാർക്കും മറ്റും പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാതെ ബുദ്ധിമുട്ടുമ്പോഴും പണി പൂർത്തിയാക്കി അടച്ചിട്ടിരിക്കുന്ന കെട്ടിടം തുറക്കാൻ പഞ്ചായത്ത് അധികാരികൾ കൂട്ടാക്കുന്നില്ല.
പണി പൂർത്തിയായി കിടക്കുന്ന ശുചിമുറി തുറന്നുനൽകണമെന്ന് ആവശ്യപ്പെട്ട് പലതവണ വ്യാപാരികളും സാമൂഹിക പ്രവർത്തകരും പഞ്ചായത്ത് അധികാരികളെയും മറ്റും സമീപിച്ചെങ്കിലും നടപടിയുണ്ടായില്ല. വൈദ്യുതി കണക്ഷൻ ഉൾപ്പെടെ ഭൗതിക സാഹചര്യങ്ങൾ ലഭ്യമാക്കിയിട്ടും കെട്ടിടം തുറക്കാൻ പഞ്ചായത്ത് ഭരണസമിതി തീരുമാനമെടുക്കുന്നില്ല.
നിലവിൽ കാട്ടുവള്ളികളാൽ ചുറ്റപ്പെട്ട ഇഴജന്തുക്കളുടെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇവിടം. ആനാട് പഞ്ചായത്തിലെ ചേല വാർഡിൽ മൂഴി പ്രദേശവാസിയായ അന്തരിച്ച മൂഴി ചെല്ലപ്പൻ പിള്ള സൗജന്യമായി നൽകിയ സ്ഥലത്താണ് ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരം ശുചിമുറി സമുച്ചയം പണിതത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.