മലപ്പുറം: ഷാര്‍ജ ജയിലില്‍ കഴിയുന്ന യുവാക്കളെ മോചിപ്പിക്കാൻ സഹായം തേടി കുടുംബം പാണക്കാട്ട്. തിരുവനന്തപുരം പൊഴിയൂര്‍ ഫിഷര്‍മാന്‍ കോളനിയിലെ സൗത്ത് കൊല്ലങ്കോട് ആന്റണി സേവ്യര്‍ (35), ബന്ധു ആരോഗ്യദാസ് (40) എന്നിവരാണ് ഏഴു മാസമായി ഷാര്‍ജ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നത്. പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളെ കണ്ടാണ് കുടുംബാംഗങ്ങൾ സഹായമഭ്യർഥിച്ചത്.
ഇവരുടെ മോചനത്തിനായി ഒരു കോടിയോളം രൂപയാണ് ആവശ്യം. ഷാര്‍ജയിലെ ഖോര്‍ഫുഖാന്‍ മറൈന്‍ ഡൈവിങ് വേള്‍ഡ് എന്ന കമ്പനിയില്‍ ടൂറിസ്റ്റ് ബോട്ടിന്റെ ഡ്രൈവറായിരുന്നു ആന്റണി സേവ്യര്‍.
ഇതേ ബോട്ടിലെ സഹായിയായിരുന്നു ആരോഗ്യദാസ്. 2023 ഏപ്രില്‍ 21ന് വൈകീട്ട് മൂന്നിന് നടന്ന ബോട്ടപകടത്തില്‍ കാസര്‍കോട് സ്വദേശി അഭിലാഷ് (38), തിരുവനന്തപുരം സ്വദേശി പ്രണവ് (എട്ട്) എന്നിവര്‍ മരിച്ചിരുന്നു. ഈ സംഭവത്തിലാണ് ഇരുവരും ജയിലിലായത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് 46 ലക്ഷം രൂപ വീതം നല്കിയാല് ഇവര്‍ക്ക് മോചനം സാധ്യമാകും.
എന്നാല്‍, ഈ തുക സ്വരൂപിക്കാന്‍ ഒരു മാര്‍ഗവും ഇല്ലാത്തതിനാലാണ് ബന്ധുക്കള്‍ പാണക്കാട്ടെത്തിയത്. നിലവില്‍ ഏഴുലക്ഷം രൂപയോളം കേസിനായി ചെലവഴിച്ചു. തീരദേശത്ത് കടലാക്രമണത്തില്‍ വീട് നഷ്ടപ്പെട്ട കുടുംബം സര്‍ക്കാറിന്റെ കീഴിലുള്ള നിറവ് ഫ്ലാറ്റിലാണ് താമസം.
വിവരങ്ങള്‍ കേട്ടറിഞ്ഞ മുനവ്വറലി തങ്ങള്‍ ഉടനെ ഷാര്‍ജയിലെ കെ.എം.സി.സി ഭാരവാഹികളെ ഫോണില്‍ ബന്ധപ്പെട്ട് സഹായം നല്കാന് അഭ്യര്‍ഥിച്ചു. ആന്റണി സേവ്യറുടെ മാതാവ് സുധ, ഭാര്യ ആയിഷ, ആരോഗ്യദാസിന്റെ ഭാര്യ ഷെര്‍ളി റജുല, ഇരുവരുടെയും മക്കള്‍, മറ്റു ബന്ധുക്കളായ ജോര്‍ജ് വര്‍ഗീസ്, ജെറി ബോയ് എന്നിവരാണ് പാണക്കാട്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.