തിരുവനന്തപുരം: സിക വൈറസ് പ്രതിരോധത്തിന് ഊര്‍ജിത പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കാന്‍ മെഡിക്കല്‍ കോളജ് ഔട്ട് ബ്രേക്ക് മോണിറ്ററിങ് യൂനിറ്റ് യോഗം തീരുമാനിച്ചു. ഗര്‍ഭിണികള്‍ക്ക് രോഗം ബാധിച്ചാൽ ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് വൈകല്യങ്ങളുണ്ടാകാനും നാഡീകോശങ്ങളെ ബാധിക്കുന്ന അസുഖത്തിനും സാധ്യതയുണ്ടെന്ന നിഗമനത്തിെൻറ അടിസ്ഥാനത്തില്‍ അവ നേരിടുന്നതിനുള്ള പദ്ധതികളും ആസൂത്രണം ചെയ്തു.
പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗത്തിെൻറ നേതൃത്വത്തില്‍ തയാറാക്കിയ വിവരശേഖരണ സംവിധാനം ഉപയോഗിച്ച് ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ജന്മന ഉണ്ടാകുന്ന വൈകല്യങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കും. ജന്മനായുള്ള വൈകല്യം കണ്ടെത്തിയാലും ഗെയിലിയന് ബാരെ സിന്‍ഡ്രോം കണ്ടെത്തുന്ന സാഹചര്യത്തിലും സിക സ്ഥിരീകരണത്തിന് സാമ്പിളുകൾ പൂണെ എന്‍.ഐ.വി ലാബിലേക്കയക്കും. സിക രോഗ പരിശോധനക്ക് 500 കിറ്റുകളും സിക, ഡെങ്കിപ്പനി, ചികുന്‍ഗുനിയ എന്നീ മൂന്നുരോഗങ്ങള് തിരിച്ചറിയാന്‍ സാധിക്കുന്ന 500 പരിശോധന കിറ്റുകളും മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ലഭ്യമായിട്ടുണ്ട്. രോഗം സംശയിക്കുന്ന രോഗികളില്‍ പെട്ടെന്നുള്ള രോഗസ്ഥിരീകരണത്തിന് ഈ കിറ്റുകള്‍ ഉപയോഗിക്കും.
അവയവമാറ്റത്തിന് വിധേയരാകുന്ന രോഗികള്‍ക്കും ഗര്‍ഭധാരണം കഴിഞ്ഞ് 20 ആഴ്ച തികയാത്തവർക്കും രക്തം സ്വീകരിക്കേണ്ട സാഹചര്യമുണ്ടായാല്‍ രക്തദാതാക്കള്‍ക്ക് സിക രോഗബാധ സ്ഥിരീകരിക്കാനുള്ള പി.സി.ആര് പരിശോധന നടത്തും. സിക രോഗബാധിതർക്ക് പേവാര്ഡിെൻറ ഒരുനില മാറ്റിവെക്കും. ഈ മുറികള്‍ കൊതുക് കടക്കാത്തവിധം നെറ്റ് ഉപയോഗിച്ച് സുരക്ഷിതമാക്കാനും തീരുമാനമായി. രോഗികളുടെ എണ്ണം കൂടിയാല്‍ പ്രത്യേക വാര്‍ഡ് തുറക്കും. രോഗ വര്‍ധനക്കനുസരിച്ച് പ്രത്യേക ഒ.പിയും ആരംഭിക്കും. മെഡിക്കല്‍ കോളജ് ആശുപത്രി പരിസരത്തെ കൊതുകുനിര്‍മാര്‍ജനത്തിന് ഞായറാഴ്ച ശുചീകരണ പരിപാടി സംഘടിപ്പിക്കാനും ഡ്രൈഡേ ആചരിക്കാനും ധാരണയായി. മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഡോ. ജോബിജോണ്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് ഡോ. ബി.എസ്. സുനില്‍കുമാര്‍, ആര്.എം.ഒ ഡോ. മോഹന്‍ റോയ്, സാംക്രമിക രോഗവിഭാഗം മേധാവി ഡോ. അരവിന്ദ്, വിവിധ വകുപ്പ് മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.