ഷൈബിൻ ബന്ധം: ബത്തേരിയിൽ രാഷ്ട്രീയ വടംവലി

ഷൈബിനെ തള്ളിപ്പറഞ്ഞ് സി.പി.എം; പ്രത്യാരോപണങ്ങളുമായി മുസ്​ലിം ലീഗ്​ സുൽത്താൻ ബത്തേരി: പാരമ്പര്യ ഒറ്റമൂലി വൈദ്യൻ ഷാബ ശരീഫിന്‍റെ കൊലപാതകത്തിൽ കസ്റ്റഡിയിലായ ഷൈബിൻ അഷ്‌റഫിനെയും കൂട്ടാളി തങ്ങളത്ത് അഷ്റഫിനെയും തള്ളിപ്പറഞ്ഞ് സി.പി.എം. ഇവരുമായി പാർട്ടിക്ക് ബന്ധമില്ലെന്നും ഇവർക്കായി പൊലീസിൽ ഒരു ഇടപെടലും നടത്തിയിട്ടില്ലെന്നും സി.പി.എം നേതാക്കളായ ബേബി വർഗീസ്, പി.കെ. രാമചന്ദ്രൻ, കെ.സി. യോഹന്നാൻ, സി. ശിവശങ്കരൻ എന്നിവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അതേസമയം, മുസ്‌ലിം ലീഗിന്‍റെയും ബി.ജെ.പിയുടെയും നേതാക്കൾക്ക് ഷൈബിനുമായി സമ്പർക്കമുണ്ടായിരുന്നുവെന്നാണ് സി.പി.എമ്മിന്‍റെ ആരോപണം. ഷൈബിന്‍റെ കൂട്ടാളികളായ പ്രതികളിൽ നാലു പേർ മുസ്‍ലിം ലീഗുകാരും ഒരാൾ എസ്.ടി.യുക്കാരനുമാണെന്നാണ് സി.പി.എം ആരോപിക്കുന്നത്. നിലമ്പൂരിലെ വീട്ടിൽ അതിക്രമിച്ച് കയറി കവർച്ച നടത്തിയതിന് ഷൈബിന്‍റെ പരാതിയിൽ പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത് കൈപ്പഞ്ചേരി തങ്ങളത്ത് അഷ്റഫിനെയാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഇയാൾ സി.പി.എമ്മിനു വേണ്ടി പ്രചാരണം നടത്തുന്ന ഫോട്ടോകൾ ഇതിനകം സമൂഹമാധ്യമങ്ങൾ വഴി പുറത്തുവന്നിരുന്നു. യു.ഡി.എഫ് ശക്തമായ പ്രചാരണങ്ങളാണ് ഈ ഫോട്ടോയുമായി നടത്തിയത്. എന്നാൽ, ഷൈബിൻ മുസ്‍ലിം ലീഗ് നേതാക്കളുമായി വേദിപങ്കിടുന്ന ഫോട്ടോകൾ ഇടത് അനുകൂല മാധ്യമങ്ങൾ പുറത്തുവിട്ടു. ഇതോടെയാണ് മുസ്‍ലിം ലീഗ്-സി.പി.എം നേരിട്ടുള്ള കൊമ്പുകോർക്കലിന് സാധ്യതയുണ്ടാക്കിയത്. ഷൈബിൻ അഷ്റഫ് എന്ന ബിസിനസുകാരനുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ മുസ്‍ലിം ലീഗിനെയും നേതാക്കളെയും വലിച്ചിഴക്കാനുള്ള സി.പി.എമ്മിന്‍റെയും ചില മാധ്യമങ്ങളുടെയും ഹീനമായ നടപടി അവസാനിപ്പിക്കണമെന്ന്​ ലീഗ്​ മണ്ഡലം കമ്മിറ്റി ​പ്രസ്താവനയിൽ ആവശ്യപ്പെട്ടു. ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്ന മുഴുവൻ സംഭവങ്ങളിലും സുൽത്താൻ ബത്തേരിയിലെ ചില സി.പി.എം നേതാക്കൾക്കുള്ള പങ്ക് വിശദമായി അന്വേഷിച്ച് മുഴുവൻ കുറ്റവാളികളെയും നിയമ നടപടിക്ക് വിധേയമാക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. ഈ കേസുമായി ബന്ധപ്പെട്ട് വയനാട്ടിലെ മുസ്‌ലിം ലീഗ് നേതാവിനെ വധിക്കാൻ ഷൈബിൻ ക്വട്ടേഷൻ നൽകിയിരുന്നു എന്ന് മാധ്യമങ്ങളിൽ വന്നുകൊണ്ടിരിക്കുന്ന വാർത്തകളിൽ വാസ്തവമുണ്ടെങ്കിൽ അന്വേഷണത്തിൽ അതും ഉൾപ്പെടുത്തണം. ഒരേസമയം, മുസ്‍ലിം ലീഗ് നേതാക്കൾ ഷൈബിന്‍റെ കുറ്റകൃത്യങ്ങളിൽ സഹായിച്ചു എന്ന് വരുത്തിത്തീർക്കുകയും അതോടൊപ്പം ലീഗ് നേതാവിനെ കൊല്ലാൻ ഷൈബിൻ ക്വട്ടേഷൻ നൽകി എന്ന് വാർത്ത വരുകയും ചെയ്യുന്നതിന്‍റെ വൈരുധ്യം ജനങ്ങൾക്ക് മനസ്സിലാവുമെന്നും കമ്മിറ്റി വ്യക്തമാക്കി. നിലമ്പൂരിലെ ഷൈബിന്‍റെ വീടാക്രമിക്കാൻ പോയ സംഘത്തിന് എല്ലാ മാർഗനിർദേശങ്ങളും നൽകിയത് സുൽത്താൻ ബത്തേരി നഗരസഭയിലെ ഒരു കൗൺസിലറുടെ നേതൃത്വത്തിലാണ്. സംഭവത്തിലെ മുഴുവൻ പ്രതികളെയും ഒളിപ്പിച്ചതും അവരെ തിരുവനന്തപുരത്ത് എത്തിച്ചതും കൗൺസിലർ അടക്കമുള്ള സി.പി.എം നേതൃത്വമാണ്. ഇവർക്ക് വേണ്ട എല്ലാവിധ സഹായങ്ങളും ചെയ്തു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് സുൽത്താൻ ബത്തേരി ഏരിയ കമ്മിറ്റി കത്ത് നൽകിയെന്നും കമ്മിറ്റി ആരോപിച്ചു. യോഗത്തിൽ ജില്ല സെക്രട്ടറി കെ. നൂറുദ്ദീൻ, നിയോജക മണ്ഡലം പ്രസിഡന്‍റ്​ എം.എ. അസ്സൈനാർ, സി.കെ. ഹാരിഫ്, ഷബീർ അഹമ്മദ്, വി. ഉമ്മർ ഹാജി, ഹാരിഫ് തണലോട്ട് കണക്കയിൽ മുഹമ്മദ്, കെ.പി. അഷ്‌കർ, സമദ് കണ്ണിയൻ, സി.കെ. മുസ്തഫ, ഇബ്രാഹീം തൈതൊടി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.