കൽപറ്റ: കോവിഡിൽനിന്ന് മോചനമില്ലാതെ ഒമിക്രോൺ വകഭേദത്തിന്‍റെ ഭീതിയുമായാണ് ജില്ലയും 2022ലേക്ക് പ്രവേശിക്കുന്നത്. കോവിഡ് പ്രതിരോധത്തിൽ നേട്ടംകൊയ്യാനായത് ജില്ലക്ക് ആശ്വാസമാണ്. കോവിഡിനിടയിലും നിയമസഭ തെരഞ്ഞെടുപ്പിന്‍റെ വീറും വാശിയും അരങ്ങേറിയ വർഷം. ജനുവരിയോടെ പുറത്തുവന്ന മുട്ടിൽ മരംമുറി കേസ് ഇപ്പോഴും തുടരുന്നു. വന്യമൃഗ ശല്യം കൂടുതൽ രൂക്ഷമായ വർഷമാണ് കടന്നുപോകുന്നത്.
അതിർത്തിയിൽ കർണാടക പരിശോധന കർശനമാക്കിയും ലഘൂകരിച്ചും വീണ്ടും കർശനമാക്കിയും തുടരുന്ന നിയന്ത്രണങ്ങൾക്ക് പുതുവർഷത്തിലേക്ക് പ്രവേശിക്കുമ്പോഴും മാറ്റമില്ല. പ്രമാദമായ കൊലപാതകങ്ങൾക്കും ജില്ല ഈ വർഷം സാക്ഷിയായി. കലക്ടറുടെയും ഡി.എം.ഒയുടെയും മാറ്റത്തിനും ജില്ല സാക്ഷിയായി. ഡോ. അദീല അബ്ദുല്ലക്ക് പകരം എ. ഗീത സെപ്റ്റംബറില്‍ ചുമതലയേറ്റു. ഡോ. രേണുകക്ക് പകരം നവംബറിൽ ഡോ. കെ. സക്കീന ഡി.എം.ഒയായി ചുമതലയേറ്റു.
കോവിഡ് പ്രതിരോധത്തില്‍ നേട്ടം
85 ശതമാനം പേര്‍ക്ക് രണ്ട് ഡോസ് വാക്‌സിന്‍ നല്‍കി സമ്പൂര്‍ണ കുത്തിവെപ്പ് പ്രക്രിയയില്‍ മുന്നിലെത്താനായി. 18ന് മുകളില്‍ പ്രായമുള്ളവരില്‍ സമ്പൂര്‍ണ ആദ്യ ഡോസ് കുത്തിവെപ്പ് നടപ്പാക്കിയ ആദ്യ ജില്ല. കോവിഡ് ബാധിച്ച് മരിച്ചവരുടെ ആശ്രിതര്‍ക്കായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിന് ജില്ലയില്‍ ഇതുവരെ 389 അപേക്ഷകള്‍ ലഭിച്ചു. 172 അപേക്ഷകളില്‍ മരണപ്പെട്ട വ്യക്തിയുടെ അടുത്ത ബന്ധുക്കള്‍ക്ക് ധനസഹായമായ അമ്പതിനായിരം രൂപ വീതം കൈമാറി. അതേസമയം, ജില്ലയില്‍ ഇതുവരെ 682 കോവിഡ് മരണമാണ് സ്ഥിരീകരിച്ചത്.
7000 കോടിയുടെ പാക്കേജ്
വയനാടിന്‍റെ സമഗ്ര പുരോഗതി ലക്ഷ്യമിട്ട് 7000 കോടി രൂപയുടെ പ്രത്യേക പഞ്ചവത്സര പാക്കേജാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഫെബ്രുവരിയില്‍ പ്രഖ്യാപിച്ചത്. കാപ്പികൃഷിയെ പുനര്‍ജീവിപ്പിക്കാനുള്ള പദ്ധതികള്‍ക്ക് പാക്കേജില്‍ മുന്‍ഗണന നല്‍കി. പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങുമോ എന്ന കാര്യം കണ്ടറിയേണ്ടതാണ്.
ഗവ. മെഡിക്കല്‍ കോളജ്
നിയമസഭ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ ബാക്കി നില്‍ക്കെ, വയനാടന്‍ ജനതയുടെ ചിരകാലാഭിലാഷമായ ഗവ. മെഡിക്കല്‍ കോളജ് ഫെബ്രുവരി 14ന് അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ ഉദ്ഘാടനം ചെയ്തു. ജില്ല ആശുപത്രിയുടെ ബോര്‍ഡ് മാറ്റലില്‍ മാത്രമായി അതൊതുങ്ങിപ്പോയെന്ന ആക്ഷേപം ശക്തമാക്കുന്ന തരത്തിലാണ് നിലവിലെ അവസ്ഥ. പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്ന് സർക്കാർ പറയുമ്പോഴും ജില്ല ആശുപത്രിയുടെ പ്രയോജനം പോലും ജനങ്ങള്‍ക്ക് ലഭിക്കാത്ത സ്ഥിതിയുണ്ട്. വാഹനാപകടത്തിലും മറ്റും പരിക്കേല്‍ക്കുന്നവരെയും കൊണ്ട് ആംബുലന്‍സുകള്‍ ഇപ്പോഴും വയനാടന്‍ ചുരമിറങ്ങുകയാണ്.
പരിസ്ഥിതി ലോല ഭീതി
വയനാട് വന്യജീവി സങ്കേതത്തിന് ചുറ്റും പരിസ്ഥിതിലോല മേഖലയാക്കി കരടു വിജ്ഞാപനം ഫെബ്രുവരി മൂന്നിന് പുറത്തിറക്കി. വയനാട് വന്യജീവി സങ്കേതത്തിെൻറ ചുറ്റുവട്ടത്തുള്ള ആറു വില്ലേജുകളിലെ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് വിജ്ഞാപനം. വിജ്ഞാപനത്തിനെതിരെ ശക്തമായ പ്രതിഷേധം ആരംഭിച്ചു.
വലതിനൊപ്പം നിന്ന് വയനാട്
ഏപ്രിലിലെ നിയമസഭ തെരഞ്ഞെടുപ്പിൽ കേരളം ചുവന്നപ്പോഴും യു.ഡി.എഫിന് ജില്ല ആശ്വാസ വിജയം സമ്മാനിച്ചു. സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ 11,822 വോട്ടിെൻറ വലിയ ഭൂരിപക്ഷത്തിൽ കോൺഗ്രസിെൻറ ഐ.സി. ബാലകൃഷ്ണന്‍ ഹാട്രിക് വിജയം നേടി. ചുരംകയറി വയനാട്ടിലെത്തിയ സിദ്ദീഖിനെ കല്‍പറ്റ മണ്ഡലത്തിലെ വോട്ടര്‍മാര്‍ കൈവിട്ടില്ല. 5,470 ഭൂരിപക്ഷത്തിൽ കോൺഗ്രസിന്‍റേത് അട്ടിമറി വിജയമായി. മാനന്തവാടി ഇടത് സ്ഥാനാര്‍ഥി ഒ.ആര്‍ നിലനിർത്തി.
വിവാദം അസ്തമിക്കാതെ മരംമുറി
2020 ഒക്ടോബര്‍ 24ന് റവന്യൂ വകുപ്പ് പുറപ്പെടുവിച്ച ഉത്തരവിെൻറ മറവില്‍ മുട്ടില്‍ സൗത്ത് വില്ലേജ് പരിധിയില്‍നിന്ന് അനധികൃതമായി ഈട്ടിമരങ്ങള്‍ മുറിച്ചുകടത്തിയത് സംസ്ഥാനത്തുതന്നെ കോളിളക്കം സൃഷ്ടിച്ച കേസായി. കേസിലെ മുഖ്യപ്രതികളായ റോജി അഗസ്റ്റിന്‍, ആന്‍റോ അഗസ്റ്റിന്‍, ജോസ്‌കുട്ടി അഗസ്റ്റിന്‍ എന്നിവരെ കുറ്റിപ്പുറത്തുനിന്നുമാണ് പൊലീസ് പിടികൂടിയത്. മരംമുറിക്കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചെന്ന ആരോപണം നേരിടുന്ന ഉദ്യോഗസ്ഥനെതിരെ ഗുരുതര ക്രമക്കേടുകളും വനംവകുപ്പ് കണ്ടെത്തി. പ്രതികള്‍ക്കെല്ലം മാസങ്ങള്‍കൊണ്ടുതന്നെ ജാമ്യം ലഭിച്ചത് ശ്രദ്ധേയമാണ്. ഏറ്റവുമൊടുവില്‍, ഈ കേസില്‍ പ്രതികള്‍ക്കെതിരെയും വനംവകുപ്പിനെതിരെയും സാക്ഷി പറഞ്ഞ മരംമുറി കരാറേറ്റെടുത്ത ബത്തേരി ഓടപ്പള്ളം സ്വദേശിക്ക് ഭീഷണി കത്ത് ലഭിച്ചതുവരെ എത്തിനില്‍ക്കുന്നു. 2022 കാണിക്കില്ലെന്ന വധഭീഷണി ഉയര്‍ത്തുന്ന കത്താണ് കരാറുകാരന് ലഭിച്ചത്.
ബി.ജെ.പിക്കും ജാനുവിനും കുരുക്കായി കോഴ
ബി.ജെ.പിക്കും ആദിവാസി നേതാവ് സി.കെ. ജാനുവിനും കുരുക്കായ കോഴക്കേസില്‍ വയനാടും പങ്കാളിയായി. സുല്‍ത്താന്‍ ബത്തേരിയില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായ സി.കെ. ജാനുവിന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ കോഴ നല്‍കിയെന്ന ആരോപണം തൊടുത്തുവിട്ടത് ജാനുവിെൻറ പാര്‍ട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭയുടെ സംസ്ഥാന ട്രഷറര്‍ പ്രസീത അഴീക്കോടായിരുന്നു. ഇത് ബി.ജെ.പിയില്‍ പടലപ്പിണക്കങ്ങള്‍ക്കാണ് വഴിമരുന്നിട്ടത്. അന്വേഷണങ്ങളുമായി ക്രൈംബ്രാഞ്ച് ഇപ്പോഴും മുന്നോട്ടുപോവുകയാണ്. കേസില്‍ കെ. സുരേന്ദ്രന്‍ ഒന്നാംപ്രതിയും സി.കെ. ജാനു രണ്ടാംപ്രതിയുമാണ്.
ലോറിയിടിച്ച് കെട്ടിടം തകർന്നു
കൽപറ്റക്ക് സമീപം ദേശീയ പാതയോരത്ത് ചരക്കുലോറി ഇടിച്ചുകയറിയ മൂന്നുനില കെട്ടിടം തകർന്നു. ഡ്രൈവർക്ക് പരിക്കേറ്റെങ്കിലും സമയോചിത രക്ഷാപ്രവർത്തനം കാരണം വൻദുരന്തമാണ് ഒഴിവായത്. ഒന്നരക്കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടം അപകടഭീഷണിയെത്തുടർന്ന് കലക്ടറുടെ ഉത്തരവിനെത്തുടർന്ന് പൂർണമായും പൊളിച്ചുനീക്കി.
നാടിനെ നടുക്കി ഇരട്ടക്കൊലപാതകം
പനമരം നെല്ലിയമ്പത്തെ ഇരട്ടക്കൊലപാതകവും അതു പരത്തിയ ഭീതിയും ഇന്നും വിട്ടുപോയിട്ടില്ല. ജൂണ്‍ പത്തിന് രാത്രിയില്‍ നെല്ലിയമ്പം കാവടത്തെ റിട്ട. അധ്യാപകനായ പത്മാലയത്തില്‍ കേശവന്‍നായര്‍ (75), ഭാര്യ പത്മാവതി (68) എന്നിവര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ മൂന്നു മാസത്തിന് ശേഷമാണ് പ്രതി അറസ്റ്റിലാകുന്നത്. നെല്ലിയമ്പം കായക്കുന്ന് കുറുമ കോളനിയിലെ അര്‍ജുനെയാണ് (24) പൊലീസ് അറസ്റ്റ് ചെയ്തത്. മോഷണത്തിനായി വീട്ടിനുള്ളില്‍ കയറിയ അര്‍ജുന്‍ വീട്ടുകാര്‍ വിവരമറിഞ്ഞതോടെ ദാരുണമായി വൃദ്ധദമ്പതികളെ കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകം നടന്ന് 100 ദിവസത്തിനു ശേഷമാണ് പ്രതി അറസ്റ്റിലായത്. പ്രദേശവാസികള്‍ക്ക് അര്‍ജുനെ പ്രതിയായി കാണാന്‍ ഇന്നും സാധിച്ചിട്ടില്ല. അന്വേഷണ ഉദ്യോഗസ്ഥനായ മാനന്തവാടി ഡിവൈ.എസ്.പി എ.പി. ചന്ദ്രന്‍ 2700 പേജുള്ള കുറ്റപത്രം മാനന്തവാടി കോടതിയിൽ സമര്‍പ്പിച്ചു.
തുരങ്കപാതയുമായി സർക്കാർ മുന്നോട്ട്
കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിെൻറ അനുമതി പോലും തേടാത്ത തുരങ്കപാതക്ക് വേണ്ടിയുള്ള സ്ഥലമേറ്റടുക്കല്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ ഉത്തരവായതോടെയാണ് തുരങ്കപാത വീണ്ടും ചര്‍ച്ച ചെയ്യപ്പെടുന്നത്. കോഴിക്കോട്-വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന ആനക്കാംപൊയില്‍-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിെൻറ ഭാഗമായി സ്ഥലം ഏറ്റെടുക്കല്‍ നടപടികള്‍ക്കായി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ടണല്‍ ആരംഭിക്കുന്ന ആനക്കാംപൊയില്‍ ഭാഗത്ത് തിരുവമ്പാടി, കോടഞ്ചേരി വില്ലേജുകളിലെ 7.6586 ഹെക്ടര്‍ ഭൂമിയും അവസാനിക്കുന്ന മീനാക്ഷി ബ്രിഡ്ജ് ഭാഗത്ത് കോട്ടപ്പടി, മേപ്പാടി വില്ലേജുകളിലെ 4.8238 ഹെക്ടര്‍ ഭൂമിയുമാണ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നത്. പദ്ധതിയിലൂടെ അഴിമതിയാണ് ലക്ഷ്യമിടുന്നതെന്നും വയനാടിെൻറ പാരിസ്ഥിതിക ഘടനയെ ഏറെ പ്രതികൂലമായി ബാധിക്കുമെന്നും വിവിധ സംഘടനകള്‍ ആരോപിക്കുന്നു.
പൊലീസിന് നേട്ടമായ മാവോവാദി കീഴടങ്ങല്‍
2018ല്‍ സംസ്ഥാന സര്‍ക്കാര്‍ കീഴടങ്ങല്‍-പുനരധിവാസ പദ്ധതി പ്രഖ്യാപിച്ചതിനുശേഷം ആദ്യമായി വയനാട്ടില്‍ മാവോവാദി കീഴടങ്ങി. സി.പി.ഐ (മാവോയിസ്റ്റ്) കബനി ദളത്തിലെ ഡെപ്യൂട്ടി കമാന്‍ഡന്‍റ് പുല്‍പ്പള്ളി അമരക്കുനി പണിക്കപ്പറമ്പില്‍ ലിജേഷ് എന്ന രാമുവായിരുന്നു ജില്ല പൊലീസ് മേധാവി ഡോ. അര്‍വിന്ദ് സുകുമാര്‍ മുമ്പാകെ ആയുധങ്ങളില്ലാതെ കീഴടങ്ങിയത്. ലിജേഷിന് വീടും തൊഴിലവസരങ്ങളും സ്റ്റൈപ്പന്‍റും മറ്റു ജീവനോപാധികളും നല്‍കാന്‍ ജില്ല കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലതല പുനരധിവാസ സമിതി ശിപാര്‍ശ ചെയ്തിട്ടുണ്ട്.
രണ്ട് മാവോവാദികള്‍ പിടിയിലായ വര്‍ഷം കൂടിയാണ് കടന്നുപോകുന്നത്. പശ്ചിമഘട്ട സോണല്‍ കമ്മിറ്റി സെക്രട്ടറിയും കേന്ദ്ര കമ്മിറ്റിയംഗവുമായ കർണാടക സ്വദേശി ഡി.ജി. കൃഷ്ണമൂര്‍ത്തി, കര്‍ണാടക സ്വദേശിനിയായ സാവിത്രി എന്നിവരാണ് എന്‍.ഐ.എ സംഘത്തിെൻറ പിടിയിലായത്.
മൃഗവേട്ടയിൽ പൊലിഞ്ഞത് ഒരു മനുഷ്യജീവന്‍
കമ്പളക്കാട് വണ്ടിയാമ്പറ്റയില്‍ കാട്ടുപന്നിയാണെന്ന് കരുതി വെടിയുതിര്‍ത്തപ്പോള്‍ പൊലിഞ്ഞത് ഒരു ജീവന്‍ കൂടി. ചുണ്ടറങ്ങോട്ട് കുറിച്യ കോളനിയില്‍ ജയന്‍ (36) വെടിയേറ്റ് മരിച്ച സംഭവത്തില്‍ ഡിസംബര്‍ മൂന്നിന് രണ്ടുപേര്‍ അറസ്റ്റിലായി. വണ്ടിയാമ്പറ്റ പൂളക്കൊല്ലി കോളനിയിലെ ചന്ദ്രന്‍ (48), ലിനീഷ് (21) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. രാത്രി മൃഗവേട്ടക്കിറങ്ങിയപ്പോള്‍ കാട്ടുപന്നിയാണെന്ന് കരുതി വെടിവെക്കുകയായിരുന്നു. പ്രതികള്‍ ആളൊഴിഞ്ഞ വീടിന് സമീപം കുഴിച്ചിട്ട നാടന്‍ തോക്കും വെടിമരുന്നും പൊലീസ് കണ്ടെത്തി. ഇവരില്‍നിന്ന് പ്രദേശത്ത് സ്ഥിരമായി നടക്കുന്ന വന്യമൃഗവേട്ടയെക്കുറിച്ചും കള്ളത്തോക്ക് നിര്‍മാണത്തെക്കുറിച്ചും പൊലീസിന് നിര്‍ണായക വിവരങ്ങളും ലഭിക്കുകയുണ്ടായി.
സമ്പൂർണ ഇ-ഓഫിസിൽ മികവ്
വില്ലേജ് ഓഫിസുകള്‍ മുതല്‍ ജില്ല ആസ്ഥാന ഓഫിസായ കലക്ടറേറ്റ് വരെയുളള റവന്യൂ ഓഫിസുകളിലെ ഫയല്‍ നീക്കം സമ്പൂർണമായി ഇ-ഓഫിസ് സംവിധാനം വഴിയായി. ഈ സംവിധാനം മുഴുവന്‍ റവന്യൂ ഓഫിസുകളിലും നടപ്പാക്കിയ രാജ്യത്തെ ആദ്യത്തെ ജില്ലയായും വയനാട് മാറി. 60 ലക്ഷം രൂപയോളം ചെലവിട്ടാണ് റവന്യൂ ഓഫിസുകളിലെ ഫയല്‍ നീക്കങ്ങള്‍ പൂർണമായും ഓൺലൈനിലേക്ക് മാറ്റിയത്.
സ്ഫോടനത്തിൽ പൊലിഞ്ഞ് മൂന്നു ജീവനുകൾ
ആൾതാമസമില്ലാത്ത വീട്ടിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് പരിക്കേറ്റ രണ്ട് വിദ്യാർഥികൾ മരിച്ചു. സുൽത്താൻ ബത്തേരി കാരക്കണ്ടിയിൽ താമസിക്കുന്ന സുന്ദര വേൽമുരുകെൻറ മകൻ മുരളി (16), പാലക്കാട് മാങ്കുറിശ്ശി സ്വദേശി കുണ്ടുപറമ്പിൽ ലത്തീഫിെൻറ മകൻ അജ്മൽ എന്നിവരാണ് മരിച്ചത്. പരിക്കേറ്റ് ചികിത്സയിലായിരുന്ന കാരക്കണ്ടി ചപ്പങ്ങൽ ജലീലിെൻറ മകൻ ഫെബിൻ ഫിറോസ് (13) മേയ് ഏഴിന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽവെച്ചും മരണത്തിന് കീഴടങ്ങി.
പ്രണയ നൈരാശ്യ പക
പ്രണയ നൈരാശ്യത്തെ തുടര്‍ന്നുള്ള ആക്രമണങ്ങളുടെ തുടര്‍ക്കഥയായിരുന്നു ഈ വര്‍ഷം. വൈത്തിരിയില്‍വെച്ച് നവംബര്‍ മാസം പെണ്‍കുട്ടിയെ യുവാവ് കത്തി ഉപയോഗിച്ച് കുത്തിപ്പരിക്കേൽപിച്ചു. ലക്കിടി സ്വകാര്യ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിനിക്ക് നേരെയായിരുന്നു ആക്രമണം. പുല്‍പ്പള്ളി സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ മുഖത്തും കണ്ണിനും സാരമായി പരിക്കേറ്റു. സംഭവത്തില്‍ പാലക്കാട് മണ്ണാര്‍ക്കാട് സ്വദേശി ദീപുവിനെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. കുട്ടിയെ ആക്രമിച്ചതിന് ശേഷം യുവാവും ആത്മഹത്യക്ക് ശ്രമിച്ചിരുന്നു.
മണ്‍സൂണിനെ പിന്നിലാക്കി തുലാവര്‍ഷം
സാധാരണനിലയില്‍ തെക്ക് പടിഞ്ഞാറന്‍ കാലാവസ്ഥ സമയത്താണ് ജില്ലയില്‍ കൂടുതല്‍ മഴ ലഭ്യമാകാറ്. എന്നാല്‍, ഇത്തവണ അത് തിരുത്തപ്പെട്ടു. ഒക്ടോബർ-നവംബര്‍ മാസത്തെ തുലാമഴ ഇപ്രാവശ്യം 65 ശതമാനം കൂടുതല്‍ ലഭിച്ചു. മഴദിനങ്ങളുടെ എണ്ണത്തിലും ജില്ലയില്‍ ഇക്കുറി 40 ശതമാനം കുറവുണ്ടായിട്ടുണ്ട്. അതേസമയം, മഴ കൂടുതല്‍ കിട്ടിയ ഒക്ടോബര്‍-നവംബര്‍ മാസം കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചു.
വന്യജീവി ആക്രമണങ്ങൾ
ജനുവരിയിൽ കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ മേപ്പാടി കുന്നമ്പറ്റ മൂപ്പൻകുന്നിലെ എസ്റ്റേറ്റ് തൊഴിലാളി പാർവതി മരണത്തിന് കീഴടങ്ങി.
ജനുവരി 23ന് മേപ്പാടി എളമ്പേരിയിലെ സ്വകാര്യ റിസോർട്ടിൽ എത്തിയ കോളജ് അധ്യാപികയായ കണ്ണൂർ ചേലേരി കണ്ണാടിപ്പറമ്പ് കാരയാപ്പ് കല്ലറപ്പുര ഹൗസിൽ ഷഹാന കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടു.
മേയ് ആറിന് മുണ്ടക്കൈ ഏലമലയിൽ കാട്ടാനയുടെ ആക്രമണത്തിൽ തോട്ടം തൊഴിലാളി മുടക്കയിൽ ലീലക്ക് ഗുരുതര പരിക്കേറ്റു. ജനുവരിയിൽ മുള്ളൻകൊല്ലി പഞ്ചായത്തിലെ കൊളവള്ളിയിൽ ഇറങ്ങിയ കടുവയെ തുരത്തുന്നതിനിടെ ചെതലയം റേഞ്ച് ഓഫിസർ ടി. ശശികുമാറിനെ കടുവ ആക്രമിച്ച് പരിക്കേൽപിച്ചു.
കുറുക്കന്‍മൂലയില്‍ ഇക്കഴിഞ്ഞ നവംബര്‍ 28ന് അര്‍ധരാത്രിയില്‍ വളര്‍ത്തുമൃഗത്തെ കൊന്ന് നാടിനെ ഭീതിയിലാക്കിത്തുടങ്ങിയ കടുവ ഉണ്ടാക്കിയ പൊല്ലാപ്പ് സംസ്ഥാനമൊട്ടുക്കും ചര്‍ച്ചയായി.
കടുവയെ തിരഞ്ഞ് വനംവകുപ്പിെൻറ 160ലധികം വരുന്ന സംഘം 12 ദിവസത്തിലധികം തിരച്ചില്‍ നടത്തിയിട്ടും കാല്‍പാടല്ലാത്ത മറ്റൊന്നും കണ്ടെത്താനായില്ല. വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മില്‍ കൈയാങ്കളി വരെ ഉണ്ടായിട്ടും കടുവ പിടികൊടുക്കാതെ നാട്ടുകാരെയും വനംവകുപ്പിനെയും ചുറ്റിച്ചു.
കടുവയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സമരം നടത്തിയെങ്കിലും അതും പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു. വളർത്തുമൃഗങ്ങളെ നഷ്ടപ്പെട്ടവർക്ക് ഇതുവരെ നഷ്ടപരിഹാരം ലഭിച്ചിട്ടില്ല.
ഡിസംബറിലെ കൊലപാതകങ്ങൾ
ഡിസംബര്‍ അവസാന നാളില്‍ ജില്ലയെ നടുക്കിയ മറ്റൊരു കൊലപാതകംകൂടി കാണേണ്ടി വന്നു. അമ്പലവയല്‍ ആയിരംകൊല്ലിയില്‍ വയോധികനെ കൊന്ന് ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളും മാതാവും പൊലീസില്‍ കീഴടങ്ങുകയായിരുന്നു.
അമ്പലവയല്‍ ആയിരംകൊല്ലി സ്വദേശി മുഹമ്മദിെൻറ (68) മൃതദേഹമായിരുന്നു ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ പൊട്ടക്കിണറ്റില്‍ കണ്ടെത്തിയത്.
രണ്ടാഴ്ച മുമ്പ് മീനങ്ങാടി മാനികാവില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യയും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇക്കഴിഞ്ഞ 14നാണ് വയോധികനായ ദാമോദരന്‍ ഭാര്യ മീനാക്ഷിയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.ഡിസംബർ 29നാണ് അവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.