കൽപറ്റ: സ്വാഭാവിക വനവിസ്തൃതി വർധിപ്പിക്കുന്നതിനും വനപരിപാലനം കാര്യക്ഷമമാക്കുന്നതിനും സ്വകാര്യ എസ്റ്റേറ്റുകൾ ഏറ്റെടുക്കൽ അടക്കമുള്ള നടപടികളുമായി വനംവകുപ്പ്. നോർത്ത് വയനാട് ഡിവിഷനിൽ റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തി ബേഗൂർ റേഞ്ചിലെ മലന്തോട്ടം തിരുനെല്ലി എസ്റ്റേറ്റ്, എടയൂർ തിരുനെല്ലി എസ്റ്റേറ്റ് േബ്ലാക്ക് ഒന്ന്, രണ്ട്, മൂന്ന് എന്നിവ ഏറ്റെടുക്കുന്നതിന് 2019 നവംബർ 14ന് സർക്കാർ അംഗീകാരം നൽകിയിരുന്നു. ഇതിെൻറ തുടർനടപടികളും പേര്യ റേഞ്ചിലെ രാജഗിരി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള പ്രാരംഭ നടപടികളും ആരംഭിച്ചു.
സൗത്ത് വയനാട് ഡിവിഷനിൽ കൽപറ്റ റേഞ്ച് പടിഞ്ഞാറത്തറ സെക്ഷനിലെ 4047 ഹെക്ടറോളം വിസ്തൃതിയുള്ള സാമിക്കുന്ന് എസ്റ്റേറ്റ് വിട്ടുനൽകാൻ ഉടമസ്ഥർ താൽപര്യം അറിയിച്ചുവെന്നും വനം-റവന്യൂ സർവേ വകുപ്പുകളുടെ സംയുക്ത പരിശോധനക്ക് ശേഷം പ്രാരംഭ നടപടികൾ സ്വീകരിക്കുമെന്നും കണ്ണൂർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ നിയമസഭ ചോദ്യത്തിനുള്ള മറുപടിയിൽ വ്യക്തമാക്കി.
കോഴിക്കോട് ഡിവിഷനിലെ പെരുവണ്ണാമൂഴി, കുറ്റ്യാടി റേഞ്ചുകളിലെ വനാതിർത്തിപ്രദേശങ്ങളിലെ പട്ടികവർഗേതര കുടുംബങ്ങളെ സ്വയം സന്നദ്ധ പുനരധിവാസപദ്ധതിയിൽ ഉൾപ്പെടുത്തി കിഫ്ബി ഫണ്ട് ഉപയോഗിച്ച് 160, 15.4 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നതിനുള്ള നിർദേശം സമർപ്പിച്ചു.
കാസർകോട് ഡിവിഷനിൽ 18 കുടുംബങ്ങളുടെ 4.617 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിെൻറ ഭാഗമായി ആദ്യഗഡു നഷ്ടപരിഹാരം നൽകുന്നതിനുള്ള നടപടിയും തുടങ്ങി. 105.2 ഹെക്ടർ വിസ്തൃതിയുള്ള 11 അക്കേഷ്യ, മാഞ്ചിയം തോട്ടങ്ങൾ വെട്ടിമാറ്റി സ്വാഭാവിക വനമാക്കുന്നതിനുള്ള പ്രവൃത്തിയും ആരംഭിച്ചു. കണ്ണൂർ ഡിവിഷനിൽ കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി വനാതിർത്തിയിലെ പട്ടികവർഗേതര കുടുംബങ്ങളുടെ സ്വയം പുനരധിവാസ പദ്ധതിപ്രകാരം കൊട്ടിയൂർ റേഞ്ചിൽ 168, അയ്യങ്കുന്ന് വില്ലേജിലെ രണ്ടും അപേക്ഷകളാണ് ലഭിച്ചത്. ഇതിൽ കൊട്ടിയൂരിൽ 45 അപേക്ഷകളിൽ ഉൾപ്പെടുന്ന 21.3262 ഹെക്ടർ ഭൂമി ഏറ്റെടുക്കാൻ ശിപാർശ സമർപ്പിച്ചതായും അധികൃതർ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.