ശ്രേയാംസ്‌കുമാറിന്‍റെ തോല്‍വി: സി.പി.എം നേതാക്കള്‍ക്കെതിരെ നടപടി

കല്‍പ്പറ്റ: നിയമസഭ തെരഞ്ഞെടുപ്പില്‍ കല്‍പറ്റ നിയോജകമണ്ഡലത്തില്‍ എൽ.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ച എം.വി. ശ്രേയാംസ്‌കുമാറിന്‍റെ തോല്‍വിയുമായി ബന്ധപ്പെട്ട് സി.പി.എമ്മില്‍ അച്ചടക്ക നടപടി. മുന്‍ കല്‍പറ്റ എം.എല്‍.എ സി.കെ. ശശീന്ദ്രന്‍, ഏരിയ സെക്രട്ടറി മധു, കല്‍പറ്റ നോര്‍ത്ത് സെക്രട്ടറി പി. അബു, കുടുംബശ്രീ വയനാട് ജില്ല മിഷന്‍ കോ ഓഡിനേറ്ററും മഹിളാ അസോസിയേഷന്‍ ജില്ല നേതാവുമായ പി. സാജിത എന്നിവര്‍ക്കെതിരെയാണ് നടപടി.

വയനാടിന്‍റെ ചുമതലയുള്ള പി.കെ ശ്രീമതി, കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എന്നിവര്‍ അംഗങ്ങളായ അന്വേഷണ കമ്മീഷനാണ് ജില്ല സെക്രട്ടറിയേറ്റിന് റിപ്പോര്‍ട്ട് നല്‍കിയത്.

കഴിഞ്ഞ ദിവസം ചേര്‍ന്ന ജില്ല സെക്രട്ടറിയേറ്റ് വിഷയം ചര്‍ച്ച ചെയ്ത് നടപടിയെടുക്കുകയായിരുന്നു. സി.കെ. ശശീന്ദ്രന് ശ്രദ്ധക്കുറവുണ്ടായെന്ന് കണ്ടെത്തിയ അന്വേഷണ കമ്മീഷന്‍, ഏരിയ സെക്രട്ടറി എം. മധുവിനെ താക്കീത് ചെയ്തു. മധുവിന്‍റെ ഭാര്യയും ഏരിയ കമ്മിറ്റി അംഗവുമായ പി. സാജിതയെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും പി.കെ. അബുവിനെ കല്‍പറ്റ നോര്‍ത്ത് സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കി.

2016ല്‍ എം.വി. ശ്രേയാംസ്‌കുമാറിനെതിരെ സി.കെ ശശീന്ദ്രന്‍ പതിനായിരത്തിലധികം വോട്ടിന് ജയിച്ച മണ്ഡലമാണിത്. എല്‍.ജെ.ഡി ഇടതുമുന്നണിയിലെത്തിയതോടെ ഇത്തവണ എല്‍.ഡി.എഫിന്‍റെ സീറ്റ് ശ്രേയാംസ്‌കുമാറിന് നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അഡ്വ. ടി. സിദ്ദീഖാണ് വിജയിച്ചത്.

Tags:    
News Summary - Action against CPM leaders over election defeat of MV Shreyams Kumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.