മാനന്തവാടി: ദക്ഷിണേന്ത്യയിൽ ആദ്യമായി ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച വയനാട്ടിലെ ഫാമുകൾക്ക് സമീപത്തെ ഫാമുകളിലെ മുഴുവൻ പന്നികളെയും കൊന്നു. മാനന്തവാടി നഗരസഭ കണിയാരം കുറ്റിമൂലയിലെ പുത്തൻപുര വിബീഷ്, കുഴിനിലത്തെ വെളിയത്ത് കുര്യാക്കോസ്, കല്ലുമൊട്ടംകുന്നിലെ ഷാജി മൂത്താശ്ശേരി എന്നിവരുടെ ഫാമുകളിലെ പന്നികളെയാണ് ബുധനാഴ്ച കൊന്നൊടുക്കിയത്. ഈ ഫാമുകളിലൊന്നും ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും സമീപത്തെ വലിയകണ്ടിക്കുന്ന് കൊളവയൽ ജിനി ഷാജിയുടെ ഫാമിലെ പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്നാണ് നടപടി. പന്നിപ്പനി സ്ഥിരീകരിച്ച ഫാമിന്റെ ഒരുകിലോമീറ്റർ പരിധിയിലുള്ള ഫാമുകളിലെ പന്നികളെ കൊല്ലാനും 10 കിലോമീറ്റർ പരിധി നിരീക്ഷണ മേഖലയായി പ്രഖ്യാപിച്ച് ജാഗ്രത പുലർത്താനുമാണ് തീരുമാനം.
ആദ്യഘട്ടത്തിൽ 325 പന്നികളെ കൊല്ലാനായിരുന്നു തീരുമാനം. ജിയോമാപ്പിങ് നടത്തിയപ്പോൾ എണ്ണം 80 ആയി കുറഞ്ഞു. ചില ഫാമുകളിലെ പന്നികൾ പ്രസവിച്ചതിനെ തുടർന്ന് എണ്ണം 95 ആയി വർധിച്ചിരുന്നു. വിബീഷിന്റെ ഫാമിലെ 29 പന്നികളെയും ഷാജിയുടെ ഫാമിലെ 31 പന്നികളെയും കുര്യാക്കോസിന്റെ ഫാമിലെ 35 പന്നികളെയുമാണ് കൊന്നൊടുക്കിയത്. ഷാജിയുടെ ഫാമിൽ കഴിഞ്ഞ ദിവസം വരെ 21 പന്നികളാണുണ്ടായിരുന്നതെങ്കിലും ചൊവ്വാഴ്ച പന്നികൾ പ്രസവിച്ചതോടെയാണ് എണ്ണം കൂടിയത്.
വിബീഷിന്റെ ഫാമിലാണ് സംഘം ആദ്യമെത്തിയത്. തുടർന്ന് ഷാജിയുടെ ഫാമിലെയും കുര്യാക്കോസിന്റെ ഫാമിലെയും പന്നികളെ കൊന്ന് ബുധനാഴ്ച രാത്രി ഏറെ വൈകിയാണ് സംഘം മടങ്ങിയത്. തവിഞ്ഞാൽ കരിമാനി കൊളങ്ങോടിലെ മുല്ലപ്പറമ്പിൽ എം.വി. വിൻസെന്റിന്റെ ഫാമിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചിരുന്നു. ഇവിടത്തെ 350 പന്നികളെയാണ് കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിലായി കൊന്നൊടുക്കിയത്. ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. കെ. ജയരാജിന്റെ ഏകോപന ചുമതലയില്‍ കാട്ടിക്കുളം വെറ്ററിനറി സര്ജന് ഡോ. വി. ജയേഷിന്റെയും മാനന്തവാടി വെറ്ററിനറി പോളി ക്ലിനിക് സര്ജന് ഡോ. കെ. ജവഹറിന്റെയും നേതൃത്വത്തിലാണ് പന്നികളെ കൊന്ന് സംസ്കരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.