ഭൂമി അളക്കാനെത്തിയ വനം- റവന്യൂ ഉദ്യോഗസ്ഥ സംഘത്തെ പ്രദേശവാസികൾ തടയുന്നു

നൂല്‍പ്പുഴയിൽ സ്വയം സന്നദ്ധ പുനരധിവാസത്തിന് തയാറായവരുടെ ഭൂമി അളക്കാനെത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു

സുല്‍ത്താന്‍ ബത്തേരി: നൂല്‍പ്പുഴ മൂക്കുത്തികുന്നില്‍ സ്വയം സന്നദ്ധ പുനരധിവാസത്തിന് തയാറായവരുടെ ഭൂമി അളക്കാനെത്തിയ വനം-റവന്യു ഉദ്യോഗസ്ഥ സംഘത്തെ പ്രദേശവാസികൾ തടഞ്ഞു. പുനരധിവാസ പദ്ധതിയില്‍ ദുരൂഹതയുണ്ടെന്നും പദ്ധതിയില്‍ സമഗ്ര അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉദ്യോഗസ്ഥരെ തടഞ്ഞത്. ഇതോടെ ഭൂമി അളക്കാതെ ഉദ്യോഗസ്ഥര്‍ മടങ്ങി.

വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള മുക്കുത്തികുന്നില്‍ 147 കുടുംബങ്ങളാണുള്ളത്. ഇതില്‍ 28 കുടുംബങ്ങളാണ് സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി പ്രകാരം മാറിതാമസിക്കാമെന്ന് അധികൃതരെ അറിയിച്ചത്. അതേ സമയം, ഭൂരിഭാഗം കുടുംബങ്ങളും ഒഴിയാന്‍ തയാറല്ല. മറ്റു പ്രദേശങ്ങളില്‍ നിന്ന് വന്ന് മുക്കുത്തുകുന്നില്‍ ഭൂമി വാങ്ങിയവരും അഞ്ചും പത്തും സെന്റ് മാത്രം ഭൂമിയുള്ളവരുമാണ് പദ്ധതി പ്രകാരം ഒഴിയാന്‍ തയാറായതെന്നാണ് നാട്ടുകാരുടെ ആരോപണം.

പതിറ്റാണ്ടുകളായി താമസിക്കുന്ന മണ്ണില്‍ നിന്ന് ഒഴിയില്ലെന്ന് വ്യക്തമാക്കി പ്രദേശവാസികള്‍ ആക്ഷന്‍ കമ്മിറ്റി രൂപവത്കരിച്ച് പ്രക്ഷോഭം നടത്തുകയും ചെയ്തിരുന്നു. ഇതിനിടെയാണ് ബുധനാഴ്ച ഉദ്യോഗസ്ഥ സംഘം ഭൂമി അളക്കാന്‍ എത്തിയത്. ഉദ്യോഗസ്ഥരെ തടഞ്ഞതോടെ നൂല്‍പ്പുഴ പൊലീസ് സ്ഥലത്തെത്തി. തുടര്‍ന്ന് നടത്തിയ ചർച്ചയിൽ പ്രദേശവാസികളുമായി കൂടിയാലോചിച്ച ശേഷമേ സര്‍വേ നടപടികള്‍ തുടരുകയൊള്ളു എന്ന് ഉറപ്പു ലഭിച്ചതോടെയാണ് നാട്ടുകാരുടെ പ്രതിഷേധം അവസാനിച്ചത്. ആക്ഷന്‍ കമ്മിറ്റി പ്രവര്‍ത്തകര്‍ പിന്നീട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫിസിലെത്തി വാര്‍ഡനുമായും ചര്‍ച്ച നടത്തി. ജനപ്രതിനിധികളുടെ സാന്നിധ്യത്തില്‍ നാട്ടുകാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം രമ്യമായി പരിഹരിക്കാനും ചര്‍ച്ചയില്‍ തീരുമാനമായിട്ടുണ്ട്.

Tags:    
News Summary - Officials who came to measure the land were stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.