സുൽത്താൻ ബത്തേരി: കരുതൽമേഖലയുമായി ബന്ധപ്പെട്ട ഉപഗ്രഹ സർവേയിൽ ആശങ്കയും ആശയക്കുഴപ്പവും തീരുന്നില്ല. ഈ സാഹചര്യത്തിൽ കർഷക സംഘടനകളും കോൺഗ്രസും ജില്ലയിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങുകയാണ്. സുൽത്താൻ ബത്തേരി താലൂക്കിൽ ബത്തേരി നഗരസഭ, നൂൽപ്പുഴ, നെന്മേനി പഞ്ചായത്തുകൾ എന്നിവയെയാണ് കരുതൽ മേഖല കൂടുതൽ ബാധിക്കുക. ഇടവേളക്കുശേഷം വിഷയത്തിൽ വലിയ സമരങ്ങൾക്കുള്ള സാധ്യതയാണ് ഉണ്ടായിട്ടുള്ളത്. വെള്ളിയാഴ്ച കരുതൽ മേഖല കൂടുതലായി ബാധിക്കുന്ന മൂന്നു താലൂക്കുകളിലെയും പഞ്ചായത്തുകളിൽ അടിയന്തര യോഗങ്ങളാണ് നടന്നത്. വിഷയത്തിൽ സർക്കാർ ജനങ്ങളുടെ ആശങ്ക പരിഹരിച്ചില്ലെങ്കിൽ ജില്ല വീണ്ടും സമരങ്ങൾക്ക് സാക്ഷ്യം വഹിക്കും.
വനാതിർത്തിയിൽ നിന്നും ഒരു കിലോമീറ്റർ കരുതൽ മേഖലയാക്കാനുള്ള പ്രഖ്യാപനത്തിനെതിരെ വലിയ സമരങ്ങളാണ് മാസങ്ങൾക്ക് മുമ്പ് ജില്ലയിൽ നടന്നത്. ഒരു കിലോമീറ്റർ എന്നത് ആകാശ ദൂരത്തിലാകുമ്പോൾ ഇരട്ടിയിലേറെ ആകുമെന്നതാണ് വലിയ ആശങ്കയുണ്ടാക്കിയത്. ഇതിനിടയിൽ ആകാശ സർവേ റിപ്പോർട്ട് കൂടി പുറത്തുവന്നത് എരിതീയിൽ എണ്ണയൊഴിക്കുന്നതിന് സമാനമായി.
വനത്തോട് ചേർന്ന് കിടക്കുന്ന ബത്തേരി ടൗണിനെ കരുതൽ കാര്യമായി ബാധിക്കുമെന്ന കാര്യത്തിൽ സംശയമില്ല. കരുതൽ മേഖല നടപ്പായാൽ ബത്തേരി നഗരം അമ്പത് വർഷത്തിന് പിറകോട്ടു പോകുന്ന സാഹചര്യമുണ്ടാകുമെന്നാണ് പരിസ്ഥിതി ലോല മേഖലയെ കുറിച്ച് പഠിക്കുന്നവർ പറയുന്നത്. നൂൽപ്പുഴ പഞ്ചായത്ത് കുടിയേറ്റ കാലത്തെ അവസ്ഥയിലേക്ക് നീങ്ങും. നെന്മേനി പഞ്ചായത്തിനും വലിയ തിരിച്ചടികളുണ്ടാകും. കരുതൽ മേഖല 'സീറോ' പോയന്റ് എന്ന നിലയിലാക്കിയാൽ പ്രശ്നങ്ങളൊക്കെ ഒഴിവാകും. അധികൃതരുടെ ഭാഗത്തുനിന്നും അത്തരമൊരു നീക്കം ഉണ്ടാകുന്നില്ല. കിഫ പോലുള്ള പരിസ്ഥിതി സംഘടനകൾ കർഷകരുടെ ഭാഗത്ത് ശക്തമായി നിലയുറപ്പിച്ചിട്ടുണ്ട്.
നിലവില്‍ ആക്ഷേപങ്ങളും പരാതികളും നല്കാന് സര്‍ക്കാര്‍ നിശ്ചയിച്ച തീയതി ഡിസംബര്‍ 23 ആണ്. സുപ്രീംകോടതിയില്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ട് നല്‍കേണ്ട അവസാന തീയതി ജനുവരി 14നുമാണ്. അത്തരമൊരു സാഹചര്യത്തില്‍ ജനങ്ങളുടെ പരാതികള്‍ സ്വീകരിക്കുന്നത് ജനുവരി 31വരെയും സുപ്രീം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട തീയതി ദീര്‍ഘിപ്പിച്ചു വാങ്ങുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യം ശക്തമാണ്. ഈ ആവശ്യമുന്നയിച്ച് കഴിഞ്ഞ ദിവസം ടി. സിദ്ദീഖ് എം.എൽ.എ മുഖ്യമന്ത്രിക്കും വനം മന്ത്രിക്കും നിവേദനവും നൽകിയിരുന്നു. വയനാട് വന്യജീവി സങ്കേത പരിധിയിൽ ബത്തേരി, മാനന്തവാടി, നൂൽപ്പുഴ, നെന്മേനി, തിരുനെല്ലി, പൂതാടി, മുള്ളൻകൊല്ലി, മീനങ്ങാടി, പുൽപള്ളി തുടങ്ങിയ തദ്ദേശ സ്ഥാപനങ്ങളും മലബാർ വന്യജീവി സങ്കേത പരിധിയിൽ പൊഴുതന, തരിയോട് പഞ്ചായത്തുകളും കൊട്ടിയൂർ വന്യജീവി സങ്കേത പരിധിയിൽ പേരിയ വില്ലേജ്, തവിഞ്ഞാൽ, തിരുനെല്ലി പഞ്ചായത്തുകളിലുമാണ് പരിസ്ഥിതി ലോല മേഖല പരിധിയിലെ സർവേ പ്ലോട്ടുകൾ ഉൾപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.