പടിഞ്ഞാറത്തറ: വാഴത്തോട്ടത്തിൽനിന്ന് മയക്കുവെടിയേറ്റ കടുവ സമീപത്തെ കുന്നിൻമുകളിലെ തോട്ടത്തിലൂടെ ഒന്നര കിലോമീറ്ററോളമാണ് കുതിച്ചത്. ഓടിയെത്തിയ കടുവ കുപ്പാടിത്തറ നടമ്മൽ ജുമാമസ്ജിദിന് സമീപമുള്ള അറക്ക മുസ്തഫയുടെ വീടിന്റെ മുറ്റത്തിന് തൊട്ടടുത്തായുള്ള തോട്ടത്തിലാണ് നിലയുറപ്പിച്ചത്.
ഇവിടെ എത്തിയതോടെ മയക്കുവെടിയേറ്റതിന്റെ ഫലം കടുവയിൽ കണ്ടുതുടങ്ങി. അറക്ക മുസ്തഫയുടെ വീടിന് മുന്നിലായുള്ള പുള്ളോടൻ ഇബ്രാഹിമിന്റെ ഉടമസ്ഥതയിലുള്ള തോട്ടത്തിലാണ് കടുവ ഏറെനേരം നിലയുറപ്പിച്ചത്. ഇവിടെനിന്നാണ് കടുവയെ വലയിലാക്കുന്നത്.
മയക്കുവെടിവെക്കുന്നതിന് മുമ്പ് വാഴത്തോട്ടത്തിൽ നിലയുറപ്പിച്ചിരുന്ന കടുവയെ പിടികൂടുന്നതിന് സ്ഥലത്തേക്ക് അറക്ക മുസ്തഫയും പോയിരുന്നു. വെടിയേറ്റ കടുവ കുന്നിറങ്ങി വീടിന് സമീപത്തെ ഭാഗത്തേക്ക് വരാൻ സാധ്യതയുണ്ടെന്നും മുസ്തഫ ഫോണിൽ വിളിച്ച് വീട്ടുകാരെ അറിയിക്കുകയായിരുന്നു.
നിർദേശപ്രകാരം വീടെല്ലാം സുരക്ഷിതമായി പൂട്ടിയിട്ട് നിൽക്കുന്ന സമയത്താണ് വീടിന് അടുത്തേക്ക് കടുവ ഓടിയെത്തിയത്. ഈ സമയം മുസ്തഫയുടെ ഭാര്യയും കുട്ടികളുമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കടുവ വീടിനടുത്ത് തന്നെ ഉണ്ടെന്നറിഞ്ഞപ്പോൾ ആദ്യം ഒന്ന് ഭയന്നെങ്കിലും വനപാലകസംഘം കടുവയുടെ തൊട്ടുപിന്നിൽ ഉണ്ടായിരുന്നത് ആശ്വാസമായി.
വെടിയേറ്റ് മിനിറ്റുകൾക്കുള്ളിൽ തന്നെ കടുവ മുസ്തഫയുടെ വീടിന് സമീപത്തെത്തിയിരുന്നു. മയക്കു വെടിയേറ്റ് തളർന്ന കടുവ കുറച്ചുനേരം തോട്ടത്തിൽ നിന്ന ശേഷം മുസ്തഫയുടെ വീടിനു മുൻവശത്തെ റോഡരികിലുള്ള സ്ഥലത്തേക്ക് മാറി. വീടിന് നേരെ മുൻവശത്ത് എത്തിയ കടുവ പിന്നീട് മയങ്ങി വീഴുകയായിരുന്നു.
ഈ സമയത്ത് നിരവധി പേർ മുസ്തഫയുടെ വീടിന്റെ ഉള്ളിലും മുകളിലുമായി കടുവയെ കാണാൻ തിങ്ങി കൂടി. സൗത്ത് വയനാട് ഡി.എഫ്.ഒ ഷജ്ന കരീമും വനപാലകരും പൊലീസുമടക്കം വലിയ സംഘം സ്ഥലത്തുണ്ടായിരുന്നു. വീടിന് സമീപം കടുവയെത്തിയതറിഞ്ഞതോടെ വീട്ടുകാർ ആദ്യം ഭയപ്പെട്ടെങ്കിലും വലയിലായക്കിയതോടെ ആശങ്കഒഴിഞ്ഞുവെന്നും മുസ്തഫ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.