കല്പറ്റ: പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലിലെ അക്രമങ്ങളിലുണ്ടായ നഷ്ടം ഈടാക്കാന്‍ ഹൈകോടതി ഉത്തരവ് പ്രകാരം നടത്തിയ ജപ്തി നടപടിയില്‍ പേരു ചേര്‍ക്കപ്പെട്ടത് ഹര്‍ത്താലുമായോ നിരോധിത സംഘടനയുമായോ ഒരു ബന്ധവുമില്ലാത്തയാളെയെന്ന് പരാതി. മുട്ടില്‍ കുട്ടമംഗലം സ്വദേശിയും മദ്റസാ അധ്യാപകനുമായ യു.പി. അബ്ദുറഹ്മാന് മുസ്ലിയാരുടെ 14 സെന്റ് സ്ഥലവും വീടുമാണ് റവന്യു ഉദ്യോഗസ്ഥര്‍ കഴിഞ്ഞ 20ന് അളന്നും നോട്ടീസും പതിച്ചും മടങ്ങിയത്.
കേരള മുസ്ലിം ജമാഅത്ത് സജീവ പ്രവര്‍ത്തകനും മുട്ടില്‍ യൂനിറ്റ് പ്രസിഡന്റുമായ അബ്ദുറഹ്മാന് ഹര്‍ത്താലിനോടനുബന്ധിച്ച് പൊലീസ് രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസുകളില്‍ ഒന്നില്‍ പോലും പ്രതിയോ സാക്ഷിയോ അല്ല. ഏതെങ്കിലും കേസില്‍ കോടതിയില്‍ നിന്നോ പൊലീസ് സ്റ്റേഷനില്‍ നിന്നോ ജാമ്യമോ ജാമ്യം എടുക്കേണ്ട ആവശ്യമോ ഉണ്ടായിട്ടില്ല. സ്വത്ത് കണ്ടുകെട്ടിയത് തെറ്റിദ്ധാരണകൊണ്ടോ ആളു മാറിയതോ ആകാമെന്നും നടപടി അവസാനിപ്പിച്ച് തനിക്കും കുടുംബത്തിനും നീതി ലഭ്യമാക്കണമെന്നും അബ്ദുറഹ്മാൻ പറഞ്ഞു. ഭാര്യയും ആറ് മക്കളുമടങ്ങുന്ന കുടുംബമാണ് അബ്ദുറഹ്മാന്റേത്. ജപ്തി നടപടി സംബന്ധിച്ച് മുന്‍കൂര്‍ ഒരു നോട്ടീസ് പോലും ലഭിച്ചിരുന്നില്ല. ഇക്കാര്യത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നാവശ്യപ്പെട്ട് ജില്ല കലക്ടര്‍ക്കും ജില്ല പൊലീസ് മേധാവിക്കും പരാതി നല്‍കിയിട്ടുണ്ട്. സംഭവം മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെക്കൊണ്ട് അന്വേഷിക്കുമെന്ന് എസ്.പി ഉറപ്പുനൽകിയിട്ടുണ്ടെന്നും അബ്ദുറഹ്മാൻ പറഞ്ഞു.
കൽപറ്റ: കേരള മുസ്ലിം ജമാഅത്തും അനുബന്ധ സംഘടനകളും തീവ്രവാദ നിലപാടുകളോട് യോജിക്കുന്നവരല്ലെന്നും നിരപരാധിയായ അബ്ദുറഹ്മാന്റെ വസ്തുവിനുമേല്‍ നിയമനടപടി സ്വീകരിച്ചത് തെറ്റിദ്ധാരണമൂലമാണെന്നും കുടുംബത്തിന് നീതി ലഭ്യമാക്കണമെന്നും കേരള മുസ്ലിം ജമാഅത്ത് നേതാക്കള്‍ വാര്‍ത്തസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നിരപരാധികള്‍ക്കെതിരെ ഇത്തരം നടപടി സ്വീകരിക്കുന്നത് അംഗീകരിക്കാനാവില്ല. ഇതിനു പിന്നില്‍ ഗൂഢാലോചന നടന്നിട്ടുള്ളതായും സംശയിക്കുന്നു. ഇതിനെതിരെ സംഘടന ശക്തമായി പ്രതിഷേധിക്കുന്നതായും അബ്ദുറഹ്മാന് വേണ്ട എല്ലാ നിയമസഹായങ്ങളും ചെയ്തു നല്‍കുമെന്നും എസ്.എം.എ ജില്ല ജനറല്‍ സെക്രട്ടറി കെ.കെ. മുഹമ്മദലി ഫൈസി, കേരള മുസ്ലിം ജമാഅത്ത് ജില്ല വൈസ് പ്രസിഡന്റ് യു.പി. അലി ഫൈസി, ബഷീര്‍ മാണ്ടാട്, മുസ്തഫ കുട്ടമംഗലം എന്നിവര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.