വെള്ളമുണ്ട: ആദിവാസി ഭൂരിപക്ഷ ജില്ലയായ വയനാട്ടിൽ കോവിഡിെൻറ രണ്ടാം തരംഗത്തിൽ വിറങ്ങലിച്ച് ആദിവാസി കോളനികൾ.
ആദ്യഘട്ടത്തിൽ കോളനികളിൽ രോഗവ്യാപനം പിടിച്ചു നിർത്താൻ കഴിഞ്ഞിരുന്നു. ശനിയാഴ്ച വരെ 201 ആക്ടിവ് കേസുകളാണ് കോളനികളിലുണ്ടായത്. കോളനികളിൽ കോവിഡ് വ്യാപനം തടയാൻ ആരംഭിച്ച 'ഊരു രക്ഷ' പദ്ധതി പുരോഗമിക്കുമ്പോഴും രോഗബാധിതർ കൂടിവരുകയാണ്.
ഒന്നാം വ്യാപന സമയത്ത് നാലോ അഞ്ചോ കോളനികളിൽ മാത്രമാണ് കോവിഡ് റിപ്പോർട്ട് ചെയ്തത്. പല പഞ്ചായത്തുകളിലായി നിരവധി കോളനികൾ കണ്ടെയ്ൻമെൻറ് സോണുകളാണ്. തിരുനെല്ലി പഞ്ചായത്തിലെ മുഴുവൻ വാർഡുകളും കണ്ടെയ്ൻമെൻറ് സോണുകളാക്കി.
31 പോസിറ്റിവ് കേസുകൾ ഇവിടെ വന്നു. മേപ്പാടി പഞ്ചായത്തിലെ വട്ടക്കൊല്ലി കോളനിയിൽ പോസിറ്റിവായി മരിച്ചയാളുടെ സമ്പർക്കത്തിൽ 16 പേരുണ്ട്. കണിയാമ്പറ്റ പഞ്ചായത്തിലെ പടവയൽ ആദിവാസി കോളനിയിൽ ഇതുവരെ 12 പോസിറ്റിവ് കേസുകളാണ് ഉണ്ടായത്. സമീപ പഞ്ചായത്തുകളിലെ നിരവധി ആദിവാസി കോളനികളിലും രോഗം കണ്ടെത്തിയത് ആശങ്കക്കിടയാക്കുന്നു.
കോവിഡ് ഭീതി ഉയർന്നതു മുതൽ ആദിവാസി കോളനികളിലെ സ്ത്രീകൾ ജാഗരൂകരായിരുന്നു. പുറത്ത്നിന്ന് ആരു വന്നാലും കോളനികളിലേക്ക് അവർ അടുപ്പിക്കാറില്ല. കോളനിയിലുള്ളവർ ആവശ്യത്തിനല്ലാതെ പുറത്തു പോകാറും ഇല്ല.
പൊതുസമൂഹത്തിനിടയിൽ സമ്പർക്ക രോഗികളടക്കം വർധിക്കുന്നതിനിടയിലും ഒരു ഘട്ടത്തിൽ ജില്ലയിലെ ബഹുഭൂരിപക്ഷം ആദിവാസികൾക്കിടയിൽ കോവിഡ് വരാതിരിക്കാനും ഈ അമ്മമാരുടെ കരുതൽ ഉണ്ടായിരുന്നു. കോവിഡ് വന്നതോടെ പണിയും കുറഞ്ഞു, കൂട്ടത്തിൽ പൊതുസമൂഹവുമായിട്ടുള്ള ബന്ധവും കുറഞ്ഞു. ഇത് ഒരു പരിധി വരെ ഇവർക്ക് സുരക്ഷിത കവചമൊരുക്കുന്നതിൽ പങ്കുവഹിച്ചിട്ടുണ്ട്.
വയനാട്ടിലും പശ്ചിമഘട്ടത്തിെൻറ അടിവാരങ്ങളിലുമുള്ള കാടുകളിലും വനത്തോടു ചേർന്ന ഒറ്റപ്പെട്ട പ്രദേശങ്ങളിലുമാണ് നല്ലൊരു ശതമാനം ആദിവാസികളുടെയും താമസം.
പ്രശ്നങ്ങളില്ലാത്ത സമയത്തും പൊതു സമൂഹത്തോട് വല്ലാതെ ഇണങ്ങാത്ത ഇവരുടെ പ്രകൃതവും ഒരു പരിധി വരെ രോഗ ബാധ തടയാൻ കാരണമായിട്ടുണ്ട്. മരണഭയം ഏറെയുള്ള സമൂഹമാണ് ആദിവാസികൾ. കർണാടകയിൽ ഇഞ്ചിപ്പണിക്ക് പോയവരെക്കുറിച്ച് മാത്രമാണ് ഇവർക്കിടയിൽ ആശങ്ക. എന്നാൽ, തിരിച്ചെത്തിയവർ ആരോഗ്യ വകുപ്പിെൻറ നിർദേശം കൃത്യമായി പാലിക്കാൻ തയാറായി.
എന്നാൽ, രണ്ടു തെരഞ്ഞെടുപ്പു കഴിഞ്ഞതിനെ തുടർന്നുണ്ടായ ജാഗ്രതക്കുറവാണ് നിലവിൽ രോഗികളുടെ എണ്ണം വർധിക്കാനിടയാക്കിയതെന്ന് സാമൂഹിക പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.