മാനന്തവാടി: അധികാര കസേര കൈമാറ്റത്തെച്ചൊല്ലി മാനന്തവാടി നഗരസഭയിൽ കോൺഗ്രസിനുള്ളിലെ തമ്മിലടി നേട്ടമാക്കാനുള്ള നീക്കവുമായി സി.പി.എം. പദ്ധതി വിശദാംശങ്ങൾ സമർപ്പിക്കേണ്ട സമയത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മാർഗരറ്റ് തോമസ് രാജി വെച്ചതോടെയാണ് ഭരണസ്തംഭനവും വികസന പദ്ധതികൾ അട്ടിമറിയും ഉയർത്തി നഗരസഭക്കുള്ളിലും പുറത്തും സി.പി.എം പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ചെയർമാൻ സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മുതലെടുക്കാൻ അവിശ്വാസ പ്രമേയം എന്ന തന്ത്രം പയറ്റാനും സി.പി.എം തയാറായേക്കുമെന്ന സൂചനയുമുണ്ട്.
യു.ഡി.എഫ് ധാരണ പ്രകാരം പൊതുമരാമത്ത് സ്ഥിരംസമിതി അധ്യക്ഷസ്ഥാനം കോൺഗ്രസിലെ പി.വി. ജോർജും വൈ. ചെയർമാൻ സ്ഥാനം ലീഗിലെ പി.വി.എസ്. മൂസയും രാജിവെച്ചിരുന്നു. തൊട്ടുപിന്നാലെ വികസനകാര്യ അധ്യക്ഷസ്ഥാനം മാർഗരറ്റ് തോമസ് രാജിവെച്ചതോടെയാണ് കോൺഗ്രസിലെ അധികാര തർക്കം മറനീക്കി പുറത്ത് വന്നത്. വൈ. ചെയർമാനും സ്ഥിരം സമിതിയും മാറുന്നതിനൊപ്പം ചെയർമാൻ സ്ഥാനവും മാറണമെന്നാണ് ആവശ്യം. എന്നാൽ, ഈ ആവശ്യം ചെയർമാൻ രത്നവല്ലി തള്ളിയത് പ്രതിസന്ധി രൂക്ഷമാക്കി. നിലവിൽ ചെയർമാൻ സ്ഥാനത്തിനായി മൂന്നു പേരാണ് രംഗത്തുള്ളത്. വിമതയായി മത്സരിച്ച് വിജയിച്ച് പാർട്ടിയിലെത്തിയ ലേഖ രാജീവന് വേണ്ടി ഒരു വിഭാഗമുണ്ട്. മാർഗരറ്റ് തോമസ്, സ്മിത ടീച്ചർ എന്നിവരാണ് മറ്റ് രണ്ട് പേർ. അതേസമയം, ഈ മാസം 22ന് ഡി.സി.സി വിളിച്ചിരിക്കുന്ന പാർലമെന്‍ററി പാർട്ടിയോടെ പ്രശ്നങ്ങൾ അവസാനിക്കുമെന്നാണ് നേതാക്കളുടെ കണക്കുകൂട്ടൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.