കൽപറ്റ: കലാശക്കൊട്ടിെൻറ കോലാഹലങ്ങളില്ലാതെ പരസ്യ പ്രചാരണം സമാപിച്ചു. ഇന്ന് നിശ്ശബ്ദ പ്രചാരണം. വോട്ടർമാരെ നേരിട്ടുകണ്ട് വോട്ടുറപ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലായിരിക്കും സ്ഥാനാർഥികൾ. വ്യാഴാഴ്ച വോട്ടർമാർ ബൂത്തിലേക്ക്. കലാശക്കൊട്ടിന് വലിയ റോഡ്ഷോകളും ആഘോഷങ്ങളും ആൾക്കൂട്ടങ്ങളും ഒഴിവാക്കണമെന്ന കർശന നിർദേശം മുന്നണികൾ പാലിച്ചു.
നഗരങ്ങളിലും ടൗണുകളിലും വലിയ പ്രകടനങ്ങൾക്കു പകരം ചെറിയ കവലകൾ കേന്ദ്രീകരിച്ച് ചെറിയ രീതിയിലായിരുന്നു കലാശക്കൊട്ട്. ചെണ്ടയും അനൗൺസ്മെൻറ് വാഹനങ്ങളും മാത്രമായിരുന്നു കലാശക്കൊട്ടിന് അകമ്പടി.
ആരവങ്ങളില്ലാത്ത റോഡ്ഷോ
മാനന്തവാടി: കോവിഡ് പ്രോട്ടോകോൾ അക്ഷരംപ്രതി പാലിച്ച് മുന്നണികളും പ്രവർത്തകരും. തദ്ദേശ തെരഞ്ഞെടുപ്പിെൻറ പരസ്യ പ്രചാരണം സമാപിക്കുന്ന ദിവസം പതിവിൽനിന്ന് വ്യത്യസ്തമായി നഗരങ്ങളിൽ കൊട്ടിക്കലാശം ഉണ്ടായില്ല. പകരം നടന്ന റോഡ്ഷോകൾ ആരവവും പൊലിമയില്ലാത്തതുമായി.
മുൻകാലങ്ങളിൽ വൈകീട്ട് നാലോടെതന്നെ മാനന്തവാടി ഗാന്ധി പാർക്ക് കേന്ദ്രീകരിച്ച് മുന്നണികളുടെ പ്രചാരണ വാഹനങ്ങളും പ്രവർത്തകരും ടൗണിലെ റോഡുകൾ കൈയടക്കുന്നതായിരുന്നു കാഴ്ച. ഇത്തവണ വിരലില്ലെണ്ണാവുന്ന പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നത്. അതേസമയം, ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് കൊട്ടിക്കലാശം നടന്നു. പ്രകടനങ്ങൾ നടത്തിയും പ്രചാരണ വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിച്ചുമാണ് കൊട്ടിക്കലാശം സമാപിച്ചത്.
കൂടിച്ചേരൽ ഇല്ലാതെ നഗരം
സുൽത്താൻ ബത്തേരി: കൊട്ടിക്കലാശം ഇല്ലാത്തതിനാൽ സുൽത്താൻ ബത്തേരി നഗരത്തിലും പ്രചാരണ വാഹനങ്ങളുടെ കൂടിച്ചേരൽ ഉണ്ടായില്ല. ചുങ്കം, ട്രാഫിക് ജങ്ഷൻ, അസംപ്ഷൻ ജങ്ഷൻ എന്നിവിടങ്ങളിലായിരുന്നു കൊട്ടിക്കലാശം നടന്നിരുന്നത്.
മൈക്ക് അനൗൺസ്മെൻറുമായി പ്രചാരണ വാഹനങ്ങൾ നഗരത്തിൽ പതിവിൽ കൂടുതൽ സഞ്ചരിച്ചതു മാത്രമാണ് ചൊവ്വാഴ്ചത്തെ പ്രത്യേകത. നഗരസഭയിലെ 35 ഡിവിഷനുകളിലും മൈക്ക് അനൗൺസ്മെൻറുമായി വാഹനങ്ങൾ നിരവധി എത്തി. ഡിവിഷനുകളിലെ ഒട്ടുമിക്ക കവലകളിലും വൈകീട്ട് സ്ഥാനാർഥികൾ ഉൾപ്പെടെയുള്ളവർ ഒത്തുകൂടി.
വാശി കുറയാതെ വാഹന പ്രചാരണം
വെള്ളമുണ്ട: കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ കൊട്ടിക്കലാശം നിരോധിച്ചെങ്കിലും ടൗണുകളിൽ തെരഞ്ഞെടുപ്പു പ്രചാരണ വാഹനങ്ങളുടെ ശബ്ദ ഏറ്റുമുട്ടൽ. പരസ്യപ്രചാരണത്തിെൻറ അവസാന ദിവസമായ ചൊവ്വാഴ്ച ടൗണുകളിൽ വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രചാരണ അനൗൺസ്മെൻറ് വാഹനങ്ങളാണ് കൊട്ടിക്കലാശം നടത്തിയത്.
വെള്ളമുണ്ട പഞ്ചായത്തിലെ ഏറ്റവും വാശിയേറിയ മത്സരം നടക്കുന്ന എട്ടേനാൽ ടൗണിലാണ് പ്രചാരണ വാഹനങ്ങൾകൊണ്ട് കൊട്ടിക്കലാശത്തിന് പുതിയ രൂപം കണ്ടത്.ഇടതു-വലത് സ്ഥാനാർഥികളുടെ പ്രചാരണ വാഹനങ്ങൾ ടൗണിലെ മൂന്നു ഭാഗങ്ങളിലായി നിർത്തിയിട്ട് നടത്തിയ കലാശകൊട്ട് പ്രവർത്തകരുടെ ബഹളമില്ലാതെ, പഴയ കാലത്തേതിന് സമാനമായി ബഹളമയമായ കൊട്ടിക്കലാശം സൃഷ്ടിച്ചു. വാഹനങ്ങളുടെ പ്രചാരണത്തിനു മുേമ്പ സ്ഥാനാർഥിക്കൊപ്പം പ്രവർത്തകർ വോട്ടഭ്യർഥിച്ച് പ്രകടനവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.