കൽപറ്റ: ജില്ല പഞ്ചായത്തിലുണ്ടായ തിരിച്ചടിക്കു പിന്നാലെ കോൺഗ്രസിൽ നേതാക്കളുടെ പരസ്യപ്പോര്. കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ കെ.എൽ. പൗലോസും ഐ.എൻ.ടി.യു.സി സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. അനിൽകുമാറുമാണ് ആരോപണങ്ങളുമായി എത്തിയത്. ജില്ല പഞ്ചായത്തിലേക്ക് പൊഴുതന ഡിവിഷനിൽനിന്നു മത്സരിച്ച കെ.എൽ. പൗലോസ് പരാജയപ്പെട്ടിരുന്നു.
ജില്ലയിൽ യു.ഡി.എഫിെൻറ ഉറച്ച സീറ്റുകളിലെ പരാജയത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് പൗലോസ് ആവശ്യപ്പെട്ടു. പൊഴുതന ജില്ല പഞ്ചായത്ത് ഡിവിഷനിൽ തന്നെ തോൽപിക്കാൻ ചിലർ സംഘടിതരായി പ്രവർത്തിച്ചു. ഇതിന് സി.പി.എമ്മിനെ കൂട്ടുപിടിച്ചു. വോട്ട് ചോർച്ചയുണ്ടായതിനാൽ താൻ മത്സരിച്ച ഡിവിഷനിലെ ചില പഞ്ചായത്തുകളിലും യു.ഡി.എഫ് പരാജയപ്പെട്ടു.
ഇത് താൻ മത്സരിച്ചതുകൊണ്ടാണെന്ന് ആക്കിത്തീർക്കാനാണെന്നും അദ്ദേഹം ആരോപിച്ചു. തനി കച്ചവടമാണ് ചില ഡിവിഷനുകളിലടക്കം നടന്നതെന്നും വോട്ട് ചോർച്ചയെക്കുറിച്ച് വിശദമായി അന്വേഷണം നടത്തണമെന്നും നേതൃത്വത്തോട് അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
വിജയം ഉറപ്പിച്ച സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ പരാജയപ്പെട്ടത് അന്വേഷിക്കണമെന്ന് പി.കെ. അനില്‍കുമാറും ആവശ്യപ്പെട്ടു. പൊഴുതന ഡിവിഷനിൽ സ്ഥാനാർഥിത്വത്തിനായി അനിൽകുമാറും രംഗത്തുണ്ടായിരുന്നു. പൊഴുതന സീറ്റ് കെ.എല്‍. പൗലോസ് പിടിച്ചുവാങ്ങിയതാണ്.
പിടിച്ചുവാങ്ങിയ സീറ്റില്‍ ജയിക്കാനുള്ള കഴിവുണ്ടാകണം. ആരും മത്സരിക്കാനില്ലാത്തതിനാലാണ് താന്‍ പൊഴുതനയില്‍ മത്സരിച്ചതെന്ന പൗലോസിെൻറ വാദം തെറ്റാണെന്നും പറഞ്ഞു.
പൗലോസിനെ കോണ്‍ഗ്രസിെൻറ ഉറച്ച സീറ്റില്‍ മത്സരിപ്പിക്കണമായിരുന്നു. പ്രസിഡൻറ് സ്ഥാനാര്‍ഥിയായി മത്സരിച്ച പൗലോസ് പൊഴുതനയില്‍ തോല്‍ക്കുമെന്ന പ്രതീതിയുണ്ടായത് മറ്റ് ഡിവിഷനുകളിലും പരാജയത്തിന് കാരണമായി.
പ്രാദേശികമായ പ്രത്യേകതകള്‍ പഠിക്കാതെയാണ് പൗലോസിനെ പൊഴുതനയില്‍ മത്സരിപ്പിച്ചത്. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അപാകതയാണ് തോല്‍വിക്ക് കാരണം. ഇതിന് നേതൃത്വം മറുപടി പറയണം. പൊഴുതനയിലെ പരാജയം മാത്രം ചര്‍ച്ച ചെയ്താല്‍ പോരാ, ജില്ല പഞ്ചായത്ത് എടവക ഡിവിഷനില്‍ ഡി.സി.സി ജനറല്‍ സെക്രട്ടറി ശ്രീകാന്ത് പട്ടയെൻറയും കല്പറ്റ നഗരസഭയില്‍ കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം പി.പി. ആലിയുടെയും പരാജയം അന്വേഷിക്കണം. സമവായ കമ്മിറ്റി ഗൂഢാലോചന കമ്മിറ്റിയായി മാറി. കമ്മിറ്റിയിലുള്ളവരുടെ സ്വാര്ഥതാല്പര്യം മാത്രമായിരുന്നു സ്ഥാനാര്‍ഥി നിര്‍ണയത്തിലെ മാനദണ്ഡം.
നേതാക്കള്‍ വരുമ്പോള്‍ അവരുടെ വാഹനത്തില്‍ കയറുന്നവരല്ല ജനപിന്തുണയുള്ളവര്‍ എന്ന് നേതൃത്വത്തിലുള്ളവര്‍ മനസ്സിലാക്കണം. ഇവര്‍ക്ക് ജനങ്ങളുടെ ഇടയില്‍ ഒരു സ്വാധീനവും ഇല്ലായെന്നാണ് തെരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നത്.
തൊലിപ്പുറത്തെ ചികിത്സകൊണ്ട് ജില്ലയിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ പരിഹരിക്കില്ല. ബൈപാസ് സര്‍ജറിതന്നെ വേണമെന്നും അനില്‍കുമാര്‍ ആവശ്യപ്പെട്ടു. വരുംദിവസങ്ങളിൽ കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.