കൽപറ്റ: സൗത്ത് വയനാട് ഡിവിഷൻ മേപ്പാടി റേഞ്ച് പരിധിയിൽ വരുന്ന വിത്ത്കാട് ഭാഗത്തുനിന്ന് ചന്ദന മരങ്ങൾ മുറിച്ചുകടത്തിയ കേസിൽ രണ്ടുപേരെ വനം വകുപ്പ് പിടികൂടി.ചൂരൽമല സ്വദേശി വളപ്പിൽ വീട്ടിലെ അനൂപ് (24), മേപ്പാടി മുക്കിൽപീടിക പനങ്ങാടൻകുന്നത്ത് വീട്ടിൽ പി.കെ. മുഹമ്മദ് ഷഫീഖ് (25) എന്നിവരാണ് പിടിയിലായത്. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന് ചന്ദനമരങ്ങൾ മുറിച്ച് അയൽ ജില്ലകളിലേക്കും സംസ്ഥാനങ്ങളിലേക്കും കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പിടിയിലായവർ.
കേസിൽ കൂടുതൽ പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടെന്നും ബാക്കിയുള്ളവരെക്കുറിച്ച് വ്യക്തമായ സൂചനകൾ ലഭിച്ചതായും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും മേപ്പാടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ കെ. ബാബുരാജ് അറിയിച്ചു. പിടിയിലായ പ്രതികൾക്കെതിരെ സമാനകേസുകളും കഞ്ചാവ് വിൽപന നടത്തിയതിനും കൈവശം വെച്ചതിനും പൊലീസിലും എക്സൈസിലും കേസുകളുണ്ട്. അന്തർ സംസ്ഥാന കഞ്ചാവ് മാഫിയയിലെ പ്രധാന സംഘാംഗമാണ് പിടിയിലായ അനൂപ്. സംസ്ഥാനാന്തര പാതകളിൽ വാഹനങ്ങൾ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസുകളിലും പ്രതിയാണിയാൾ.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസർ കെ.പി. അഭിലാഷ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർമാരായ സി.സി. ഉഷാദ്, കെ.ആർ. വിജയാനാഥ്, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ പി.എസ്. അജീഷ്, ബിബിൻ എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.