കൽപറ്റ: ജില്ലയിലെ കാലങ്ങളായി പരിഹരിക്കപ്പെടാതിരുന്ന വിവിധ വിഷയങ്ങൾക്ക് ഉൾപ്പെടെ പരിഹാരം കണ്ടെത്തിയ ജില്ല കലക്ടർ എ. ഗീത വയനാടിന്റെ പടിയിറങ്ങുന്നു. ഇനിയും ഒട്ടെറേ കാര്യങ്ങൾ ജില്ലക്കായി ചെയ്യാനുണ്ടെന്നിരിക്കെയാണ് ചുരുങ്ങിയ കാലത്തിനുശേഷം എ. ഗീത കോഴിക്കോട് ജില്ല കലക്ടറായി സ്ഥലം മാറിപ്പോകുന്നത്. തിങ്കളാഴ്ചയാണ് ജില്ല കലക്ടർ എ. ഗീത വയനാട് കലക്ടറേറ്റിൽനിന്ന് ഔദ്യോഗികമായി നടപടികൾ പൂർത്തിയാക്കി പടിയിറങ്ങിയത്.
പതിനെട്ട് മാസത്തോളം നീണ്ടു നിന്ന കലക്ടര്‍ പദവിയില്‍ വയനാടിന്റെ നാനാവിധ പ്രശ്നങ്ങളില്‍ ഇടപെടാനും മലയോര ജില്ല നേരിടുന്ന നിരവധി പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരം കാണാനുമായിരുന്നു സമയം കണ്ടെത്തിയിരുന്നത്. ഏറ്റവും കൂടുതല്‍ പട്ടികവര്‍ഗ്ഗ ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന ജില്ലയെന്ന നിലയില്‍ ഇവര്‍ നേരിടുന്ന പ്രശ്നങ്ങളിലേക്കു കൂടുതല്‍ ശ്രദ്ധചെലുത്തി. കേന്ദ്രസർക്കാറിന്റെ ആസ്പിരേഷനല്‍ ജില്ല പദ്ധതിയിലുള്‍പ്പെടുന്ന ജില്ല ഡെൽറ്റ റാങ്കിങ്ങിൽ ദേശീയ തലത്തിൽ ഒന്നാം സ്ഥാനം നേടി. എല്ലാ ആദിവാസി കുടുംബങ്ങള്‍ക്കും ആധികാരിക രേഖകള്‍ ഉറപ്പാക്കുന്ന എ.ബി.സി.ഡി കാമ്പയിന് രാജ്യത്തുതന്നെ ശ്രദ്ധേയ നേട്ടമായി. നാനാ മേഖലയിലും മികവാര്‍ന്ന നേട്ടത്തിന് സംസ്ഥാന സര്‍ക്കാറിന്റെ പ്രധാന റവന്യൂ പുരസ്കാരങ്ങളെല്ലാം ജില്ലയിലെത്തി.
1965 കാലം മുതല്‍ കൈവശരേഖക്കും പട്ടയത്തിനും അപേക്ഷ നല്‍കിയവര്‍ക്കു തുണയായി മാറുകയായിരുന്നു പട്ടയമേളകള്‍. 3181 പട്ടയങ്ങള്‍ ഇക്കാലയളവിൽ വിതരണം ചെയ്തു. ജില്ല കലക്ടറെന്ന നിലയില്‍ ആത്മാര്‍പ്പണത്തോടെയുള്ള ജോലിത്തിരക്കിനിടയിലും കലാകാരിയായും എ. ഗീത തിളങ്ങി. വയനാട്ടിലെത്തിയശേഷം ഏറെക്കാലം ആഗ്രഹിച്ചിരുന്ന കഥകളി പഠനത്തിനും സമയം കണ്ടെത്തി.
കാലങ്ങളായി ഭൂമിയുടെ അവകാശത്തിന് വേണ്ടി കാത്തിരിക്കുന്ന അനേകം കുടുംബങ്ങള്‍, ആധികാരിക രേഖകള്‍ പ്രാപ്യമല്ലാതിരുന്ന ആദിവാസികള്‍, കര്‍ഷകരും സാധാരണക്കാരും ഏറെയുള്ള ജില്ലയുടെ ഇങ്ങനെയുള്ള സങ്കടങ്ങള്‍ക്ക് ഒരുപടി മുന്നില്‍ പരിഹാരം കാണാനായതിന്റെ ചാരിതാഥ്യത്തിലാണ് ഇവിടെനിന്നും പോകുന്നതെന്ന് ജില്ല കലക്ടർ എ. ഗീത പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.