കൽപറ്റ: കേരള വോളിബാൾ അസോസിയേഷനെ ക്രമക്കേടുകളെ തുടർന്ന് സസ്പെൻഡ് ചെയ്തിട്ടുള്ളതിനാൽ ജില്ല ചാമ്പ്യൻഷിപ്പുകൾ നടത്താനൊരുങ്ങി സ്പോർട്സ് കൗൺസിൽ. സസ്പെൻഷൻ കാലയളവിൽ വോളിബാൾ അസോസിയേഷൻ നടത്തുന്ന ചാമ്പ്യൻഷിപ്പുകൾക്ക് അംഗീകാരമില്ലാത്തതിനാൽ താരങ്ങൾക്ക് ഗ്രേസ് മാർക്കും സ്പോർട്സ് േക്വാട്ട അഡ്മിഷൻ പരിഗണനയും ലഭിക്കില്ല. ഈ സാഹചര്യത്തിലാണ് ജില്ല സ്പോർട്സ് കൗൺസിൽ 'കോർട്ടിലിറങ്ങുന്നത്'.
അസോസിയേഷെൻറ സസ്പെൻഷൻ കാലയളവിൽ ചാമ്പ്യൻഷിപ്പുകൾ നടത്തേണ്ടത് ജില്ല സ്പോർട്സ് കൗൺസിലാണെന്ന സംസ്ഥാന സ്പോർട്സ് കൗൺസിലിെൻറ നിർദേശ പ്രകാരമാണ് ജില്ല ചാമ്പ്യൻഷിപ് ഏറ്റെടുത്ത് നടത്തുന്നത്. ഇതിെൻറ ആദ്യഘട്ടമായി ഡിസംബർ അവസാനം മിനി ചാമ്പ്യൻഷിപ് നടത്തുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളത്തിൽ അറിയിച്ചു. 2008 ജനുവരി ഒന്നിനുശേഷം ജനിച്ചവർക്ക് പങ്കെടുക്കാം. അഫിലിയേറ്റ് ചെയ്തിട്ടുള്ള എല്ലാ ക്ലബുകൾക്കും വായനശാലകൾക്കും വിദ്യാലയങ്ങൾക്കും മിനി ചാമ്പ്യൻഷിപ്പിൽ ടീമിനെ പങ്കെടുപ്പിക്കാം.
അസോസിയേഷൻ നടത്തുന്ന ചാമ്പ്യൻഷിപ്പിൽനിന്ന് വിഭിന്നമായി രജിസ്ട്രേഷൻ ഫീസൊന്നും ഈടാക്കാതെയാണ് കൗൺസിലിെൻറ മത്സരങ്ങൾ. പുതുതായി ക്ലബുകൾ രജിസ്റ്റർ ചെയ്തും കളത്തിലിറങ്ങാം. ചാമ്പ്യൻഷിപ്പിെൻറ നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി യോഗം ബുധനാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു ചേരും. ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് എം.മധു, വൈസ് പ്രസിഡൻറ് സലിം കടവൻ, സെക്രട്ടറി എ.ടി. ഷൺമുഖൻ, സംസ്ഥാന സ്പോർട്സ് കൗൺസിൽ മെംബർ കെ. റഫീഖ്, ജില്ല സ്പോർട്സ് കൗൺസിൽ മെംബർ അയ്യൂബ് പാലക്കുന്നൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.