മുണ്ടേരി: മൂന്നുനാൾ നീളുന്ന കൗമാര കായിക പോരാട്ടത്തിന് മുണ്ടേരി മരവയൽ എം.കെ. ജനസാന്ദ്രൻ സ്മാരക ജില്ല സ്റ്റേഡിയത്തിൽ തുടക്കം. റവന്യൂ ജില്ല സ്കൂൾ കായിക മേളയിലെ ആദ്യ ദിനത്തിൽ 29 പോയന്റുമായി ജി.എച്ച്.എസ്.എസ് കാട്ടിക്കുളമാണ് മുന്നിലുള്ളത്. 20 പോയന്റുമായി ജി.എച്ച്.എസ്.എസ് കാക്കവയൽ രണ്ടാം സ്ഥാനത്തുണ്ട്. മൂന്നാം സ്ഥാനത്തുള്ള ജി.എച്ച്.എസ്.എസ് ആനപ്പാറക്ക് 13 പോയന്റാണുള്ളത്.
ഉപജില്ല തലത്തിൽ ഏഴുസ്വർണവും എട്ട് വെള്ളിയും ഉൾപ്പെടെ 64 പോയന്റുമായി സുൽത്താൻ ബത്തേരി ഒന്നാം സ്ഥാനത്തും 52 പോയന്റുമായി മാനന്തവാടി രണ്ടാം സ്ഥാനത്തുമുണ്ട്. വൈത്തിരിക്ക് ആദ്യദിവസം 33 പോയന്റാണ് ലഭിച്ചത്. ഇത്തവണ കൽപറ്റ എസ്.കെ.എം.ജെ ഹയർ സെക്കൻഡറി സ്കൂളിന്റെ ആഥിത്യത്തിലാണ് മേള നടക്കുന്നത്.
വൈത്തിരി, ബത്തേരി, മാനന്തവാടി ഉപജില്ലകളിൽ നിന്നായി സബ്ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളായി 96 ഇനങ്ങളിൽ 600 കായിക പ്രതിഭകളാണ് ട്രാക്കിലും ഫീൽഡിലുമായി പോരിനിറങ്ങുന്നത്. കായിക മാമാങ്കത്തിന്റെ ഭാഗമായി ദീപശിഖ പ്രയാണം വ്യാഴാഴ്ച രാവിലെ 10ന് കൽപറ്റ എസ്.കെ.എം.ജെ സ്കൂൾ ഗ്രൗണ്ടിൽനിന്ന് ആരംഭിക്കും. ഡി.ഡി.ഇ വി. ശശീന്ദ്ര വ്യാസ് ദീപശിഖ കൊളുത്തും. തുടർന്ന് ജില്ലാ സ്റ്റേഡിയത്തിൽ ഒളിമ്പ്യൻ ഒ.പി. ജയ്ഷ ദീപശിഖ സ്ഥാപിക്കും.
കഴിഞ്ഞ രണ്ടുവർഷം കാട്ടിക്കുളം ഗവ. ഹയർ സെക്കൻഡറി സ്കൂളായിരുന്നു ചാമ്പ്യന്മാർ. ഏഴു തവണ ചാമ്പ്യന്മാരായ കാട്ടിക്കുളം ഇത്തവണ മികച്ച താരങ്ങളെ തന്നെയാണ് കളത്തിലിറക്കുന്നത്. 14 പെൺകുട്ടികളും 15 ആൺകുട്ടികളും അടങ്ങുന്ന 29 കായിക പ്രതിഭകളാണ് ഇത്തവണ കാട്ടിക്കുളത്തിന് വേണ്ടി എത്തിയത്. 138 പോയന്റോടെയാണ് കഴിഞ്ഞതവണ കാട്ടിക്കുളം കായിക കിരീടത്തിൽ മുത്തമിട്ടത്. 68 പോയന്റുമായി കൽപറ്റ ജി.എം.ആർ.എസാനായിരുന്നു രണ്ടാം സ്ഥാനം.
ജില്ല കായികമേളയിൽ ബുധനാഴ്ച താരങ്ങളായത് ഇരട്ടകളായ അഞ്ജലീന മേരിയും അഞ്ജന മേരിയും. സീനിയർ ഗേൾസ് 1500 മീറ്റർ ഓട്ടത്തിലാണ് കാക്കവയൽ ജി.എച്ച്.എസ്.എസിലെ അഞ്ജലീന മേരിയും അഞ്ജന മേരിയും ഒന്നു രണ്ടും സ്ഥാനങ്ങൾ നേടിയത്. ആദ്യമായാണ് അഞ്ജലീന ജില്ലതലത്തിലേക്കെത്തുന്നത്. അഞ്ജനയാകട്ടെ കഴിഞ്ഞ വർഷം ജില്ലതലത്തിൽ 3000, 1500 മീറ്റർ ഓട്ടത്തിന് പങ്കെടുത്തുവെങ്കിലും നാലാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
വാഴവറ്റ ജോണിയുടെയും പരേതയായ മേരിയുടെയും മക്കളായ ഇവർ പ്ലസ് ടുവിന് ഒരേ ക്ലാസിലാണ് പഠനം. ഇല്ലായ്മയിൽനിന്ന് ഏറെ കഷ്ടപ്പെട്ട് അധ്യാപകരടക്കമുള്ളവരുടെ സഹായത്താലാണ് ഇവർ ജില്ലതലത്തിൽ അഭിമാന നേട്ടം കൈവരിക്കുന്നത്. അഞ്ജലീന 3000, 800 മീറ്ററിലും അഞ്ജന 3000 മീറ്ററിലും കൂടി മത്സരിക്കുന്നുണ്ട്. എം.കെ. ബിന്ദു, കെ.എ സുഹൈൽ എന്നിവരുടെ ശിക്ഷണത്തിലാണ് ഇവരുടെ കായിക മുന്നേറ്റം.
100 മീറ്റര്‍ ഓട്ടത്തില്‍ വേഗതാരങ്ങളായി ദാന്‍വി ദിനേശും ആര്.എം. മഹ്റൂഫും. ഇരുവരും കല്പറ്റ സ്പോര്‍ട് ഹോസ്റ്റല്‍ താരങ്ങളാണ്. ജില്ലതലത്തിൽ കന്നി മത്സരത്തിനെത്തിയാണ് ദാന്‍വി ദിനേശ് 100 മീറ്റര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ സ്വര്‍ണം നേടിയത്. മുണ്ടേരി ജി.വി.എച്ച്.എസ്.എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ് ദാന്‍വി. കഴിഞ്ഞവര്‍ഷം നേടിയ രണ്ടാം സ്ഥാനം ഇക്കുറി ഒന്നാമതാക്കി മാറ്റിയാണ് തൃശൂര്‍ വാടനപ്പള്ളി സ്വദേശിയായ ആര്.എം. മഹറൂഫ് വേഗതാരമാകുന്നത്. മുണ്ടേരി ജി.വി.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ഇരുവര്‍ക്കും 200, 400 മീറ്റര്‍ മത്സരങ്ങൾ കൂടിയുണ്ട്.
മുണ്ടേരി: ജില്ല കായിമേളയിൽ ആദ്യ സ്വർണക്കൊയ്ത്ത് ചീരാൽ ജി.എം.എച്ച്.എസ്.എസിലെ അയ്മൻ അലിക്ക്. സബ് ജൂനിയർ ബോയ്സ് വിഭാഗം ഷോട്ട്പുട്ടിൽ അഞ്ചു ചാൻസിലും മൂന്നാം സ്ഥാനത്തായിരുന്ന അയ്മൻ അവസാന അവസരത്തിൽ സ്വർണമുറപ്പിക്കുകയായിരുന്നു. മേളയുടെ ആദ്യ സ്വർണ ജേതാവ് കൂടിയാണ് അയ്മൻ അലി. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ അയ്മൻ 9.29 മീറ്റർ ദൂരമാണ് എറിഞ്ഞത്. എട്ടുപേരാണ് സബ് ജൂനിയർ വിഭാഗത്തിൽ മത്സരത്തിനുണ്ടായിരുന്നത്
ജൂനിയര്‍ പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ വിജയം ആവര്‍ത്തിച്ച് കെ.ആര്. അമൃത. മത്സരത്തിൽ രണ്ടാം സ്ഥാനം സ്വന്തമാക്കിയത് അമൃതയുടെ അച്ഛന്റെ സഹോദരന്റെ മകള്‍ ദേവനന്ദ. കഴിഞ്ഞവര്‍ഷവും ജൂനിയര്‍ വിഭാഗത്തില്‍ അമൃതക്ക് തന്നെയായിരുന്നു സ്വര്‍ണം. ആനപ്പാറ ജി.എച്ച്.എസ് എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ് ഇരുവരും. ഇരുവരും ഒരേക്ലാസിലാണ് പഠിക്കുന്നത്.
കോച്ചും അത്ലറ്റിക് ദേശീയ റഫറിയുമായ ഷിജിന് തിരൂരാണ് പരിശീലകന്. അമൃതക്ക് 200, 400 മീറ്ററും ദേവനന്ദക്ക് 200, ട്രിപ്ള്സുമാണ് ഇനിയുള്ളത്. കോട്ടപ്പുറത്ത് കെ.പി. രമേശ്-ബോബി ദമ്പതികളുടെ മകളാണ് അമൃത. കോട്ടപ്പുറത്ത് കെ.പി. മുരളി-ശ്രുതി ദമ്പതികളുടെ മകളാണ് ദേവനന്ദ. സംസ്ഥാന തലത്തിലും മികച്ച നേട്ടം സ്വന്തമാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇവർ.
സീനിയർ ഗേൾസ് വിഭാഗം പോൾ വാൾട്ടിൽ മേഘ സിധുലാൽ സ്വർണം കൊയ്തത് 1.55 മീറ്റർ ചാടി. കാട്ടിക്കുളം ജി.എച്ച്.എസ്.എസിലെ വിദ്യാർഥിയായ മേഘക്ക് തന്നെയായിരുന്നു കഴിഞ്ഞ രണ്ടുവർഷവും സ്വർണം. ലോങ് ജംപിലും ട്രിപ്ൾ ജംപിലുംകൂടി മത്സരത്തിനിറങ്ങുന്ന മേഘ അപ്പപ്പാറ സിധുലാൽ -സാനിത ദമ്പതികളുടെ മകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.