പുൽപള്ളി: ഇരുളം, തൂത്തിലേരി, നായരുകവല തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി കുടുംബങ്ങൾ മഴക്കാലത്തും കുടിവെള്ളത്തിന് അലയുന്നു. സർക്കാർ പതിച്ചുനൽകിയ ഭൂമിയിൽ കഴിയുന്ന ഈ കുടുംബങ്ങൾ വെള്ളത്തിനായി ഒന്നും രണ്ടും കിലോമീറ്റർ വരെ താണ്ടുകയാണ്. അങ്ങാടിശ്ശേരിക്കടുത്ത ഒഴുകിയെത്തുന്ന നീരുറവയാണ് ഇവർക്ക് ഏക ആശ്രയം.തൂത്തിലേരിയിൽ 60ഓളം കുടുംബങ്ങൾ താമസിക്കുന്നുണ്ട്. ഇവർക്കായി നിർമിച്ചുനൽകിയ കിണർ മലിനമയമാണിന്ന്. ഈ വെള്ളം ഉപയോഗിക്കാൻ കഴിയാത്തതിനാൽ കിലോമീറ്ററോളം നടന്ന് വെള്ളം കൊണ്ടുവരേണ്ട ഗതികേടാണ്. നായരുകവലയിലും ഇതേ അവസ്ഥ തന്നെയാണ്.
ഇവിടെ വനം വകുപ്പിന്റെ ഭൂമി കൈയേറി താമസിക്കുന്ന 500ഓളം കുടുംബങ്ങളുണ്ട്. താൽക്കാലിക കുടിലുകൾ കെട്ടി കഴിയുന്നവരാണിവർ. ഇവർക്കും ആശ്രയം ഈ പ്രദേശത്തെ നീരുറവ മാത്രമാണ്. വനത്തിനുള്ളിൽനിന്ന് ഒഴുകിയെത്തുന്ന വെള്ളം മുളപ്പാത്തി വഴി ശേഖരിക്കുകയാണ്. അങ്ങാടിശ്ശേരി ഭാഗത്തും നിരവധി ആദിവാസി കുടുംബങ്ങൾ കഴിയുന്നുണ്ട്. ഇവരും ജലക്ഷാമത്താൽ വലയുകയാണ്. ചില കേന്ദ്രങ്ങളിൽ വർഷങ്ങൾക്കുമുമ്പ് കിണർ നിർമിച്ചുനൽകിയെങ്കിലും പലതും ഉപയോഗശൂന്യമാണ്. ഈ കുടുംബങ്ങളുടെ കുടിവെള്ള പ്രശ്നം പരിഹരിക്കുന്നതിന് ഇടപെടലുകൾ ഉണ്ടാകണമെന്ന ആവശ്യം പരിഗണിക്കപ്പെടുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.