സുൽത്താൻ ബത്തേരി: അഗ്‌നി രക്ഷസേനയുടെ സമയോചിതമായ ഇടപെടൽ വയോധികയുടെ ജീവൻ രക്ഷിച്ചു. മൂലങ്കാവിനടുത്ത് തേലമ്പറ്റ അന്നമ്മ(74) യെയാണ് അഗ്നി രക്ഷസേന 50 അടി താഴ്ചയുള്ള കിണറിൽ നിന്നും രക്ഷപ്പെടുത്തിയത്. തിങ്കളാഴ്ച വൈകുന്നേരമാണ് അന്നമ്മ അബദ്ധത്തിൽ കിണറിൽ വീണത്.
മക്കൾ പലയിടത്തും തിരച്ചിൽ നടത്തിയെങ്കിലും ചൊവ്വാഴ്ച വെളുപ്പിനാണ് കിണറിനുള്ളിൽ പൈപ്പ് കെട്ടിയ കയറിൽ പിടിച്ചുനിൽക്കുന്ന നിലയിൽ അന്നമ്മയെ കണ്ടെത്തിയത്. ഉടൻ സുൽത്താൻ ബത്തേരി അഗ്നിരക്ഷ നിലയത്തിൽ അറിയിച്ചു.
അഞ്ച് അടിയോളം വെള്ളമുണ്ടായിരുന്നെങ്കിലും കിണറിന് അകത്തുള്ള ചെറിയ റിങ്ങിൽൽ കയറി നിൽക്കാൻ കഴിഞ്ഞതാണ് വലിയ അപകടമൊഴിവാക്കിയത്. ഓഫിസർ എ.ബി. സതീഷ് റെസ്ക്യു നെറ്റിൽ കിണറിൽ ഇറങ്ങി നെറ്റ് ഉപയോഗിച്ച് കരക്ക് കയറ്റി. അന്നമ്മക്ക് വലിയ പരിക്ക് പറ്റിയിരുന്നില്ല. കയറിൽ തൂങ്ങി നിന്നതിനാൽ അവശയായിരുന്നു.
അഗ്നി രക്ഷ സ്റ്റേഷൻ ഇൻ ചാർജ്ജ് പി.കെ. ഭരതൻ, അസി. സ്റ്റേഷൻ ഓഫിസർ ഐ. ജോസഫ്, ഫയർ ഓഫിസർമാരായ സി.കെ. നിസാർ, കെ.എം. ഷിബു, എൻ.എസ്. അനൂപ്, എം.ബി. ബിനു, പി.ഡി. അനുറാം , എ. ശ്രീരാജ്, ഹോംഗാർഡ് ഷിനോജ്, ഫ്രാൻസിസ് എന്നിവർ രക്ഷ പ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.