കൽപറ്റ: വനത്തിൽവെച്ച് കടുവയുടെ പിടിയിൽപെട്ട വനം റേഞ്ച് ഓഫിസറും വാച്ചറും രക്ഷപ്പെട്ടത് തലനാരിഴക്ക്. ചെതലയം വനം റേഞ്ച് ഓഫിസർ ടി. ശശികുമാറും വാച്ചർ മാനുവൽ ജോർജും കടുവയുമായി ഏറ്റുമുട്ടിയതിെൻറ നടുക്കം വിട്ടുമാറാതെ. ഇന്നലെയും ആശുപത്രിയിൽ പോയി പേ വിഷബാധക്കെതിരായ കുത്തിവെപ്പെടുത്തു. ഉറക്കത്തിലും കടുവയുടെ മുരളൽ, ഗർജനമായി പിന്തുടരുന്നു. നരഭോജി കടുവ തലക്കു േനരെ ചാടി പല്ലും നഖവും ആഴ്ത്തിയപ്പോൾ ഹെൽമറ്റ് ഒരു ഭാഗം തകർന്ന് റേഞ്ചറുടെ ഇടത്തേ നെറ്റിയിൽ ചോര വാർന്നു. കാടുമായി 35 വർഷത്തെ സർവിസ് ജീവിതത്തിനിടെ ഇതുപോലെ ഭയാനകമായ സംഭവം ഉണ്ടായിട്ടില്ലെന്ന് ശശികുമാർ പറഞ്ഞു.
മാനുവൽ കൂടെ ഉണ്ടായിരുന്നില്ലെങ്കിൽ കടുവ വലിച്ചിഴച്ചുകൊണ്ടുപോകുമായിരുന്നു. മാനുവൽ കെമ്പടുെത്തറിഞ്ഞപ്പോൾ പിടിവിട്ട് അയാൾക്കു നേരെ ചാടിയ കടുവ, നിലത്തുകിടന്ന തോക്കുപയോഗിച്ച് കുത്തിയപ്പോഴാണ് പിൻവാങ്ങിയത്. അതുകൊണ്ടു മാത്രം രണ്ടു ജീവൻ കിട്ടി. മഴകൊള്ളാതിരിക്കാൻ നാട്ടുകാരൻ നൽകിയ െഹൽമറ്റ് ഉള്ളതുകൊണ്ട് തല പിളർന്നില്ല. എന്നാലും മുറിവേറ്റു. സംഭവം നാലു ദിവസം മുമ്പ്. സമയം വൈകീട്ട് അഞ്ചിന്.
പുൽപള്ളി കദവാകുന്ന് ബസവൻ കോളനിയിലെ മാധവദാസിെൻറ മകൻ ശിവകുമാറിനെ കടുവകൊന്നുതിന്നു. സംഭവം സർക്കാറിനെയും വനംവകുപ്പിനെയും ഞെട്ടിച്ചിട്ടില്ലെങ്കിലും ഒരു പ്രദേശത്തെ സാധാരണക്കാരായ നൂറുകണക്കിനു പേർ കടുവഭീതിയിൽ ദിവസങ്ങൾ തള്ളിനീക്കുന്നു. വനപാലകർ കൂടുകൾ സ്ഥാപിച്ചും, നാട്ടുകാരുടെ സഹായത്തോടെ കടുവയെ തുരത്തിയും അന്നുമുതൽ കർമരംഗത്താണ്.
23കാരനായ ആദിവാസി യുവാവിനെയാണ് കടുവ ഭക്ഷണമാക്കിയത്. 12-15 വയസ്സുള്ള ആൺ കടുവയാണ് വില്ലനെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. കൂടുകൾ മാറി സ്ഥാപിച്ചിട്ടും കടുവ കുടുങ്ങുന്നില്ല. ജനരോഷത്തിനും കടുവക്കും മുന്നിൽ വലിയ പ്രയാസത്തിലാണ് വനപാലകർ ജോലി ചെയ്യുന്നത്. ദിവസങ്ങൾ പിന്നിട്ടു. കൂട്ടിൽ കയറാത്ത കടുവ പല സ്ഥലങ്ങളിൽ ഇറങ്ങി. പശുവിനെയും മറ്റും കൊന്നു.
പുൽപള്ളി പള്ളിച്ചിറ ചങ്ങമ്പം രാമകൃഷ്ണൻ ചെട്ടിയാരുടെ തൊഴുത്തിൽനിന്ന് പശുക്കിടാവിനെ കടുവകൊണ്ടു പോയി. വനപാലക സംഘം രണ്ടുദിവസം അവിടെ ക്യാമ്പ് ചെയ്തു. തോട്ടത്തിൽ കടുവയുണ്ടെന്ന നിഗമനം ശരിയായിരുന്നു.
റേഞ്ച് ഓഫിസറുടെ നേതൃത്വത്തിൽ ആറംഗം സംഘം പകൽ മൂേന്നാടെ കടുവയെ കണ്ടെത്തി 200 മീറ്ററോളം കാട്ടിലേക്ക് തുരത്തി. ദൗത്യം മതിയാക്കി തിരിച്ചു നടക്കുന്നതിനിടയിൽ, ശശികുമാർ വെറുതെ തിരിഞ്ഞുനോക്കിയപ്പോൾ കടുവ കുതിച്ചു വരുന്നു. നിമിഷങ്ങൾക്കകം തലയിലേക്ക് ചാടിയ കടുവ കുറച്ചുദൂരം വലിച്ചിഴക്കുന്നത് മാനുവൽ കണ്ടു. മറ്റു നാലുപേർ ഇതിനകം ഓടി രക്ഷപ്പെട്ടിരുന്നു.
അഞ്ച് -10 മിനിറ്റ് നേരം കടുവയുമായി മൽപിടിത്തം നടന്നതായി ശശികുമാർ ഓർക്കുന്നു. മാനുവൽ അവിടെ ഇല്ലെങ്കിൽ, മാനുവലിനു നേരെ തിരിഞ്ഞ കടുവയുടെ ശ്രദ്ധതിരിക്കാൻ ഞാൻ ഉണ്ടായിരുന്നില്ലെങ്കിൽ ഒരു ജീവൻ കടുവ എടുക്കുമായിരുന്നു. വീണു കിടന്ന മാനുവലിെൻറ ഷൂ കടുവ കടിച്ചു പറിച്ചു. പിന്നെ, വന്യമായ ശബ്ദത്തോടെ ശശികുമാറിെൻറ മുന്നിലൂടെ കടുവ മറഞ്ഞു. മഴ കൊള്ളേണ്ടെന്ന് പറഞ്ഞ നാട്ടുകാരൻ വീട്ടിൽ തൊപ്പി തിരഞ്ഞപ്പോൾ, അവിടെ കസേരയിൽനിന്ന് ഹെൽമറ്റ് എടുത്ത് നൽകിയ കുട്ടിയോട് സ്വന്തം ജീവനോളം സ്നേഹവും നന്ദിയും പറയുകയാണ് ശശി കുമാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.