മാനന്തവാടി: സാമ്പത്തിക പ്രതിസന്ധി മൂലം ജില്ലയിലെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ അടച്ചുപൂട്ടലിന്റെ വക്കിൽ. ജില്ലയിലെ 28 ജനകീയ ഹോട്ടലുകൾക്കായി ഒരു കോടി 31 ലക്ഷം രൂപയാണ് സർക്കാർ നൽകാനുള്ളത്. സർക്കാർ കനിഞ്ഞില്ലെങ്കിൽ ഹോട്ടലുകൾ പൂട്ടേണ്ടിവരുമെന്നും ആത്മഹത്യയുടെ വക്കിലാണെന്നും കുടുംബശ്രീ ജനകീയ ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു. സാമ്പത്തിക പ്രതിസന്ധിയിലായതിനാൽ ഇത്തവണത്തെ ഏപ്രിൽ മാസത്തെ വിശേഷ ദിനങ്ങൾ ഇവർക്ക് വറുതിയുടേതാവും.
ഏറെ കൊട്ടിഘോഷിച്ച് തുടങ്ങിയതാണ് 20 രൂപക്ക് ചോറ് ലഭിക്കുന്ന സംസ്ഥാനത്തെയും ജില്ലയിലെയും കുടുംബശ്രീ ജനകീയ ഹോട്ടലുകൾ. സാധാരണക്കാർക്ക് ഏറെ ഉപകാരപ്രദവുമാണ് ഇത്തരം ഹോട്ടലുകൾ.
എന്നാൽ, സബ്സിഡിയിനത്തിൽ നൽകാനുള്ള തുക ലഭിച്ചിട്ട് എട്ടു മാസമായി. ജില്ലയിൽ 28 ഹോട്ടലുകൾക്കായി സബ്സിഡിയിനത്തിൽ സർക്കാർ 1.31 കോടി നൽകാനുണ്ട്. സംസ്ഥാനത്തെ കണക്കെടുക്കുകയാണെങ്കിൽ ഇത് 39 കോടി രൂപ വരും. ത്രിതല പഞ്ചായത്തുകൾ നൽകേണ്ട വാടക തുക, വെള്ളം, കറന്റ് ബില്ല് ഇനത്തിൽ ജില്ലയിലെ ചില പഞ്ചായത്തുകൾ നൽകിയതൊഴിച്ചാൽ ഭൂരിഭാഗം പഞ്ചായത്തുകളും നൽകാനുള്ളതും ഭീമമായ തുകയാണ്. പലരും വായ്പയെടുത്തും പലിശക്കാരിൽനിന്ന് പണം കടം വാങ്ങിയും മറ്റുമാണ് ഹോട്ടൽ നടത്തിക്കൊണ്ടുപോകുന്നത്. അതിനാൽ, സർക്കാർ സബ്സിഡി തുക ലഭിച്ചില്ലെങ്കിൽ ഇത്രയധികം സാമ്പത്തിക ബാധ്യത സഹിച്ച് മുന്നോട്ടുപോകാനാവില്ലെന്നാണ് നടത്തിപ്പുകാർ പറയുന്നത്. അതേസമയം, ഏപ്രിൽ അവസാനത്തോടെ സബ്സിഡി തുക നൽകുമെന്നാണ് കുടുംബശ്രീ മിഷൻ അധികൃതർ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.