ഭക്ഷ്യവിഷബാധ: കുടുംബത്തിലെ 10 പേര്‍ ചികിത്സയില്‍

പനമരം: കൈതക്കലില്‍ ഭക്ഷ്യവിഷബാധയെ തുടര്‍ന്ന് ഒരു കുടുംബത്തിലെ 10 പേര്‍ ചികിത്സയില്‍. എട്ടുപേര്‍ പനമരം ഗവ. ആശുപത്രിയിലും രണ്ടു പേര്‍ മേപ്പടി വിംസ് ആശുപത്രിയിലുമാണ് ചികിത്സ തേടിയത്. വീട്ടില്‍നിന്ന് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്നാണ് കൈതക്കല്‍ കരിമ്പുകുന്നില്‍ പൊറ്റയില്‍ കുടുംബത്തിലെ സഹോദരങ്ങള്‍ അടക്കം 12 പേര്‍ക്ക് വിഷബാധയേറ്റത്.

തുടക്കത്തില്‍ പനമരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയെങ്കിലും എല്ലാവരുടെയും ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് പനമരം സി.എച്ച്.സിയില്‍ ചികിത്സക്കെത്തുകയായിരുന്നു. ഛർദിയും വയറുവേദനയും പനിയുമായാണ് ഇവര്‍ ആശുപത്രികളിലെത്തിയത്.

ഷരീഫ് (35), റനീഷ (25), അബ്ദുൽ അസീസ് (41), ഇബ്രാഹിം (45), ഷഹല (18), ഹിബ ഫാത്തിമ, ഹഫ്‌സത്ത് (29), ഖദീജ (40) എന്നിവരാണ് പനമരം സി.എച്ച്.സിയില്‍ ചികിത്സ തേടിയത്.

സൈഫുന്നിസ, സഫ്‌വാന്‍ (18) എന്നിവര്‍ മേപ്പാടി വിംസിലും ചികിത്സയിലാണ്. ഭക്ഷ്യവിഷബാധക്ക് കാരണമായ വീട്ടിലെ വെള്ളവും ശേഷിക്കുന്ന ഭക്ഷണവും പരിശോധനക്കയച്ചിട്ടുണ്ട്. മയോണൈസില്‍നിന്നോ ചിക്കനില്‍നിന്നോ വിഷബാധയേറ്റതാകാമെന്ന പ്രാഥമിക നിഗമനത്തിലാണ് വീട്ടുകാര്‍. ആരുടെയും അവസ്ഥ ഗുരുതരമല്ലെന്ന് പനമരം ഹെല്‍ത്ത് ഇൻസ്‍പെക്ടര്‍ ജോസി ജോസഫ് അറിയിച്ചു. ഫുഡ് സേഫ്റ്റി അധികൃതര്‍ സ്ഥലത്തെത്തി പരിശോധന നടത്തുന്നതിനുള്ള സംവിധാനം ഒരുക്കിയതായി മെഡിക്കല്‍ ഓഫിസര്‍ സോമസുന്ദരം പറഞ്ഞു.

മൂന്നുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു

പനമരം: മണവയൽ സ്വദേശികളായ മൂന്നുപേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ഭാസ്കരൻ, ശ്രുതി, സുശീല എന്നിവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവരെ പനമരം സി.എച്ച്.സിയിൽ പ്രവേശിപ്പിച്ചു. ബന്ധുവിന്‍റെ വീട്ടിൽ നടന്ന പരിപാടിയിൽ പങ്കെടുത്തവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

ഹോട്ടലിന് നോട്ടീസ് നൽകി

മാനന്തവാടി: ബാർ അസോസിയേഷൻ നടത്തിയ ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ ഭക്ഷണം നൽകിയ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വിഭാഗം പരിശോധന നടത്തി നോട്ടീസ് നൽകി. ലൈസൻസ് ഉണ്ടെങ്കിലും വെള്ളത്തിന്റെ ഗുണനിലവാര പരിശോധനയുടെതുൾപ്പെടെ സർട്ടിഫിക്കറ്റുകൾ ഇല്ലാത്തതിനാലാണ് ഹോട്ടൽ അടച്ചിടാൻ നിർദേശം നൽകിയത്. എരുമത്തെരുവിലെ റഹ്മാനിയ ഹോട്ടലിലെ ഭക്ഷണത്തിലാണ് വിഷബാധ ഉണ്ടായത്. മാനന്തവാടി ഭക്ഷ്യസുരക്ഷ ഓഫിസറുടെ ചുമതല വഹിക്കുന്ന സുൽത്താൻബത്തേരി ഭക്ഷ്യസുരക്ഷ ഓഫിസർ നിഷ പി. മാത്യുവിന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഏപ്രിൽ 30നാണ് ഇഫ്താർ സംഗമം നടന്നത്. അഭിഭാഷകർ ഉൾപ്പെടെ ഇരുപതിലധികം പേർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

Tags:    
News Summary - Food poisoning: 10 members of the family undergoing treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.