വൈത്തിരി: വൈത്തിരി താലൂക്കിൽ വീണ്ടും വ്യാജ രേഖ വിവാദം. ക്വാറി തുടങ്ങുന്നതിനുള്ള അപേക്ഷയോടൊപ്പം സമർപ്പിച്ചത് വ്യാജ കെ.എൽ.ആർ സർട്ടിഫിക്കറ്റാണെന്ന് കണ്ടെത്തി. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. മൂവട്ടി എന്ന സ്ഥലത്തു ക്വാറി തുടങ്ങുന്നതിനുവേണ്ടി സമർപ്പിച്ച അപേക്ഷയോടൊപ്പമുള്ള കെ.എൽ.ആർ സട്ടിഫിക്കറ്റും ജിയോളജി വകുപ്പിൽനിന്ന് നൽകിയതായി സമർപ്പിച്ച സർട്ടിഫിക്കറ്റുമാണ് വ്യാജമായി നിർമിച്ചത്.
ഈ രേഖകൾ വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് ജിയോളജി വകുപ്പ് അപേക്ഷ തിരികെ അയച്ചിരുന്നു. തുടർന്ന് അച്ചൂരാനം വില്ലേജ് ഓഫിസർ നടത്തിയ പരിശോധനയിൽ രേഖകൾ വ്യാജമെന്ന് കണ്ടെത്തുകയും വൈത്തിരി പൊലീസിൽ പരാതി നൽകുകയുമായിരുന്നു. കേസ് അന്വേഷണം പുരോഗമിക്കുകയാണെന്ന് വൈത്തിരി പൊലീസ് അറിയിച്ചു. 2020 ഡിസംബറിലാണ് ക്വാറിക്കുള്ള അപേക്ഷ വില്ലേജ് ഓഫിസിൽ എത്തുന്നത്. പരിശോധന പൂർത്തീകരിച്ചശേഷം രേഖകൾ താലൂക്ക് ഓഫിസിലേക്ക് അയച്ചു. ഇവിടെ നടത്തിയ പരിശോധനയിലാണ് ജിയോളജി വകുപ്പിെൻറ സർട്ടിഫിക്കറ്റിൽ പതിച്ച സീൽ വ്യാജമെന്ന് കണ്ടെത്തിയത്. വ്യക്തതക്കുവേണ്ടി വില്ലേജിലേക്കു തിരിച്ചയക്കുകയും ചെയ്തു.
വില്ലേജ് ഓഫിസറാണ് വൈത്തിരി പൊലീസിൽ ഇതുമായി ബന്ധപ്പെട്ട് പരാതി നൽകിയത്. കലക്ടർ ആവശ്യപ്പെട്ടതിനെ തുടർന്ന് വൈത്തിരി തഹസിൽദാർ ടി.പി. അബ്ദുൽ ഹാരിസ് വിശദമായ റിപ്പോർട്ട് നൽകി. സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കി നൽകിയ സംഭവത്തിൽ അന്വേഷണം ഊർജിതമാണെന്നും കുറ്റക്കാർക്കെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളുമെന്നും കലക്ടർ എ. ഗീത പറഞ്ഞു. മൂന്നു വർഷത്തിനിടെ വൈത്തിരി താലൂക്ക് ഓഫിസിൽനിന്നു നൽകിയ കെ.എൽ.ആർ സർട്ടിഫിക്കറ്റുകളിൽ സമഗ്ര അന്വേഷണം നടത്തുമെന്നും കലക്ടർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.