കൽപറ്റ: സി.പി.എം വയനാട് ജില്ല കമ്മിറ്റിയിൽ തലമുറ മാറ്റം. ജില്ല രൂപവത്കൃതമായ കാലം മുതൽ ജില്ല കമ്മിറ്റിയിലുണ്ടായിരുന്ന മുതിർന്ന നേതാക്കളായ പി.എ. മുഹമ്മദ്, വി.പി. ശങ്കരൻ നമ്പ്യാർ, കെ.വി. മോഹനൻ എന്നിവർ ഇക്കുറി 27 അംഗ ജില്ല കമ്മിറ്റിയിലില്ല. യുവരക്തത്തിന് പ്രാമുഖ്യം കിട്ടിയ കമ്മിറ്റിയിൽ പക്ഷേ, സ്ത്രീ പ്രാതിനിധ്യം കേവലം മൂന്നിൽ ഒതുങ്ങി.
പി. ഗഗാറിൻ വീണ്ടും സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജില്ല കമ്മിറ്റിയിൽ ഔദ്യോഗിക പക്ഷം പിടിമുറുക്കി. പകുതിയിലേറെപ്പേരും ഔദ്യോഗിക പക്ഷത്തെ പിന്തുണക്കുന്നവരാണ്.
ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡൻറ് കെ.എം. ഫ്രാൻസിസും എസ്.എഫ്.ഐ ജില്ല സെക്രട്ടറി ജോബിസൺ ജെയിംസും പുതുതായി ജില്ല കമ്മിറ്റിയിലെത്തിയവരിൽ ഉൾപെടും. ജനാധിപത്യ മഹിള അസോസിയേഷൻ ജില്ല സെക്രട്ടറി ബീന വിജയനും ജില്ല കമ്മിറ്റിയിൽ ഇടം നേടി. ഇവരെ കൂടാതെ വി. ഹാരിസ്, എം.എസ്. സുരേഷ് ബാബു, എം. രജീഷ്, എ. ജോണി, പി.ടി. ബിജു എന്നിവരാണ് പുതുതായി ജില്ല കമ്മിറ്റിയിലെത്തിയവർ. കെ. ശശാങ്കനും കെ.എം. വർക്കിയുമാണ് ജില്ല കമ്മിറ്റിയിൽനിന്ന് പുറത്തുപോയ മറ്റുള്ളവർ.
വി.എസ്. പക്ഷത്തിെൻറ പിടിയിൽനിന്ന് കഴിഞ്ഞ ജില്ല സമ്മേളനത്തിൽ പിടിച്ചെടുത്ത മേധാവിത്വം ഔദ്യോഗിക പക്ഷം ഇക്കുറി അരക്കിട്ടുറപ്പിച്ചു. ജില്ല സെക്രട്ടേറിയറ്റിൽ ഔദ്യോഗിക പക്ഷത്തിന് മൃഗീയ ഭൂരിപക്ഷമാണ് ഇക്കുറി. കെ. ശശാങ്കൻ അനാരോഗ്യം കാരണം മാറിയപ്പോൾ ഔദ്യോഗിക പക്ഷക്കാരായ ഒ.ആർ. കേളുവും ഉഷാകുമാരിയും പുതുതായി സെക്രട്ടേറിയറ്റിലെത്തി. പി.എ. മുഹമ്മദാണ് സെക്രട്ടേറിയറ്റിൽനിന്ന് മാറിയ മറ്റൊരാൾ.
പി. ഗഗാറിൻ വീണ്ടും ജില്ല സെക്രട്ടറിയാകുമെന്ന് ഏറക്കുറെ ഉറപ്പായിരുന്നെങ്കിലും മത്സരം നടക്കാനുള്ള സാധ്യതയും ശക്തമായിരുന്നു. കൽപറ്റ, വൈത്തിരി ഏരിയ കമ്മിറ്റികളിൽ വിജയം നേടിയ എതിർപക്ഷം മത്സരത്തിന് കോപ്പുകൂട്ടുകയും ചെയ്തു. എന്നാൽ, ഗഗാറിെൻറ രണ്ടാമൂഴത്തിന് ഒടുവിൽ കാര്യമായ എതിർപ്പുയർത്താതെ വഴങ്ങുകയായിരുന്നു.
കഴിഞ്ഞ തവണ സംസ്ഥാന സെക്രട്ടറി നേരിട്ടെത്തി ചുക്കാൻപിടിച്ച തെരഞ്ഞെടുപ്പിൽ സി.കെ. ശശീന്ദ്രെൻറ നേതൃത്വത്തിൽ എതിർപക്ഷം പിടിമുറുക്കുമെന്ന് തോന്നിച്ചെങ്കിലും അവസാന നിമിഷത്തിലെ അപ്രതീക്ഷിത നീക്കത്തിലാണ് ഗഗാറിൻ സെക്രട്ടറിയായത്. ഇക്കുറി കൂടുതൽ അനായാസവും ആധികാരികവുമായി വിജയം പിടിച്ചെടുത്തതോടെ ജില്ല ഔദ്യോഗിക പക്ഷത്തിെൻറ വരുതിയിലേക്ക് പൂർണമായി മാറുകയാണ്.
വൈത്തിരി: വിദ്യാർഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുപ്രവർത്തന രംഗത്തെത്തിയ പി. ഗഗാറിൻ തുടർച്ചയായി രണ്ടാമതും സി.പി.എം ജില്ല സെക്രട്ടറി പദവിയിൽ. സി.ഐ.ടി.യു നേതാവായിരുന്ന പി. കുഞ്ഞിക്കണ്ണെൻറ മൂന്നാമത്തെ മകനായ ഗഗാറിൻ എസ്.എഫ്.ഐ വൈത്തിരി താലൂക്ക് സെക്രട്ടറി, പ്രസിഡൻറ്, ജില്ല ജോയൻറ് സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചു.
1981ൽ ഡി.വൈ.എഫ്.ഐ പഞ്ചായത്ത് സെക്രട്ടറിയായിരിക്കെയാണ് സി.പി.എമ്മിൽ അംഗത്വം ലഭിച്ചത്. ഡി.വൈ.എഫ്.ഐ ബ്ലോക്ക് പ്രസിഡൻറ്, ജില്ല വൈസ് പ്രസിഡൻറ് ചുമതലകളും വഹിച്ചു.
സി.പി.എം വൈത്തിരി ലോക്കൽ കമ്മിറ്റി സെക്രട്ടറിയായി ഏറെ കാലം പ്രവർത്തിച്ചു. പിന്നീട് മൂന്നു വർഷത്തിലധികം വൈത്തിരി ഏരിയ സെക്രട്ടറിയായി. എസ്റ്റേറ്റ് തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും ഗഗാറിൻ മുന്നിൽ പ്രവർത്തിച്ചു.
വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറായി ഗഗാറിൻ 10 വർഷം തുടർന്നു. മൂന്നു വർഷം കൽപറ്റ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറായും വൈത്തിരി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറായും ജില്ല ബാങ്ക് അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റി കൺവീനറായും പ്രവർത്തിച്ചു. ദേശീയ തൊഴിലുറപ്പ് വർക്കേഴ്സ് യൂനിയൻ ജില്ല സെക്രട്ടറി, മോട്ടോർ ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) താലൂക്ക് പ്രസിഡൻറ്, ജില്ല ട്രഷറർ, നിർമാണ തൊഴിലാളി യൂനിയൻ ജില്ല സെക്രട്ടറി എന്നീ സ്ഥാനങ്ങളും വഹിച്ചു. മീനാക്ഷിയാണ് മാതാവ്. ഭാര്യ: ഉഷ. മക്കൾ: പി.ജി. രഞ്ജിത്ത് (എസ്.എസ്.കെ ക്ലസ്റ്റർ കോഓഡിനേറ്റർ), അഡ്വ. പി.ജി. രഹ്ന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.