കൽപറ്റ: സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികം- അമൃത മഹോത്സവത്തോടനുബന്ധിച്ച് ജില്ല ത്രിവർണമണിഞ്ഞു. വീടുകള്‍, ഔദ്യോഗിക വസതികള്‍, സര്‍ക്കാര്‍ ഓഫിസുകള്‍, പൊതുമേഖല- സ്വകാര്യ സ്ഥാപനങ്ങള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ടൂറിസം കേന്ദ്രങ്ങൾ തുടങ്ങി പൊതു- സ്വകാര്യ ഇടങ്ങളിലെല്ലാം ത്രിവർണ പതാകകള്‍ പ്രദര്‍ശിപ്പിച്ചു.
ഹര് ഘര്‍ തിരംഗയുടെ ഭാഗമായി എല്ലാ വീടുകളിലും ആഗസ്റ്റ് 13 മുതല്‍ 15 വരെ പതാക ഉയര്‍ത്തുന്നതിനുള്ള കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ആഹ്വാന പ്രകാരമാണിത്. ഔദ്യോഗിക വസതിയിലും കർളാട് തടാകത്തിലും ജില്ല കലക്ടര്‍ എ. ഗീത പതാക ഉയര്‍ത്തി.
സബ് കലക്ടര്‍ ആര്. ശ്രീലക്ഷ്മി ഔദ്യോഗിക വസതിയിലും മാനന്തവാടി വള്ളിയൂര്‍ക്കാവ് കാവുപുര കോളനിയിലും പതാക ഉയര്‍ത്തി.
ജില്ല പൊലീസ് മേധാവി ആര്. ആനന്ദ്, ഡെപ്യൂട്ടി കലക്ടർമാർ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവർ സ്വന്തം വസതികളിൽ പതാക ഉയര്‍ത്തുകയും വിവിധയിടങ്ങിലെ പ്രദര്‍ശനത്തിന് നേതൃത്വം നൽകുകയും ചെയ്തു.
കടകമ്പോളങ്ങളും സ്ഥാപനങ്ങളും അലങ്കാര ദീപങ്ങളും തോരണങ്ങളുമായി ഹര് ഘര്‍ തിരംഗിന്റെ ഭാഗമായി. കുടുംബശ്രീയുടെ കീഴിലുള്ള 27 തയ്യല്‍ യൂനിറ്റുകളാണ് ജില്ലയില്‍ 90,000 പതാകകൾ നിർമിച്ച് വിതരണം ചെയ്തത്. സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫിസുകളില്‍ 15 വരെ കെട്ടിടത്തിന്റെ പ്രധാന സ്ഥലത്തുതന്നെ ദേശീയ പതാക പ്രദര്‍ശിപ്പിക്കും. സ്വാതന്ത്ര്യ ദിനത്തില്‍ എല്ലാ വര്‍ഷത്തെയും പോലെ കൊടിമരത്തില്‍ പതാക ഉയര്‍ത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.