പുൽപള്ളി: കൊയ്ത്തുയന്ത്രങ്ങൾ ആവശ്യത്തിന് ഇല്ലാത്തത് വയനാട്ടിലെ നെൽക്കർഷകർക്ക് തിരിച്ചടിയാകുന്നു. നഞ്ചകൃഷിയുടെ വിളവെടുപ്പ് പുരോഗമിക്കുമ്പോൾ പലയിടത്തും തൊഴിലാളിക്ഷാമം കാരണം കൊയ്ത്ത് വൈകുകയാണ്. കൊയ്ത്തുയന്ത്രങ്ങൾക്ക് വയനാട്ടിലെ കർഷകർ തൃശൂർ, പാലക്കാട് ജില്ലകളെയാണ് കൂടുതൾ ആശ്രയിക്കുന്നത്. ചിലയിടങ്ങളിൽ തമിഴ്നാട്ടിൽ നിന്നടക്കം കൊയ്ത്തുയന്ത്രങ്ങൾ എത്തിക്കുന്നുമുണ്ട്.
മഴയുടെ ഏറ്റക്കുറച്ചിലും രോഗങ്ങളും കാരണം സമീപകാലത്ത് നെൽകൃഷി നഷ്ടമാണ്.
നഷ്ടക്കണക്കുകളുമായി വിളവെടുക്കാൻ ഒരുങ്ങുന്ന കർഷകന് അടുത്ത തിരിച്ചടിയാണ് കൊയ്ത്തിനുള്ള സൗകര്യങ്ങളില്ലാത്തത്. കർഷകർക്ക് താങ്ങാവുന്നതിലും അപ്പുറമാണ് പലയിടങ്ങളിലും വാടക. മണിക്കൂറിന് 2500 രൂപ വീതമാണ് വാടക. മഴമൂടൽ കാരണം കൊയ്ത്ത് വൈകിയാണ് തുടങ്ങിയത്. നെൽക്കർഷകർക്ക് കൊയ്ത്തിന് സഹായം നൽകാൻ തദ്ദേശ സ്ഥാപനങ്ങളും കൃഷിവകുപ്പും ഇടപെടണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്്. നഞ്ചകൃഷിയുടെ കൊയ്ത്ത് മിക്കയിടങ്ങളിലും ആരംഭിച്ചു.
ജില്ലയിലെ വലിയ പാടശേഖരങ്ങളിൽ ഒന്നാണ് ചേകാടി. ഇവിടെ പരമ്പരാഗതമായി തൊഴിലാളികളെ ഉപയോഗിച്ചായിരുന്നു സമീപകാലം വരെ കൊയ്ത്ത്.
ഇപ്പോൾ തൊഴിലാളിക്ഷാമത്താൽ തൃശൂരിൽനിന്ന് കൊയ്ത്തുയന്ത്രം കൊണ്ടുവന്നിരിക്കയാണെന്ന് കർഷകനായ ഷിനോജ് പറയുന്നു.
കൊയ്ത്ത് വൈകാതിരിക്കാൻ കർഷകർ യന്ത്രവത്കരണത്തിലേക്ക് മാറുന്ന കാഴ്ച ജില്ലയിലെങ്ങും ഉണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.