കൽപറ്റ: പ്രത്യേക ബാച്ച് അനുവദിച്ചില്ലെങ്കിൽ ജില്ലയിലെ പട്ടികവർഗ വിദ്യാർഥികളിൽ വലിയൊരു വിഭാഗം ഹയർ സെക്കൻഡറി വിദ്യാഭ്യാസത്തിന് പുറത്താകും. ജില്ലയിൽ 2287 പട്ടികവർഗ വിദ്യാർഥികളാണ് ഈ വർഷം എസ്.എസ്.എൽ.സി കടമ്പ കടന്നത്. ഈ വിഭാഗത്തിന് പ്ലസ് വൺ പ്രവേശനത്തിനായി എട്ടു ശതമാനമാണ് സംവരണം. 692 സീറ്റുകൾ. 1500ഓളം വിദ്യാർഥികൾ സംവരണ പരിധിക്കു പുറത്താണ്.
വയനാട്ടിലെ ജനസംഖ്യയുടെ 17 ശതമാനം പട്ടികവർഗക്കാരാണ്. മറ്റു ജില്ലകളെ അപേക്ഷിച്ച് ജില്ലയിൽ പട്ടികവർഗ വിഭാഗമാണ് കൂടുതൽ. ഈ വിദ്യാർഥികളിൽ ഭൂരിഭാഗവും ഭൂരഹിതരായ പണിയ, അഡിയ, കാട്ടുനായ്ക്ക സമുദായത്തിൽപെട്ടവരാണ്. എന്നാൽ, ജില്ലയിൽ എണ്ണത്തിൽ കുറവുള്ള പട്ടികജാതിക്കാർക്ക് 12 ശതമാനമാണ് സംവരണം. ഇത്തവണ 528 പട്ടികജാതി വിദ്യാർഥികളാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. സംവരണത്തിലൂടെ മാത്രം 1,038 സീറ്റുകൾ ലഭിക്കുന്നുണ്ട്. ഉപരിപഠനത്തിന് യോഗ്യത നേടിയ മുഴുവൻ എസ്.സി വിദ്യാർഥികൾ പ്രവേശനം നേടിയാലും ബാക്കി 500 സീറ്റുകൾ ഒഴിഞ്ഞുകിടക്കും.
ജില്ലയിൽ ആകെ 8650 ഹയർ സെക്കൻഡറി സീറ്റുകളാണുള്ളത്. ഇതിൽ ഗവ/എയ്ഡഡ് മേഖലയിൽ 6,795 മെറിറ്റ് സീറ്റുകളാണുള്ളത്. ഇത്തവണ മുന്നാക്ക വിഭാഗത്തിലെ പിന്നാക്കക്കാർക്ക് പത്തു ശതമാനം സീറ്റുകൾ മാറ്റിവെക്കുകയാണെങ്കിൽ മെറിറ്റ് സീറ്റിൽ ആദിവാസി വിദ്യാർഥികൾക്കുള്ള അവസരം പിന്നെയും കുറയും. ആദിവാസി ജനസംഖ്യ വളരെ കുറഞ്ഞ പല ജില്ലകളിലും എസ്.ടി വിദ്യാർഥികൾക്കായി നീക്കിവെച്ചിരിക്കുന്ന സീറ്റുകൾ ഒഴിഞ്ഞുകിടക്കുന്നതാണ് പതിവ്. പിന്നീട് ഈ സീറ്റുകളെ ജനറൽ സീറ്റുകളാക്കി മാറ്റാൻ അനുവദിക്കുന്ന രീതിയിലാണ് പ്രവേശന നടപടി. ഇത്തരത്തിൽ ഓരോ വർഷവും സംസ്ഥാനത്ത് 15,000ത്തോളം സീറ്റുകൾ ആദ്യ റൗണ്ട് അലോട്ട്മെൻറിനുശേഷം ജനറൽ കാറ്റഗറി സീറ്റുകളാക്കുന്നുണ്ട്.
ഈ സീറ്റുകൾ വയനാടിന് കൈമാറണമെന്നാണ് ഗോത്രമഹാസഭ ഉൾപ്പെടെയുള്ള ആദിവാസി സംഘടനകൾ വർഷങ്ങളായി ആവശ്യപ്പെടുന്നത്. പൊതുവിദ്യാഭ്യാസ വകുപ്പ് പ്രശ്നം പരിഹരിക്കാൻ മതിയായ നടപടികൾ സ്വീകരിക്കുന്നില്ല. കഴിഞ്ഞവർഷം ജില്ലയിൽ ഒഴിവുവന്ന എസ്.സി സീറ്റുകൾ എസ്.ടി വിഭാഗത്തിലേക്ക് മാറ്റിയിട്ടും മൂന്നൂറിലധികം വിദ്യാർഥികളുടെ ഉപരിപഠനം പെരുവഴിയിലായി. ഇത്തരം കുട്ടികൾ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളെ ആശ്രയിക്കാറുണ്ടെങ്കിലും സാമ്പത്തിക പരാധീനതകളാൽ പലരും പഠനം പാതിവഴിയിൽ ഉപേക്ഷിക്കും.
കൂടാതെ, ആദിവാസി വിദ്യാർഥികളിൽ ഭൂരിപക്ഷവും ഹ്യുമാനിറ്റീസ് വിഭാഗമാണ് തെരഞ്ഞെടുക്കുന്നത്. കോമേഴ്സ് ഗ്രൂപ്പും സയൻസ് ഗ്രൂപ്പും കുറച്ചുപേർ മാത്രമാണ് തെരഞ്ഞെടുക്കുന്നത്. സംവരണ പ്രകാരം ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ ഹ്യൂമാനിറ്റീസിന് 192 സീറ്റും കോമേഴ്സിന് 188 സീറ്റുകളുമാണ് ആകെയുള്ളത്. ഈ വിഷയത്തിൽ സർക്കാറിെൻറ അടിയന്തര ഇടപെടൽ ഉണ്ടായില്ലെങ്കിൽ നൂറുകണക്കിന് വിദ്യാർഥികളുടെ തുടർപഠനം അവതാളത്തിലാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.