വൈത്തിരി: ഏറെ നാളുകൾക്കുശേഷം വയനാട്ടിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് തുടരുന്നു. വൻ തിരക്കാണ് കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിലെ റോഡുകളിലും വിനോദസഞ്ചാരകേന്ദ്രങ്ങളിലും അനുഭവപ്പെട്ടത്. പുലർച്ചെ മുതൽതന്നെ ജില്ലയിലെ പ്രധാന റോഡുകളിലെല്ലാം വാഹനങ്ങൾകൊണ്ട് നിറയുകയായിരുന്നു. വയനാട് ചുരത്തിൽ വാഹനങ്ങളുടെ നീണ്ടനിരയാണ് കഴിഞ്ഞ ദിവസങ്ങളിൽ രൂപപ്പെട്ടത്.
പലപ്പോഴും വാഹനനിര അടിവാരം മുതൽ വൈത്തിരി വരെ നീണ്ടു. കേരളം വയനാട്ടിലേക്കൊഴുകുന്ന പ്രതീതിയാണ് അനുഭവപ്പെടുന്നതെന്ന് കച്ചവടക്കാർ സാക്ഷ്യപ്പെടുത്തുന്നു.
ആംബുലൻസുകളും അത്യാവശ്യത്തിനു പോകേണ്ടവരും ദീർഘദൂര യാത്രക്കാരും ചുരത്തിലെ ബ്ലോക്കിൽ കുടുങ്ങി ഏറെ പ്രയാസപ്പെടുന്നതും പതിവായി. സഞ്ചാരികളുടെ വരവ് വർധിച്ചതോടെ വിനോദസഞ്ചാരകേന്ദ്രങ്ങൾ നിറഞ്ഞുകവിഞ്ഞു. പ്രധാനപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളായ പൂക്കോട് തടാകം, ബാണാസുര ഡാം, കാരാപ്പുഴ, പഴശ്ശി പാർക്ക്, മുത്തങ്ങ വന്യജീവിസങ്കേതം തുടങ്ങിയ സ്ഥലങ്ങളിലൊക്കെ വൻ ജനക്കൂട്ടമാണ് എത്തിയത്. പല സ്ഥലങ്ങളിലും പ്രവേശന ടിക്കറ്റ് കിട്ടാതെ സഞ്ചാരികൾ മടങ്ങി. ചില ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ സഞ്ചാരികളുടെ പ്രവേശനത്തിനുള്ള എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയത് പ്രയാസം സൃഷ്ടിച്ചു.
ഡി.ടി.പി.സിയുടെ കീഴിലുള്ള വിനോദസഞ്ചാരകേന്ദ്രങ്ങളിൽ ഇക്കഴിഞ്ഞ ദിവസം ടിക്കറ്റ് നിരക്കുകൾ വർധിപ്പിച്ചിരുന്നു. നിലവിലുള്ള സൗകര്യങ്ങളൊന്നും വർധിപ്പിക്കാതെ നിരക്കുകൾ വർധിപ്പിച്ചത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
ഇപ്രാവശ്യം ഇതര സംസ്ഥാനങ്ങളിൽനിന്ന് നൂറുകണക്കിന് സന്ദർശകരാണ് ജില്ലയിലെത്തിയത്. ജില്ലയിലെ റിസോർട്ടുകളൊക്കെ ഉത്സവസീസണിൽ 'ഹൗസ് ഫുൾ' ആയിരുന്നു.
താമസസൗകര്യം കിട്ടാതെ രാത്രികളിൽ ബസ്‌സ്റ്റോപ്പുകളിലും സ്വന്തം വാഹനത്തിലും വിശ്രമിക്കുകയായിരുന്നു പലരും. അടുത്ത ഞായറാഴ്ചവരെ മിക്കവാറും റിസോർട്ടുകളും ഹോംസ്റ്റേകളും മുൻകൂട്ടി ബുക്ക് ചെയ്തുകഴിഞ്ഞു. വരുംദിവസങ്ങളിലും സഞ്ചാരികളുടെ തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷ.
ചുരത്തിനു ബൈപാസായി കണ്ടെത്തിയ ചിപ്പിലിത്തോട്-മരുതിലാവ്-തളിപ്പുഴ ബൈപാസ് റോഡിന്‍റെ ആവശ്യകത വീണ്ടും ചർച്ചയാവുകയാണ്. ചുരത്തിൽ പാഴാവുന്ന വിലപ്പെട്ട മണിക്കൂറുകൾക്കു പരിഹാരമായാണ് ബൈപാസ് റോഡിനുവേണ്ടി മുറവിളി ഉയരുന്നത്. ചുരം ബൈപാസ് ആക്ഷൻ കമ്മിറ്റി നേതൃത്വത്തിൽ നിരവധി പ്രക്ഷോഭപരിപാടികൾ സംഘടിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.