കല്പറ്റ: മനുഷ്യ-വന്യജീവി സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ വയനാട് വന്യജീവി സങ്കേതത്തില്‍ കന്നുകാലികളെ മേയ്ക്കുന്നത് നിയന്ത്രിക്കുന്നു. അധിനിവേശ സസ്യങ്ങളുടെ വ്യാപനത്തിനൊപ്പം കന്നുകാലി മേയ്ക്കലും ആനയും കടുവയും അടക്കം വന്യജീവികളുടെ കാടിറക്കത്തിനു കാരണമാണന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണിത്. കഴിഞ്ഞ ദിവസം സുല്‍ത്താന്‍ ബത്തേരി ഫോറസ്റ്റ് ഇന്സ്പെക്ഷന് ബംഗ്ലാവില്‍ വൈല്‍ഡ് ലൈഫ് വാര്ഡന് വിളിച്ചുചേര്‍ത്ത വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ വനത്തിലെ കാലിമേയ്ക്കല്‍ നിയന്ത്രിക്കുന്നതു സംബന്ധിച്ച് നിര്‍ദേശങ്ങള്‍ ഉയര്‍ന്നു.
വന്യജീവി സങ്കേതത്തില്‍ വനത്തിനകത്തും കാടിനോടുചേര്‍ന്നുള്ള സെറ്റില്മെന്റുകളിലുമായി നിത്യേന 3500 ലധികം കന്നുകാലികള്‍ മേയുന്നതായും ഇവയില്‍ അധികവും വാണിജ്യാവശ്യത്തിനുള്ള പോത്തുകളാണെന്നും വൈല്‍ഡ്ലൈഫ് വാര്ഡന് യോഗത്തില്‍ അറിയിച്ചു. സങ്കേതത്തില്‍ മേയുന്നതില്‍ ഭൂരിഭാഗം കന്നുകാലികളുടെയും ഉടമസ്ഥര്‍ പുറത്തുള്ളവരാണെന്നാണ് ഫീല്‍ഡ് പരിശോധനയില്‍ വ്യക്തമായത്.
കന്നുകാലി മേച്ചില്‍ വനത്തിനകത്തും ഗ്രാമാതിര്ത്തിയിലും വന്യമൃഗങ്ങള്‍ക്കുള്ള ഭക്ഷണലഭ്യത കുറയ്ക്കുകയാണ്. സസ്യഭുക്കുകളായ ആന, മാന്‍ ഉള്‍പ്പെടെ വന്യജീവികള്‍ക്ക് പുല്ലിനത്തില്‍പ്പെട്ട തീറ്റ വനത്തില്‍ ലഭ്യമല്ലാതായി വരികയാണ്. ഇത് അവയ്ക്ക് കൃഷിയിടങ്ങളിലിറങ്ങാന്‍ പ്രേരണയാകുകയാണ്.
നാട്ടിലിറങ്ങുന്ന വന്യമൃഗങ്ങള്‍ വിളകള്‍ തിന്നുന്നതും ജനവാസകേന്ദ്രങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതും നിത്യസംഭവമാണ്. വനത്തിലെ കന്നുകാലി മേയ്ക്കല്‍ മാംസഭുക്കുകളായ വന്യമൃഗങ്ങളുടെ കാടിറക്കത്തിനു ഇടയാക്കുന്നുണ്ടെന്നും വാര്ഡന് പറഞ്ഞു.
വനത്തിലെ സെറ്റില്‍മെന്റുകളിലും വനാതിര്‍ത്തികളിലുമുള്ള ആദിവാസി കുടുംബങ്ങള്‍ക്ക് സ്വന്തം ഉടമസ്ഥതയിലില്ലാത്ത കന്നുകാലികളെ വളര്‍ത്തുന്നതും കാടിനകത്ത് മേയ്ക്കാന്‍ വിടുന്നതും തടയുന്നതിന് നിര്‍ദേശം നല്‍കാമെന്ന് ട്രൈബല്‍ ഡെവലപ്മെന്റ് ഓഫിസര്‍ യോഗത്തെ അറിയിച്ചു.
ഉടമസ്ഥത തെളിയിക്കുന്നതിനാവശ്യമായ ജിയോ ടാഗിങ് ഏപ്രില്‍ അവസാനത്തോടെ മുഴുവന്‍ കന്നുകാലികളിലും നടത്തുന്നതിനു നടപടികള്‍ പുരോഗതിയിലാണെന്ന് മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി വ്യക്തമാക്കി. സാഹചര്യങ്ങള്‍ ജില്ല ഭരണകൂടത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് റവന്യൂ വകുപ്പ് പ്രതിനിധി അറിയിച്ചു.
യോഗത്തിൽ വയനാട് വന്യജീവി സങ്കേതം വൈൽഡ് ലൈഫ് വാർഡൻ, അഡീഷനൽ ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർ, അസി. ഫോറസ്റ്റ് വെറ്ററിനറി ഓഫിസർ, റവന്യൂ, മൃഗസംരക്ഷണം, ൈട്രബൽ വകുപ്പ് പ്രതിനിധികൾ, ബ്രഹ്മഗിരി ഡെവലപ്മെന്റ് സൊസൈറ്റി പ്രതിനിധികൾ, അസി. വൈൽഡ് ലൈഫ് വാർഡൻ, ബയോളജിസ്റ്റുകൾ തുടങ്ങിയവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.