കൽപറ്റ: പശ്ചിമഘട്ട മലനിരകളിൽ ഏറ്റവും ഉയരം കൂടിയതും അങ്ങേയറ്റം പരിസ്ഥിതി ദുർബലവും അപൂർവ സസ്യ-ജന്തുജാലങ്ങളുടെയും ഓർക്കിഡുകളുടെയും കലവറയുമായ മേപ്പാടി തൊള്ളായിരംകണ്ടിയിൽ നിയമവിരുദ്ധമായി വൻതോതിൽ മരം മുറിയും പ്രകൃതിദത്ത നീർച്ചോല തടഞ്ഞ് ചെക്ക്ഡാം നിർമാണവും നടക്കുന്നുവെന്ന് വയനാട് പ്രകൃതി സംരക്ഷണ സമിതി ആരോപിച്ചു.
തൊള്ളായിരംകണ്ടിയിലെ ഗ്ലാസ് ബ്രിഡ്ജിനോട് ചേർന്നാണ് ചെക്ക് ഡാം നിർമാണം നടക്കുന്നതെന്നും ഗ്ലാസ് ബ്രിഡ്ജ് സ്ഥാപിച്ച ഭൂമിയിൽനിന്നാണ് വലിയ മരങ്ങൾ മുറിച്ചുകൊണ്ടിരിക്കുന്നതെന്നും ഇവർ പറഞ്ഞു. മണ്ണുമാന്തി യന്ത്രങ്ങൾ ഉപയോഗിച്ചാണ് നിർമാണ പ്രവൃത്തി നടക്കുന്നത്. ചേമ്പ്ര-വെള്ളരിമല നിരകളുടെ കിഴക്കൻ ചരിവിലുള്ള സസ്യ-ജൈവ വൈവിധ്യ പ്രാധന്യമുള്ളതും സമുദ്രനിരപ്പിൽ നിന്നും 2000 മീറ്റർ ഉയരത്തിലുള്ള കുത്തനെ ചരിവുള്ള പ്രദേശത്താണ് മരം മുറി. നിരവധി അരുവികളുടെ ഉത്ഭവ കേന്ദ്രമാണ് ഈ പ്രദേശം.
കേരള വൃക്ഷ സംരക്ഷണ നിയമത്തിലെ (കെ.പി.ടി ആക്ട്) സെക്ഷൻ അഞ്ച് അനുസരിച്ചുള്ള എസ്റ്റേറ്റ് ഭൂമിയിലാണ് ഇത് നടക്കുന്നത്. ഉടമകൾക്ക് ഇത്തരം ഭൂമിയിൽ കൃഷി ചെയ്യുന്നതിനും വീടുവെക്കുന്നതിനും മാത്രമേ അനുവാദമുള്ളൂ. മരക്കൊമ്പുകൾ മുറിക്കുന്നതിന് വരെ വനം വകുപ്പിന്റെ മുൻകൂർ അനുമതി വേണം. ഇത്തരം ഭൂമിയിൽ ടൂറിസമടക്കമുള്ള എല്ലാ കൃഷിയിതര പ്രവർത്തനങ്ങൾക്കും വിലക്കുണ്ടെങ്കിലും വർഷങ്ങളായി ടൂറിസവും ടെന്റ് ടൂറിസവും നടന്നുവരുന്നുണ്ട്.
2019ൽ കേരളത്തെ നടുക്കിയ പുത്തുമല ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പ്രഭവ കേന്ദ്രം തൊള്ളായിരംകണ്ടിയാണ്. ഇപ്പോൾ മരംമുറിയും ചെക്ക്ഡാം നിർമാണവും നടക്കുന്ന പ്രദേശത്തിന്റെ ഏതാനും മീറ്റർ മാത്രം അകലെയാണിത്. 2020ലെ മുണ്ടക്കെ ഉരുൾപൊട്ടലിന്റെ തുടക്കവും ഇതിനടുത്താണ്. റെഡ് സോണിൽ ഉൾപ്പെട്ട മേഖലയിലാണ് നിർമാണ പ്രവൃത്തികൾ. തൊള്ളായിരം കണ്ടിയിലെ ടൂറിസമടക്കമുള്ള സകല നിയമവിരുദ്ധ പ്രവർത്തനങ്ങളും നിരോധിക്കാനും നിർമിച്ചുകൊണ്ടിരിക്കുന്ന ചെക്ക്ഡാം പൊളിച്ചുനീക്കാനും മരം മുറിച്ചവർക്കെതിരെ നടപടികളെടുക്കാനും വനം വകുപ്പും ജില്ല ഭരണകൂടവും തയാറാകണമെന്ന് പ്രകൃതി സംരക്ഷണ സമിതി ആവശ്യപ്പെട്ടു.
സമിതി യോഗത്തിൽ തോമസ് അമ്പലവയൽ അധ്യക്ഷത വഹിച്ചു. വി.എം. മനോജ്, എൻ. ബാദുഷ, ബാബു മൈലമ്പാടി, സണ്ണി മരക്കടവ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.