ഗൂഡല്ലൂർ: ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ച സംഘത്തിൽ അറസ്റ്റിലായവരിൽ നെലാകോട്ട ഗ്രാമപഞ്ചായത്തിലെ മുൻ കൗൺസിലർ സംഗീത (41)അടക്കം ആറ് പ്രതികളെ കോയമ്പത്തൂർ ഫോറസ്റ്റ് റേഞ്ച് വനപാലകർ അറസ്റ്റ് ചെയ്തു. സർവേഷ് ബാബു (46), കീരനാഥം, സംഗീത ( 41) ബിദർക്കാട്, വിഘ്നേഷ് (31) അടയാർപാളയം, ലോകനാഥൻ (38) വെള്ളാളൂർ, അരുളകം (42) നാഗമനായകൻ പാളയം, ബാലമുരുകൻ (47) എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തത്. ഫോർ വീലർ വാഹനത്തിൽ ആനക്കൊമ്പ് അനധികൃതമായി വിൽക്കാൻ പോകുന്നതായി ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കോയമ്പത്തൂർ മധുകരൈ ഭാഗത്ത് വാഹനം നിരീക്ഷിച്ചു വരവെ എത്തിയ സംഘത്തെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് അനധികൃതമായി ആനക്കൊമ്പ് വിൽക്കാൻ ശ്രമിച്ചിരുന്നതായി വെളിപ്പെട്ടതെന്ന് വനപാലകർ പറഞ്ഞു. അറസ്റ്റിലായവരെ ക്രിമിനൽ കോടതി അഞ്ചാം നമ്പർ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി കോയമ്പത്തൂർ സെൻട്രൽ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. പ്രത്യേക സമിതി രൂപവത്കരിച്ചിട്ടുണ്ടെന്നും ഈ കേസിന്റെ അന്വേഷണം പുരോഗമിക്കുകയാണെന്നും വനപാലകർ അറിയിച്ചു. അറസ്റ്റിലായ സംഗീത കഴിഞ്ഞ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ നെലാക്കോട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് അണ്ണാ.ഡി.എം.കെയുടെ സ്ഥാനാർഥിയായി മത്സരിച്ച് ഡി.എം.കെയുടെ ടെർമിളയോട് പരാജയപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.