കൽപറ്റ: കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിരേഷനല്‍ ജില്ല പദ്ധതിയില്‍ വയനാടിന് മികച്ച നേട്ടം. ദേശീയാടിസ്ഥാനത്തില്‍ 2023 സെപ്റ്റംബറിലെ ഓവറോള്‍ റാങ്കിങ്ങില്‍ ആറാം സ്ഥാനവും കൃഷി, ജലവിഭവ മേഖലയില്‍ രണ്ടാം സ്ഥാനവും ജില്ല കരസ്ഥമാക്കി. ജില്ലക്ക് ഒരു കോടി രൂപ കൂടി അനുവദിച്ചതായി കലക്ടര്‍ ഡോ. രേണുരാജ് അറിയിച്ചു.
രാജ്യത്തെ 112 ജില്ലകളില്‍ കേരളത്തിലെ ഏക ആസ്പിരേഷനല്‍ ജില്ലയാണ് വയനാട്. ആസ്പിരേഷനല്‍ ജില്ല പദ്ധതിയുടെ അഞ്ച് വിഷയ മേഖലകളിലും നടത്തിയ പ്രവര്‍ത്തനങ്ങളാണ് നേട്ടത്തിന് സഹായകരമായത്.
പദ്ധതിയുടെ ഭാഗമായി ജില്ലയുടെ മികച്ച പ്രവര്‍ത്തനങ്ങൾക്ക് 19 കോടി രൂപ നിതി ആയോഗ് അനുവദിച്ചിട്ടുണ്ട്. ഇതുപ്രകാരം വിവിധ പ്രവൃത്തികള്‍ ജില്ലയില്‍ നടപ്പാക്കിവരുന്നു. പുതുതായി അനുവദിച്ച ഒരു കോടി രൂപക്കായി വിവിധ വകുപ്പുകളില്‍നിന്ന് ലഭിച്ച പദ്ധതികള്‍ ഉടന്‍ നിതി ആയോഗിന്റെ അംഗീകാരത്തിന് സമര്‍പ്പിക്കുമെന്നും കലക്ടര്‍ അറിയിച്ചു.
ഇതിനുപുറമെ വിവിധ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ സി.എസ്.ആര് ഫണ്ടില്‍നിന്ന് 4.5 കോടി രൂപയുടെ പ്രവൃത്തികളും ജില്ലയില്‍ പൂര്‍ത്തിയായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങള്‍, സ്വകാര്യ കമ്പനികള്‍ എന്നിവയില്‍നിന്ന് കൂടുതല്‍ സി.എസ്.ആര് ഫണ്ടുകള്‍ ലഭ്യമാക്കുന്നത് സംബന്ധിച്ച പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും ഇതില്‍നിന്ന് അനുവദിക്കുന്ന പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനുമായി രൂപവത്കരിച്ച സി.എസ്.ആര് സെല്‍ എല്ലാ മാസവും പദ്ധതി പ്രവൃത്തികളുടെ അവലോകനം നടത്തുന്നുണ്ടെന്നും കലക്ടർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.