ആസ്പിരേഷനല്‍ ജില്ല; ഒന്നാം റാങ്ക് തിളക്കത്തിൽ വയനാട്

കൽപറ്റ: പിന്നാക്ക ജില്ലകളെ ഉയര്‍ത്തിക്കൊണ്ടുവരുന്നതിനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ആസ്പിരേഷനല്‍ ജില്ല പദ്ധതിയില്‍ വയനാടിന് ചരിത്ര നേട്ടം. ദേശീയാടിസ്ഥാനത്തില്‍ ഒക്ടോബര്‍ മാസത്തെ ഡെല്‍റ്റ ഓവറോള്‍ റാങ്കിങ്ങില്‍ ജില്ല ഒന്നാം സ്ഥാനം കരസ്ഥമാക്കിയതായി ജില്ല കലക്ടര്‍ എ. ഗീത, ജില്ല പ്ലാനിങ് ഓഫിസര്‍ സി. മണിലാല്‍ എന്നിവര്‍ അറിയിച്ചു.

രാജ്യത്തെ 112 ജില്ലകളില്‍ കേരളത്തിലെ ഏക ആസ്പിരേഷനൽ ജില്ലയാണ് വയനാട്. എല്ലാ മേഖലയിലും പ്രത്യേകിച്ച് ജില്ലയിലെ ആരോഗ്യ-പോഷണ മേഖലയിലും സാമ്പത്തിക, നൈപുണ്യ വികസന മേഖലകളിലും മികച്ച മുന്നേറ്റം നടത്തിയാണ് ജില്ലക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിച്ചത്.

ജില്ല ഭരണകൂടം മുൻകൈയെടുത്ത് നടപ്പാക്കിവരുന്ന എ.ബി.സി.ഡി പദ്ധതി പ്രകാരം പുതുതായി ബാങ്ക് അക്കൗണ്ടുകള്‍ ഉള്‍പ്പെടെ തുടങ്ങാനായതാണ് സാമ്പത്തിക വിഭാഗത്തിലെ നേട്ടത്തിന് മുഖ്യകാരണം. നേട്ടത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മുഴുവന്‍ ജനപ്രതിനിധികളെയും ഉദ്യോഗസ്ഥരെയും കലക്ടര്‍ അഭിനന്ദിച്ചു.

കഴിഞ്ഞ ദിവസം പുറത്തുവന്ന ചാമ്പ്യന്‍സ് ഓഫ് ചെയ്ഞ്ച് ഡാഷ് ബോര്‍ഡ് ഡേറ്റ പ്രകാരം 2022 ഒക്ടോബര്‍ മാസത്തിലെ ഓവറോള്‍ ഡെല്‍റ്റ റാങ്കിങ്ങില്‍ 60.1 സ്‌കോര്‍ നേടിയാണ് ജില്ല ഒന്നാമതായത്. ആരോഗ്യം-പോഷകാഹാരം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍-നൈപുണി വികസനം എന്നീ മേഖലകളില്‍ രണ്ടാം സ്ഥാനവും ഒക്ടോബറില്‍ ജില്ല നേടിയിട്ടുണ്ട്.

2022 ഒക്ടോബര്‍ സൂചിക പ്രകാരം ആരോഗ്യ മേഖലയിലെ പ്രതിരോധ കുത്തിവെപ്പ്, ഗര്‍ഭിണികള്‍ക്കുള്ള ആന്റി നാറ്റല്‍ ചെക്കപ്പ്, ഇന്‍സ്റ്റിറ്റിറ്റ്യൂഷനൽ ഡെലിവറീസ്, സ്‌കില്‍ഡ് ബെര്‍ത്ത് അറ്റന്റന്‍സ് എന്നിവയില്‍ മികച്ച നേട്ടം കൈവരിച്ചിട്ടുണ്ട്. കൂടാതെ, സാമ്പത്തിക-നൈപുണ്യ വികസന മേഖലയിലെ വിവിധ സൂചികകളിലും ജില്ല മികവ് കാണിച്ചിട്ടുണ്ട്.

കഴിഞ്ഞ സെപ്റ്റംബറില്‍ 32 ആയിരുന്നു ജില്ലയുടെ ഓവറോള്‍ സ്ഥാനം. ഇതിൽനിന്നാണ് ഒക്ടോബറിൽ ഒന്നാം റാങ്കിലെത്തിയത്. 2018 ല്‍ ആസ്പിരേഷനൽ പദ്ധതി തുടങ്ങിയ ശേഷം ആദ്യമായാണ് ഡെല്‍റ്റ റാങ്കിങ്ങില്‍ ജില്ല ഒന്നാമതെത്തുന്നത്. ഇതിനു മുമ്പ് 2021 സെപ്റ്റംബര്‍ മാസത്തില്‍ നാലാം സ്ഥാനം നേടിയിരുന്നു. ഇതേ മാസം ആരോഗ്യ മേഖലയിലും രണ്ടാം സ്ഥാനമുണ്ടായിരുന്നു.

ഇത്തവണ വിദ്യാഭ്യാസം, കൃഷി, ജലവിഭവം, അടിസ്ഥാന സൗകര്യം എന്നീ മേഖലകളില്‍ യഥാക്രമം 19, 83, 54 റാങ്കുകള്‍ നേടിയിട്ടുണ്ട്. ഈ മേഖലകളില്‍ ജില്ലയുടെ വികസനം ആസ്പിരേഷനൽ മാനദണ്ഡപ്രകാരം ഏറെക്കുറെ പൂര്‍ണമായതിനാലാണ് റാങ്കിങ്ങില്‍ വലിയ പുരോഗതി കാണിക്കാത്തത്.

പദ്ധതിയുടെ ഭാഗമായി ജില്ലയുടെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ എട്ടു കോടി രൂപ ചലഞ്ച് ഫണ്ട് അനുവദിച്ചിരുന്നു. 2022 ജൂണ്‍ മാസം അവസാനിച്ച ഒന്നാം പാദത്തില്‍ സാമ്പത്തിക നൈപുണ്യ വികസന മേഖലയിലെ മികച്ച പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മൂന്നു കോടി രൂപ ലഭിക്കുന്നതിന് ജില്ലക്ക് അര്‍ഹതയുണ്ടെന്ന് നീതി ആയോഗില്‍ നിന്ന് അറിയിപ്പ് ലഭിച്ചിട്ടുമുണ്ട്.

ആസ്പിരേഷനല്‍ ജില്ല പദ്ധതിയുടെ കീഴില്‍ കേന്ദ്ര പൊതുമേഖല സ്ഥാപനങ്ങളുടെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 4.5 കോടി രൂപയുടെ പ്രവൃത്തികള്‍ ജില്ലയില്‍ നടക്കുന്നുണ്ട്. രാജ്യത്തെ 112 പിന്നാക്ക ജില്ലകളെ വികസന പാതയിലേക്ക് കൊണ്ടുവരാനും അതുവഴി ആഗോള തലത്തില്‍ രാജ്യത്തിന്റെ മാനവ പുരോഗതി സൂചിക (എച്ച്.ഡി.ഐ) മെച്ചപ്പെടുത്തുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതിനും വേണ്ടി കേന്ദ്ര സര്‍ക്കാര്‍ 2018ല്‍ ആരംഭിച്ചതാണ് ആസ്പിരേഷനല്‍ ജില്ല പദ്ധതി.

പദ്ധതിയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ ജില്ല കലക്ടര്‍ നോഡൽ ഓഫിസറായി ഉന്നതതല കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. 

Tags:    
News Summary - Aspirational District-Wayanad is ranked first

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.