കൽപറ്റ: കോവിഡ് കാലത്ത് സ്കൂളിലെ ക്ലാസുകൾക്കു പുറമെ ഈ 'കുട്ടിക്കച്ചവടക്കാർ'ക്ക് നഷ്ടമായത് വ്യാപാരത്തിന്റെ 'ബാലപാഠ'ങ്ങൾ കൂടിയായിരുന്നു. രണ്ടുവർഷം മഹാമാരിയിൽ തട്ടി ആ അവസരങ്ങൾ നഷ്ടമായപ്പോൾ പൊലിഞ്ഞത് ഇവരുടെ 'ലാഭമോഹ'ങ്ങളും കൂടിയാണ്. താൽക്കാലിക പന്തൽ കെട്ടി കുട്ടിക്കച്ചവടക്കാർ അരങ്ങുവാഴുന്ന അവധിക്കാലത്തിന്റെ രസകരമായ ചിത്രങ്ങൾ പക്ഷേ, ഇക്കുറി പൂർവാധികം ഭംഗിയോടെ തിരിച്ചുവന്നു.
ഇത്തവണ പതിവുപോലെ ജൂൺ ആദ്യവാരം സ്കൂൾ തുറക്കുമെന്ന് വന്നതോടെ കച്ചവടം ഒരാഴ്ച കൂടി മാത്രമെ സാധ്യമാവുകയുള്ളൂ എന്ന പരിഭവത്തിലാണിവർ. സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രമേയുള്ളൂവെന്നതിനാൽ കച്ചവടം കൊഴുപ്പിക്കേണ്ടത് അത്യാവശ്യമാണ്. ഉപ്പിലിട്ട പഴവർഗങ്ങൾ ഒരാഴ്ചക്കകം വിറ്റ് കാശാക്കിയില്ലെങ്കിൽ കച്ചവടം നഷ്ടത്തിൽ കലാശിച്ചേക്കുമെന്ന 'ഭീതി'യും ഇവർക്കുണ്ട്. ജില്ലയിലെ മിക്ക കുട്ടിക്കച്ചവടക്കാരും കേന്ദ്രീകരിച്ചിരിക്കുന്നത് ഉപ്പിലിട്ടവയുടെ വ്യാപാരത്തിലാണ്. മിക്കയിടത്തും നാട്ടുകാരുടെ നിർലോഭമായ പിന്തുണയിലാണ് ഇവരുടെ കച്ചവടം മുന്നോട്ടുപോകുന്നത്. ആവശ്യമില്ലെങ്കിൽപോലും കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതിനായി അവരിൽനിന്ന് സാധനങ്ങൾ വാങ്ങുന്നവരാണ് ഏറെപേരും.
പച്ചമാങ്ങ, നെല്ലിക്ക, ചാമ്പക്ക, പൈനാപ്പിൾ, കാരറ്റ് എന്നിവയെല്ലാം ഇവരുടെ പക്കലുണ്ട്. റോഡിലൂടെ പോകുന്നവരെ വിളിച്ചു വരുത്തി കൊതിപ്പിച്ചാണ് ഇവർ കച്ചവടം നടത്തുന്നത്.
എത്ര പണം കിട്ടുമെന്ന് ഇവർക്ക് തിട്ടപ്പെടുത്താനറിയില്ലെങ്കിലും വീതിച്ചെടുത്ത് സ്കൂളിലേക്ക് പഠന സാമഗ്രികൾ വാങ്ങാനാണ് ഇവരുടെ ഉദ്ദേശ്യം. ഇക്കുറി അവധിക്കാലം പകുതി റമദാൻ വ്രതകാലമായതിനാൽ കച്ചവടം പ്രതീക്ഷിച്ച 'ലെവലി'ലേക്ക് എത്തിയില്ലെങ്കിലും ലാഭത്തിൽ കലാശിച്ചെന്ന് വെളിപ്പെടുത്തുകയാണ് പുത്തൂർവയലിൽ റോഡരികിൽ കുട്ടിക്കച്ചവടം നടത്തുന്ന അഞ്ചംഗ സംഘം.
പലയിടത്തും പ്രതീക്ഷിച്ചതോതിൽ ഉപഭോക്താക്കളെ കിട്ടിയില്ലെങ്കിൽ ഉപ്പിലിട്ടവയടക്കമുള്ളവ കുട്ടിക്കച്ചവടക്കാർ തന്നെ തിന്നുതീർക്കുന്നതും പതിവാണ്. ഈ 'പ്രലോഭനത്തെ' അതിജീവിച്ചില്ലെങ്കിൽ കുട്ടിക്കച്ചവടത്തിൽ 'നഷ്ടം' പിണയാനുള്ള സാധ്യത ഉറപ്പ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.