കൽപറ്റ: തലപ്പുഴയിൽ ശനിയാഴ്ച ഓടുന്നതിനിടെ കാർ കത്തിനശിച്ചതിന്റെ ആശങ്കയിലാണ് ജനങ്ങൾ. റോഡ് നിർമാണപ്രവൃത്തിയുമായി ബന്ധപ്പെട്ട് സമീപത്തുണ്ടായിരുന്ന ടാങ്കർ ലോറിയിൽനിന്ന് വെള്ളമുപയോഗിച്ച് നാട്ടുകാർ തീയണക്കാൻ ശ്രമിച്ചെങ്കിലും കാർ പൂർണമായി കത്തിനശിക്കുകയായിരുന്നു.
യാത്രക്കാർ സുരക്ഷിതരാണെന്ന ആശ്വാസം ബാക്കിയാവുമ്പോഴും കാർ അടക്കമുള്ള വാഹനങ്ങൾ ഓട്ടത്തിനിടയിലും നിർത്തിയിടുമ്പോഴും കത്തിയമരുന്നത് ആവർത്തിക്കുന്നതിന്റെ ഭീതിയിലാണ്. രണ്ട് ദിവസം മുമ്പ് തലപ്പുഴ ടൗണിലും വെള്ളിയാഴ്ച തൃശ്ശിലേരിയിലും കാർ കത്തിനശിച്ചിരുന്നു. വെള്ളിയാഴ്ച വൈകീട്ട് ആറോടെ തൃശ്ശിലേരി കാനഞ്ചേരി മൊട്ടക്ക് സമീപമായിരുന്നു അപകടം.
മലപ്പുറം കൊണ്ടോട്ടി സ്വദേശി ബിജുവും അദ്ദേഹത്തിന്റെ മാതാപിതാക്കളുമാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ പിൻഭാഗത്തുനിന്ന് പുക ഉയരുന്നത് കണ്ടതോടെ ഇവർ കാറിൽനിന്ന് ഇറങ്ങി. കാർ പൂർണമായും കത്തുകയും ചെയ്തു. തലപ്പുഴ ഉപാസന ഹോം അപ്ലയന്‍സിന് സമീപമാണ് ചൊവ്വാഴ്ച വൈകീട്ടോടെ കാറിന് തീപിടിച്ചത്.
കണ്ണൂര്‍ കൊട്ടിയൂര്‍ സ്വദേശികളായ സ്ത്രീയും പുരുഷനും സഞ്ചരിച്ച വാഹനത്തിനാണ് തീപിടിച്ചത്. ബോണറ്റില്‍ നിന്നും പുക ഉയര്‍ന്നതിനെ തുടര്‍ന്ന് കാറിലുള്ളവര്‍ പുറത്തിറങ്ങുകയായിരുന്നു. നാട്ടുകാരുടെയും ടൗണിലുണ്ടായിരുന്ന ഓട്ടോ- ടാക്സി ഡ്രൈവര്‍മാരുടെയും സമയോചിത ഇടപെടലിനെ തുടര്‍ന്നാണ് തീ അണക്കാനായത്.
കണ്ണൂരിൽ ദമ്പതികൾ കാറിനുള്ളിൽ കത്തിയമർന്ന ദുരന്തത്തിന്റെ ഓർമകൾ മായും മുമ്പാണ് വയനാട്ടിലും വാഹനങ്ങൾ തീപിടിച്ച് നശിക്കുന്നത് പതിവാകുന്നത്. കഴിഞ്ഞ ഒക്ടോബർ 29ന് മേപ്പാടി കാപ്പംകൊല്ലി 46ൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് കാർ പൂർണമായും കത്തിനശിച്ചിരുന്നു.
ഡിസംബർ രണ്ടിന് വയനാട് ചുരത്തില്‍ ടെമ്പോ ട്രാവലറിന് തീപിടിച്ച് പൂര്‍ണമായി കത്തിനശിച്ചിരുന്നു. തലശ്ശേരിയിൽനിന്നും വയനാട്ടിലേക്ക് പോവുകയായിരുന്ന കാർ കുറ്റ്യാടി ചുരം പാതയിൽ കത്തിനശിച്ചത് ഒന്നരവർഷം മുമ്പാണ്.
വാഹനം വാങ്ങിയശേഷം അധിക ഉപകരണങ്ങൾ അശാസ്ത്രീയമായി ഘടിപ്പിക്കുന്നത് വഴിയുണ്ടാകുന്ന ഷോർട്ട് സർക്യൂട്ടാണ് മിക്ക അഗ്നിബാധക്കും കാരണം. വാഹനങ്ങളിൽ ഇലക്ട്രിക് കണക്ഷനുകളിലുൾപ്പെടെ മാറ്റം വരുത്തുന്നതു പരമാവധി ഒഴിവാക്കുക.
കണ്ണൂർ ജില്ല ആശുപത്രിക്ക് സമീപം കത്തിയമർന്ന 2020 മോഡൽ കാറിൽ കാമറയും സ്ക്രീനും സ്റ്റീരിയോ ബോക്സും അധികമായി ഘടിപ്പിച്ചിരുന്നുവെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. ഫ്യൂസ് പോകാതെ വാഹനം കത്തിയമർന്നത് ഷോർട്ട് സർക്യൂട്ട് മൂലമെന്നാണ് വിലയിരുത്തൽ.
വയറുകളിൽനിന്ന് അധിക കണക്ഷൻ എടുക്കുമ്പോൾ കൃത്യമായി ഇൻസുലേഷൻ നടത്താത്തത് തീപടരാൻ ഇടയാക്കും. കമ്പനി ഷോറൂമുകളിലോ വിദഗ്ധരായ ടെക്നീഷ്യൻമാരുടെ മേൽനോട്ടത്തിലോ മാത്രമേ ആക്സസറീസ് ഘടിപ്പിക്കാൻ പാടുള്ളൂ. തമ്മിൽ ഉരയുന്ന ലോഹഭാഗങ്ങൾ, ഇന്ധനചോർച്ച, ബാറ്ററി തുടങ്ങിയവയും തീപിടിക്കാനുള്ള സാധ്യതകളാണ്. സീറ്റുകളിലേക്ക് എളുപ്പത്തിൽ തീ പടരും.
വീട്ടിലും മറ്റും നിർത്തിയിട്ട വാഹനത്തിനുള്ളിൽ എലി കയറുന്നുവെന്ന പരാതി മിക്ക ഉടമകൾക്കുമുണ്ട്. വണ്ടിയുടെ ഉള്ളിൽ കയറുന്ന എലികൾ വയറുകൾ കടിച്ചുമുറിക്കാനുള്ള സാധ്യതയേറെയാണ്. ഇത് ഷോർട്ട് സർക്യൂട്ടിന് കാരണമാകും. കൃത്യമായ ഇടവേളകളിൽ സർവിസ് നടത്തി ഇലക്ട്രിക് വയറിങ്ങിന് അടക്കം കേടുപാടുകൾ ഇല്ലെന്ന് ഉറപ്പാക്കണം.
വാഹനങ്ങളിലെ ഇന്ധന പൈപ്പ് തുരക്കുന്ന വണ്ടുകളെ ഗവേഷകർ തിരിച്ചറിഞ്ഞിട്ടുണ്ട്. കാറുകളിലെ റബർപൈപ്പ് തുരന്ന് പെട്രോള്‍ ചോര്‍ച്ചയുണ്ടാക്കുന്ന വണ്ടുകള്‍ സ്കോളിറ്റിഡേ കുടുംബത്തില്‍പെട്ട സൈലോസാന്‍ഡ്രസ് സ്പീഷീസ് ആണ് എന്നാണ് ഗവേഷകർ പറയുന്നത്. പെട്രോളില്‍ ഇപ്പോള്‍ എഥനോള്‍ ചേര്‍ക്കുന്നുണ്ട്. എഥനോള്‍ വണ്ടിനെ ആകര്‍ഷിക്കും. ഇതാണ് വാഹനങ്ങൾ തേടി വണ്ടുകൾ എത്താൻ കാരണമെന്നാണ് ഗവേഷകർ പറയുന്നത്.
വണ്ടുകൾ തുരന്ന ഭാഗത്ത് കൂടി പെട്രോൾ, സൈലൻസറിന്റെ ചൂട് ഏറിയ ഭാഗങ്ങളിലേക്ക് സ്പ്രേ ചെയ്യപ്പെടുമ്പോൾ അവിടെ തീപിടിത്തം ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.
ഓടുന്ന കാറിന് തീ പിടിച്ചാൽ പരിഭ്രാന്തി പാടില്ല. പുകയോ മറ്റോ ശ്രദ്ധയിൽപെടുമ്പോൾ തന്നെ കാർ നിർത്തി, പുറത്തിറങ്ങാൻ ശ്രദ്ധിക്കുക. വേഗത്തിൽ വാഹനം സിഗ്നൽ നൽകി ഒതുക്കിനിർത്തി എൻജിൻ ഓഫാക്കി പുറത്തിറങ്ങുക. ഡോറുകൾ അൺലോക്ക് ചെയ്തെന്ന് ഉറപ്പിക്കണം.
പ്രായമായവരെയും കുട്ടികളെയും ആദ്യം രക്ഷപ്പെടുത്തണം. തീ പടരാൻ സാധ്യതയുള്ള പെട്രോൾ പമ്പിന്റെയും മറ്റും സമീപത്ത് നിർത്താതെ നോക്കണം. ഉടൻ പൊലീസിലോ ഫയർഫോഴ്സിലോ വിവരമറിയിക്കുക. വാഹനത്തിൽനിന്ന് അഗ്നിനാളങ്ങൾ ഉയരാൻ സാധ്യതയുള്ളതിനാൽ സുരക്ഷിതമായി ദൂരേക്ക് മാറിനിൽക്കണം.
പല വാഹനങ്ങളിലും യാത്രക്കാർക്ക് അപകട മുന്നറിയിപ്പിനുള്ള അലാം സിസ്റ്റങ്ങളുണ്ട്. ഇലക്ട്രിക് കണക്ഷനുകളിലും മറ്റും മാറ്റം വരുത്തുമ്പോൾ ഇവ പ്രവർത്തനരഹിതമാകും. ഈ സാഹചര്യമൊഴിവാക്കുക. പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കൾ വാഹനങ്ങളിൽ സൂക്ഷിക്കാതിരിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.