കൽപറ്റ: കോവിഡ് വ്യാപനം കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ പുതിയ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി ജില്ല ഭരണകൂടം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ എല്ലാ പൊതുപരിപാടികളും നിര്‍ത്തിവെച്ച് ജില്ല കലക്ടർ എ. ഗീത ഉത്തരവിട്ടു. ജില്ലയിലെ എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ജനുവരി 22, 23 തീയതികളില്‍ പൂര്‍ണമായും അടച്ചിടണം.
മുനിസിപ്പല്‍/പഞ്ചായത്ത് വാര്‍ഡ് തലങ്ങളില്‍ ആര്.ആര്.ടികളുടെ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ പുനരാരംഭിക്കണം. കോവിഡ് പ്രതിരോധ പ്രതികരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വാര്‍ഡ് തലത്തില്‍ ബോധവത്കരണം നടത്തുന്നതിനുള്ള നടപടികള്‍ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സ്വീകരിക്കേണ്ടതാണ്.
എല്ലാ മുനിസിപ്പാലിറ്റികളിലും ഗ്രാമപഞ്ചായത്തുകളിലും കോവിഡ് കണ്ട്രോള് റൂമുകള്‍ ആരംഭിക്കുന്നതിനുള്ള നടപടി അതത് ഗ്രാമപഞ്ചായത്ത്/ മുനിസിപ്പല്‍ സെക്രട്ടറിമാര്‍ സ്വീകരിക്കണം.
അടിയന്തര ഘട്ടത്തില്‍ ഉപയോഗപ്പെടുത്തുന്നതിനായി അധികമായി ജില്ല കോവിഡ് സെന്ററുകൾ/സി.എഫ്.എൽ.ടി.സികൾ എന്നിവയുടെ പ്രവർത്തനത്തിന് അനുയോജ്യമായ കെട്ടിടങ്ങള്‍ കണ്ടെത്തുന്നതിന് ഗ്രാമപഞ്ചായത്ത്/മുനിസിപ്പല്‍ സെക്രട്ടറിമാര്‍ നടപടി സ്വീകരിക്കേണ്ടതാണ്.
സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലുള്ള രോഗികള്‍ കോവിഡ് പോസിറ്റിവാകുന്നപക്ഷം അവരുടെ തുടര്‍ചികിത്സ അതത് ആശുപത്രികളില്‍തന്നെ തുടരേണ്ടതാണ്. ഇത്തരത്തിലുള്ള രോഗികളെ സര്‍ക്കാര്‍ ആശുപത്രികളിലേക്ക് റഫര്‍ ചെയ്യാന്‍ പാടില്ല. ഇതു സംബന്ധിച്ച നിർദേശം ജില്ല മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം)എല്ലാ സ്വകാര്യ ആശുപത്രി അധികൃതര്‍ക്കും കൈമാറണം.
അന്തര്‍ സംസ്ഥാന ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തിപ്പെടുത്തേണ്ടതും ഇതുവഴി വരുന്നവര്‍ക്ക് 72 മണിക്കൂര്‍ മുമ്പുള്ള ആർ.ടി.പി.സി.ആർ നെഗറ്റിവ് സര്‍ട്ടിഫിക്കറ്റോ ഡബിള്‍ ഡോസ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റോ ഉണ്ടെന്നുള്ളത് നിര്‍ബന്ധമായും പരിശോധിക്കേണ്ടതുമാണ്.ചെക് പോസ്റ്റുകളില്‍ ഡ്യൂട്ടിക്കായി നിയമിക്കപ്പെട്ട ജീവനക്കാര്‍ മേൽപറഞ്ഞ ജോലി കൃത്യമായി നിർവഹിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ട തഹസില്‍ദാര്‍ ഉറപ്പുവരുത്തണം. ചെക് പോസ്റ്റുകളില്‍ പൊലീസ് സേവനം ലഭ്യമാകുന്നുണ്ട് എന്ന് ജില്ല പൊലീസ് മേധാവി ഉറപ്പാക്കേണ്ടതാണ്.
ഡബ്ല്യു.ഐ.പി.ആർ കണക്കാക്കുന്നതിന് കോവിഡ് ജാഗ്രത പോര്‍ട്ടലില്‍ കോവിഡ് രോഗികളുടെ എണ്ണം വാര്‍ഡ് അടിസ്ഥാനത്തില്‍ നൽകുന്നുണ്ട് എന്ന് തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ബന്ധപ്പെട്ട മെഡിക്കല്‍ ഓഫിസര്‍മാരും ഉറപ്പുവരുത്തണം.
ജില്ലയില്‍ വ്യാഴാഴ്ച 827 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 142 പേര് രോഗമുക്തി നേടി. രോഗ സ്ഥിരീകരണ നിരക്ക് 31.84 ആണ്. 12 ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ 818 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. വിദേശത്തുനിന്നെത്തിയ മൂന്നു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്നെത്തിയ ആറുപേര്‍ക്കും രോഗം സ്ഥിരീകരിച്ചു.
ജില്ലയിലെ ആക്ടിവ് കോവിഡ് ക്ലസ്റ്ററുകളുടെ എണ്ണം നാലായി ഉയർന്നു. പൂക്കോട് വെറ്ററിനറി ആൻഡ് ആനിമല്‍ സയന്‍സ് യൂനിവേഴ്സിറ്റി, പൂക്കോട് ജവഹര്‍ നവോദയ വിദ്യാലയം, പുൽപള്ളി പൊലീസ് സ്റ്റേഷന്, പുൽപള്ളി പഴശ്ശിരാജ കോളജ് എന്നിവിടങ്ങളിലാണ് ക്ലസ്റ്റര്‍ രൂപപ്പെട്ടത്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 1,40,205 ആയി. 1,35,656 പേര് രോഗമുക്തരായി. നിലവില്‍ 2963 പേരാണ് ചികിത്സയിലുള്ളത്.
ഇവരില്‍ 2821 പേര് വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. 759 കോവിഡ് മരണം ജില്ലയില്‍ ഇതുവരെ സ്ഥിരീകരിച്ചു. പുതുതായി നിരീക്ഷണത്തിലായ 2979 പേര് ഉള്‍പ്പെടെ ആകെ 16,120 പേര് നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍നിന്ന് 1653 സാമ്പിളുകളാണ് വ്യാഴാഴ്ച പരിശോധനക്കയച്ചത്.
മാനന്തവാടി: കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ, സമ്പർക്ക വിലക്ക് ലംഘിച്ച ഗ്രാമപഞ്ചായത്തംഗത്തിനെതിരെ കേസെടുത്തു. എടവക ഗ്രാമപഞ്ചായത്ത് 18ാം വാര്‍ഡ് മെംബര്‍ ലത വിജയനെതിരെയാണ് മാനന്തവാടി പൊലീസ് കേസെടുത്തത്. ഇവരുടെ അടുത്ത ബന്ധുവിന് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
എന്നാല്‍, പ്രാഥമിക സമ്പർക്കത്തിലുള്ള ലത വിജയന് നിരീക്ഷണത്തിലിരിക്കാതെ കുടുംബശ്രീ തെരഞ്ഞെടുപ്പ് യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ലഭിച്ച പരാതിയില്‍ പൊലീസ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ സമ്പർക്ക വിലക്ക് ലംഘനം നടത്തിയതായി ബോധ്യപ്പെടുകയും കേസെടുക്കുകയുമായിരുന്നു.
കൽപറ്റ: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊർജിതപ്പെടുത്തുന്നതിനായി ജില്ലയില്‍ തദ്ദേശ സ്വയം ഭരണ സ്ഥാപന അടിസ്ഥാനത്തില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരെ നിയോഗിച്ചു. ഗ്രാമപഞ്ചായത്തുകളില്‍ അസി. സെക്രട്ടറിമാര്‍ക്കാണ് സെക്ടറല്‍ മജിസ്ട്രേറ്റ് ചുമതല.
കൽപറ്റ നഗരസഭയില്‍ അമ്പലവയല്‍ ആര്.ആര് ഡെപ്യൂട്ടി തഹസില്‍ദാര്‍ ടി. റസാഖ്, ബത്തേരിയില്‍ വാേല്വഷന് അസി. കെ.ജി. രേണുകുമാര്‍, മാനന്തവാടിയില്‍ റീസർവേ അസി. ഡയറക്ടര്‍ ഓഫിസ് ജൂനിയര്‍ സൂപ്രണ്ട് സുരേഷ് ബാബു എന്നിവര്‍ക്കാണ് ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.