കൽപറ്റ: കർണാടകയിൽനിന്ന് കേരളത്തിലേക്ക് വയനാട് വഴിയുള്ള മയക്കുമരുന്ന് കടത്ത് വർധിക്കുന്നു. ഓരോ ദിവസവും എക്സൈസും പൊലീസും പിടികൂടുന്ന മയക്കുമരുന്ന് കേസുകളുടെ എണ്ണത്തിലെ വർധന ഞെട്ടിക്കുന്നതാണ്.
അന്താരാഷ്ട്ര വിപണിയിൽ ഏറെ ആവശ്യക്കാരുള്ള വീര്യമേറിയ മയക്കുമരുന്നായ എം.ഡി.എം.എ ഈ വർഷം ജനുവരി മാസം മാത്രം 1126.661 ഗ്രാമാണ് എക്സൈസ് പിടികൂടിയത്. പല പേരുകളിൽ അറിയപ്പെടുന്ന സിന്തറ്റിക് ഡ്രഗ്സിന്റെ ഉപയോഗം യുവാക്കളിൽ വർധിച്ചു വരുന്നുണ്ട്. സ്കൂൾ വിദ്യാർഥിനികളടക്കം മയക്കുമരുന്നിന്റെ ഇരകളാകുന്നതിനൊപ്പം മറ്റുള്ളവർക്ക് എത്തിച്ചു കൊടുക്കുന്നതിന് വേണ്ടിയും കുട്ടികൾ പ്രവർത്തിക്കുന്നു.
2023 ജനുവരി മുതൽ ജൂൺ വരെ ജില്ലയിൽ ആറു മാസത്തിനിടെ എക്സൈസ് രജിസ്റ്റർ ചെയ്തത് 183 മയക്കുമരുന്ന് കേസുകളാണ്. ഇതിൽ 749 .89 ഗ്രാം എം.ഡി.എം.എ ആണെന്നതും ഉപയോഗത്തിന്റെ ആഴം വ്യക്തമാക്കുന്നു. എക്സൈസിനെ കൂടാതെ പൊലീസിന്റെ കണക്കുകൂടി ചേർത്താൽ പിടികൂടിയ എം.ഡി.എം.എയുടെ കണക്ക് ഇരട്ടിയാകും. ആറുമാസത്തിനിടെ 2574 കോട്പ കേസുകളും 369 അബ്കാരി കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊലീസും എക്സൈസും പിടികൂടുന്ന മയക്കുമരുന്ന് ബംഗളൂരു കേന്ദ്രീകരിച്ചാണ് കേരളത്തിലെത്തുന്നത്. എക്സൈസിന് തോൽപ്പെട്ടി, ബാവലി, മുത്തങ്ങ എന്നിങ്ങനെ മൂന്നു റേഞ്ച് ഓഫിസുകളാണുള്ളത്. ജീവനക്കാർക്ക് ഡിപ്പാർട്ട്മെൻറ് വർക്കുകൾ ഭാഗിച്ച് നൽകിയാൽ ഫീൽഡിലിറങ്ങാൻ ആളെ തികയാത്ത അവസ്ഥയാണ്.
• കുട്ടികളേ ലഹരി വലയിൽ കുടുങ്ങരുത്
മുമ്പ് യുവാക്കളെ തേടിയാണ് മയക്കുമരുന്നു മാഫിയകൾ ഇറങ്ങിയിരുന്നെങ്കിൽ നിലവിൽ സ്കൂൾകുട്ടികളെ വരെ ഇരകളാക്കുന്ന അവസ്ഥയാണ്.
പല നിറത്തിൽ രൂപത്തിൽ നിറങ്ങളിൽ കുട്ടികളെ ആകർഷിക്കുന്ന രീതിയിലാണ് ഡ്രഗ്സുകൾ എത്തുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ച് പ്രത്യേക ബോധവത്കരണ പരിപാടികൾ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നുണ്ട്.
സ്കൂളുകളിൽ ലഹരിവിരുദ്ധ ക്ലബുകൾ, ജാഗ്രത സമിതികൾ തുടങ്ങിയവ രൂപവത്കരിക്കുകയും എക്സൈസ് പൊലീസ് വകുപ്പുകളുമായി സഹകരിച്ചു ഇക്കാര്യത്തിൽ ഇടപെടലുകളും നടത്തുന്നുണ്ടെങ്കിലും വഴിതെറ്റുന്ന കുട്ടികൾ ഏറെയാണ്. രക്ഷിതാക്കളുടെ കൃത്യമായ ഇടപെടലാണ് വേണ്ടത്.
• രക്ഷിതാക്കൾ ജാഗ്രത പാലിക്കുക
• കുഞ്ഞുങ്ങള്‍ക്ക് എന്തു കാര്യവും രക്ഷിതാക്കളോട് തുറന്ന് സംസാരിക്കാന്‍ കഴിയണം. വീടുകളിൽ അതിനുള്ള സാഹചര്യം ഒരുക്കണം.
• മദ്യത്തിന്റെയും മയക്കുമരുന്നുകളുടെയും ദൂഷ്യവശങ്ങളെക്കുറിച്ച് കുട്ടികള്‍ക്ക് വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുക.
• മൂല്യങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുന്ന വ്യക്തിത്വം കുട്ടികളില്‍ വളര്‍ത്തിക്കൊണ്ടു വരുവാന്‍ ശ്രമിക്കുക.
• മദ്യം, മയക്കുമരുന്ന്, പുകവലി എന്നിവയില്‍പ്പെടാതെ സ്വയം കുട്ടികള്‍ക്ക് മാതൃക കാണിക്കുക.
• ക്രിയാത്മകവും ആരോഗ്യകരവുമായ പ്രവര്‍ത്തികളിലേര്‍പ്പെടാന്‍ കുട്ടികളെ സഹായിക്കുക.
• കുട്ടികളുടെ സുഹൃത്തുക്കളാരെന്നും അവരുടെ ജീവിതസാഹചര്യങ്ങളെന്തൊക്കെയെന്നും മനസ്സിലാക്കുക.
• കുട്ടികളുടെ കൂട്ടുകാരുടെ വീട്ടില്‍ പോകുകയും അവരുടെ രക്ഷിതാക്കളെയും മറ്റും പരിചയപ്പെടുകയും ചെയ്യുക, നമ്മുടെ കുട്ടികള്‍ സുഹൃദ്ബന്ധങ്ങളിലൂടെ തെറ്റുന്നത് ഒഴിവാക്കാന്‍ സഹായിക്കും.
• പ്രശ്നങ്ങളെന്തെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണയുണ്ടായിരിക്കുക
കൽപറ്റ: ഓണാഘോഷത്തോടനുബന്ധിച്ച് അബ്കാരി, എൻ.ഡി.പി.എസ് മേഖലയിൽ ഉണ്ടാകാൻ ഇടയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിന് എക്സൈസ് വകുപ്പ് കൺട്രോൾ റൂം തുറന്നു.
പരാതികളും വിവരങ്ങളും അറിയിക്കാൻ: എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കൽപറ്റ-9400069663, 04936202219. കൽപറ്റ എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ -9400069668, 04936208230.
സുൽത്താൻ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ: 9400069665, 04936248190.
സുൽത്താൻ ബത്തേരി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ: 9400069669, 04936227227.
അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ: 9496499741.
മാനന്തവാടി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ: 9400069667, 04935240012.
മാനന്തവാടി എക്സൈസ് റെയ്ഞ്ച് ഇൻസ്പെക്ടർ: 9400069670, 04935293923.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.